News - 2025

കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കൊല; പത്താം വാർഷികാചരണം ആഗസ്റ്റ് 25ന്

സ്വന്തം ലേഖകന്‍ 16-06-2018 - Saturday

ഭുവനേശ്വർ: ഒഡീഷയിലെ കന്ധമാലില്‍ നടന്ന ക്രൈസ്തവ കൂട്ടക്കൊലയുടെ പത്താം വാർഷിക സ്മരണാചരണം ആഗസ്റ്റ് 25നു നടക്കും. അന്നേ ദിവസം വിവിധ സഭാദ്ധ്യക്ഷന്‍മാരുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന അനുസ്മരണ ദിവ്യബലിയിൽ കാണ്ഡമാല്‍ രക്തസാക്ഷികളെ ഭാരത സഭ ആദരിക്കും. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കുന്ന ദിവ്യബലി, തലസ്ഥാന നഗരിയിലെ സെന്‍റ് ജോസഫ് സ്കൂൾ ഗ്രൗണ്ടിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഭാരതത്തിലെ കത്തോലിക്ക മെത്രാൻ സമിതി നേതൃത്വം കന്ധമാല്‍ അനുസ്മരണത്തിൽ പങ്കെടുക്കും.

കട്ടക്ക് - ഭുവനേശ്വർ ആർച്ച് ബിഷപ്പ് ജോൺ ബർവ പരിപാടിയ്ക്ക് മുഖ്യ നേതൃത്വം വഹിക്കും. കന്ധമാലിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും പൗരോഹിത്യത്തിലേക്കും സന്യാസത്തിലേക്കും പ്രവേശിച്ച യുവജനങ്ങൾ ഒഡീഷയിലെ സഭയുടെ നവീകരണത്തിനും വിശ്വാസ വളർച്ചയ്ക്കും ഒപ്പം സമൂഹത്തിന്റെയും നന്മയ്ക്കായും പ്രവർത്തിക്കാൻ പ്രത്യേക പ്രാർത്ഥന ആവശ്യമാണെന്നും ആർച്ച് ബിഷപ്പ് ബർവ പറഞ്ഞു.

Must Read: ‍ കന്ധമാലിലെ നിരപരാധികളായ ക്രൈസ്തവരുടെ മോചനം; ഒപ്പ് രേഖപ്പെടുത്തിയവരുടെ എണ്ണം പതിനായിരമായി

ദൈവീക സാന്നിദ്ധ്യമാണ് മത പീഡനങ്ങളെ അതിജീവിക്കാൻ ശക്തി നല്കിയതെന്നും ഒഡിഷയിലെ ക്രൈസ്തവ സഭകളുടെ മേൽ പരിശുദ്ധാത്മാവിന്റെ അഭിഷേകം വഴി വിശ്വാസത്തിൽ കൂടുതലായി ആഴപ്പെടട്ടെയെന്നും ബിഷപ്പ് ജൂണ്‍ മാസത്തെ സർക്കുലറിൽ രേഖപ്പെടുത്തി. 2008-ല്‍ ഒഡിഷയിലെ കന്ധമാല്‍ ജില്ലയിൽ നടന്ന ക്രൈസ്തവ വിരുദ്ധ കലാപം ഇന്നും ആയിരങ്ങളുടെ മനസ്സില്‍ കയ്പേറിയ ഓർമ്മകളാണ്.

മാസങ്ങളോളം നീണ്ടു നിന്ന ക്രൈസ്തവ നരഹത്യയിൽ നൂറ് കണക്കിന് വിശ്വാസികൾ വധിക്കപ്പെട്ടു. ആയിരകണക്കിന് ഭവനങ്ങളും നൂറ് കണക്കിന് ദേവാലയങ്ങളും നാശനഷ്ടത്തിനിരയായി. അര ലക്ഷത്തോളം സാധാരണക്കാരായ ആളുകളാണ് ഭവനരഹിതരായത്. തീവ്ര ഹൈന്ദവ വര്‍ഗ്ഗീയവാദികള്‍ അഴിച്ചു വിട്ട ആക്രമത്തില്‍ കന്യാസ്ത്രീ അടക്കം നിരവധി ക്രിസ്ത്യന്‍ വനിതകള്‍ മാനഭംഗത്തിനിരയായിരിന്നു.

More Archives >>

Page 1 of 329