News - 2025
കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്നുള്ള സര്‍ക്കാര്‍ സമ്മര്‍ദ്ധത്തിനെതിരെ ഓസ്ട്രേലിയന്‍ സഭ
സ്വന്തം ലേഖകന്‍ 12-06-2018 - Tuesday
കാന്‍ബറ: ഓസ്ട്രേലിയയിലെ കത്തോലിക്ക വൈദികരെ കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാന്‍ നിര്‍ബന്ധിതരാക്കുന്ന തരത്തിലുള്ള നിയമഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സഭാനേതൃത്വം. മതസ്വാതന്ത്ര്യത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള നിയമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കാന്‍ബറ, ഗൗള്‍ബേണ്‍ എന്നിവിടങ്ങളിലെ മെത്രാപ്പോലീത്തയായ ക്രിസ്റ്റഫര്‍ പ്രോസേ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. കുമ്പസാര രഹസ്യങ്ങള്‍ പുറത്തുപറയില്ലെന്ന ദിവ്യ പ്രതിജ്ഞ എടുത്തിട്ടുള്ളവരാണ് കത്തോലിക്കാ വൈദികരെന്ന് ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റഫര്‍ പ്രോസേ പറഞ്ഞു.
കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കുവാന്‍ പറ്റിയില്ലെങ്കില്‍, തങ്ങളുടെ പാപഭാരമിറക്കിവെക്കുവാനും, പുരോഹിതന്റെ സന്മാര്‍ഗ്ഗപരമായ ഉപദേശങ്ങള്‍ കേള്‍ക്കുവാനും ദൈവത്തിന്റെ കരുണാമയമായ ക്ഷമക്കുമായി ആരെങ്കിലും പുരോഹിതരെ സമീപിക്കുമോ? ഇക്കഴിഞ്ഞ ജൂണ്‍ 6-ന് ‘ദി കാന്‍ബറ ടൈംസ്’ല്‍ എഴുതിയ ലേഖനത്തില്‍ മെത്രാപ്പോലീത്ത കുറിച്ചു. കുട്ടികളുടെ സുരക്ഷക്കായി യാതൊന്നും ചെയ്യാതെ മതപരമായ കാര്യങ്ങളില്‍ വിദഗ്ദരെന്ന് നടിച്ചു കൊണ്ട് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കുമ്പസാരമെന്ന കൂദാശയില്‍ മാറ്റം വരുത്തുവാന്‍ ശ്രമിക്കുകയാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
കുമ്പസാര രഹസ്യം വെളിപ്പെടുത്തിയാല്‍ കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ കുറവുണ്ടാവുകയില്ല. കത്തോലിക്കാ സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇപ്പോള്‍ നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് കുമ്പസാര രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നതു കൊണ്ട് യാതൊരു ഗുണവും ലഭിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ 7നാണ് കാന്‍ബറ ഉള്‍പ്പെടുന്ന ഓസ്ട്രേലിയന്‍ കാപ്പിറ്റല്‍ ടെറിട്ടറി, കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളും ലൈംഗീകാക്രമങ്ങണളും 30 ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാരിനെ അറിയിക്കണമെന്ന് അനുശാസിക്കുന്ന നിയമഭേദഗതിക്ക് വോട്ടെടുപ്പിലൂടെ അംഗീകാരം നല്‍കിയത്. കത്തോലിക്കാ സ്ഥാപനങ്ങളിലും ഇത്തരം ബാലപീഡനങ്ങള്‍ നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാണിച്ച് കുമ്പസാര രഹസ്യം പുറത്തു വിടണമെന്നാണ് അധികൃതര്‍ പറയുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 31-ഓടെ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് സൂചനയെങ്കിലും ശക്തമായ പ്രതിഷേധവുമായി നീങ്ങുവാനാണ് സഭയുടെ തീരുമാനം.