News - 2025
"ലോകകപ്പിനിടയില്‍ 7 രാജ്യങ്ങളിലെ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാമോ?"; അഭ്യര്‍ത്ഥനയുമായി ഓപ്പണ്‍ ഡോര്‍സ്
സ്വന്തം ലേഖകന്‍ 15-06-2018 - Friday
മോസ്ക്കോ: ലോകകപ്പ് ഫുട്ബോള്‍ ജ്വരത്തില്‍ ആയിരിക്കുന്ന ആഗോള സമൂഹത്തോട് ശ്രദ്ധേയമായ അഭ്യര്‍ത്ഥനയുമായി ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സ്. സൗദി അറേബ്യ, ഇറാന്‍, ഈജിപ്ത്, നൈജീരിയ, ടുണീഷ്യ, മെക്സിക്കോ, കൊളംബിയ എന്നീ 7 രാഷ്ട്രങ്ങള്‍ ലോകകപ്പില്‍ കളിക്കുമ്പോള്‍ ഈ രാഷ്ട്രങ്ങളില്‍ ക്രൂരമായ രീതിയില്‍ മതപീഡനത്തിരയാകുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനാണ് ഓപ്പണ്‍ ഡോര്‍സ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
‘പ്രേ വൈല്‍ ദേ പ്ലേ’ എന്നാണ് നവീനമായ പ്രാര്‍ത്ഥനാപദ്ധതിക്കു ഓപ്പണ്‍ ഡോര്‍സ് പേര് നല്‍കിയിരിക്കുന്നത്. വ്യാപകമായ രീതിയില്‍ മതപീഡനത്തിന് ഇരകളാകുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കളി കാണുന്നവര്‍ക്ക് പ്രചോദനം നല്‍കുകയാണ് സംഘടനയുടെ ലക്ഷ്യം. പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്നതിനായി ‘പ്രേ വൈല്‍ ദേ പ്ലേ’ എന്ന ആപ്ലിക്കേഷനും ഓപ്പണ്‍ ഡോഴ്സ് തയ്യാറാക്കിയിട്ടുണ്ട്. സൗദി അറേബ്യ, ഇറാന്‍, ഈജിപ്ത്, നൈജീരിയ, ടുണീഷ്യ, മെക്സിക്കോ, കൊളംബിയ രാഷ്ട്രങ്ങളില്‍ ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന അനീതി, പീഡനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ആപ്പില്‍ ലഭ്യമാണ്.
രാഷ്ട്രത്തിന്റെ വിവരങ്ങളും പ്രാര്‍ത്ഥനയും കാര്‍ഡ് രൂപത്തില്‍ തയാറാക്കിയിട്ടുണ്ട്. ‘ഓപ്പണ്‍ ഡോഴ്സ്’ തയ്യാറാക്കിയ ലോകത്ത് ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന 50 രാജ്യങ്ങളുടെ പട്ടികയായ ‘വേള്‍ഡ് വാച്ച് ലിസ്റ്റി’ല്‍ ഉള്‍പ്പെടുന്നവയാണ് 7 രാഷ്ട്രങ്ങളും. പ്രസ്തുത രാഷ്ട്രങ്ങളില്‍ ക്രിസ്ത്യാനികള്‍ അതീവ വേദനാജനകമായ രീതിയില്‍ തിരസ്കരണവും, ഒറ്റപ്പെടുത്തലും, അവകാശ-സ്വാതന്ത്ര്യ ലംഘനവും, അക്രമവും നേരിടേണ്ടി വരുന്നുണ്ടെന്ന് ‘ഓപ്പണ്‍ ഡോഴ്സ്’ പറയുന്നു.
രണ്ടാം തരം പൗരന്‍മാരേപ്പോലെയാണ് ഏഴു രാജ്യങ്ങളിലും ക്രിസ്ത്യാനികളെ പരിഗണിക്കുന്നതെന്ന് ഓപ്പണ്‍ ഡോര്‍സിന്റെ യുവജനവിഭാഗം തലവനായ പീറ്റര്‍ ഹോപ്പര്‍ വ്യക്തമാക്കി. ഏഴു രാഷ്ട്രങ്ങളും ലോകകപ്പില്‍ കളിക്കുമ്പോള്‍ ഒരേമനസോടെ അവിടത്തെ പീഡനമനുഭവിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്‍ ഹോപ്പര്‍ അഭ്യര്‍ത്ഥിച്ചു.