News - 2025
അമേരിക്ക കണ്ടെത്തിയ കൊളംബസിന്റെ കത്ത് വീണ്ടും വത്തിക്കാനില്‍
സ്വന്തം ലേഖകന്‍ 16-06-2018 - Saturday
വത്തിക്കാന്‍ സിറ്റി: അമേരിക്ക ഭൂഖണ്ഡം കണ്ടെത്തിയതു സംബന്ധിച്ച ചരിത്ര പര്യവേഷകന്‍ ക്രിസ്റ്റഫര്‍ കൊളംബസിന്‍റെ കത്ത്, യുഎസ് ആഭ്യന്തര-സുരക്ഷാ വിഭാഗം വത്തിക്കാനു കൈമാറി. ജൂണ്‍ 14 വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ അംഗീകൃത വാര്‍ത്താ ഏജന്‍സികളുടെ സാന്നിധ്യത്തില്‍ നടന്ന സമ്മേളനത്തില്‍ വത്തിക്കാനിലേയ്ക്കുള്ള അമേരിക്കന്‍ അംബാസിഡര്‍ കാലിസ്റ്റ ജിൻഗ്രിച്ചാണ് കൊളംമ്പസ് എഴുതിയ കത്തിന്‍റെ അസ്സല്‍ വത്തിക്കാന്‍ ഗ്രന്ഥാലയത്തിന്‍റെ പ്രീഫെക്ട് ചെസാരെ പസീനിക്ക് കൈമാറിയത്.
1493-ല്‍ അമേരിക്ക കണ്ടുപിടുത്തെക്കുറിച്ച് സ്പാനിഷ് രാജാവ് ഫെര്‍ഡിനാന്‍റിനും രാജ്ഞി ഇസബെല്ലയ്ക്കുമായി ക്രിസ്റ്റഫര്‍ കൊളംബസ് എഴുതിയ കത്ത് വത്തിക്കാന്‍ ഗ്രന്ഥാലയത്തില്‍ സൂക്ഷിച്ചിരിന്നു. എന്നാല്‍ 1921-ല്‍ കത്ത് എങ്ങനെയോ നഷ്ട്ടപ്പെടുകയായിരിന്നു. ഇതിനിടെ കൊളംബസ് സ്പാനിഷില്‍ എഴുതിയ കത്ത് ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തി പകര്‍പ്പുകള്‍ മൂലരചനയെന്ന വ്യാജേന യൂറോപ്പില്‍ വ്യാപകമായി കച്ചവടം ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അമൂല്യരചനകളുടെ വില്പന നടത്തുന്ന അറ്റ്ലാന്‍റ സ്വദേശി റോബര്‍ട് പാഴ്സന്‍റെ കൈവശം അമേരിക്ക ഭൂഖണ്ഡത്തിന്റെ ചരിത്രം പറയുന്ന കൊളംമ്പസിന്‍റെ മൂലരചന ലഭിച്ചു. തുടര്‍ന്നു പാര്‍സന്‍റെ ഭാര്യ മേരി കത്ത് സൗജന്യമായി അമേരിക്കന്‍ ആഭ്യന്തര വിഭാഗത്തിന് നല്‍കുകയായിരിന്നു.