News - 2025

ഗര്‍ഭഛിദ്ര കൊലപാതകത്തിന് അനുമതി നല്‍കാന്‍ അര്‍ജന്‍റീനയും

സ്വന്തം ലേഖകന്‍ 20-06-2018 - Wednesday

ബ്യൂണസ് അയേഴ്സ്: പതിനാല് ആഴ്ച വരെയുള്ള ഗര്‍ഭസ്ഥ ശിശുക്കളെ അബോര്‍ഷന്‍ ചെയ്യുന്നതിന് അനുമതി നല്‍കികൊണ്ടുള്ള ബില്‍ അര്‍ജന്റീനയുടെ കോണ്‍ഗ്രസിന്റെ അധോസഭ പാസ്സാക്കി. 23 മണിക്കൂറുകളോളം നീണ്ട ചര്‍ച്ചക്കൊടുവില്‍ നടന്ന വോട്ടെടുപ്പില്‍ 125 നെതിരെ 129 വോട്ടുകള്‍ക്കാണ് 'ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ്' ബില്‍ പാസ്സാക്കിയത്. അര്‍ജന്റീനയുടെ ഉപരിസഭയും ഈ ബില്‍ പാസ്സാക്കുകയാണെങ്കില്‍ ഇത് നിയമമാകും.അര്‍ജന്റീനയിലെ നിലവിലെ അബോര്‍ഷന്‍ നിയമമനുസരിച്ച് ഗര്‍ഭാവസ്ഥ മൂലം അമ്മയുടെ ജീവന് ഭീഷണിയാവുകയോ, അല്ലെങ്കില്‍ ബലാല്‍സംഘം നടക്കുകയോ ചെയ്താല്‍ മാത്രമായിരിന്നു അബോര്‍ഷനു അനുമതി ഉണ്ടായിരിന്നത്.

എന്നാല്‍ പുതിയ നിയമം പാസ്സാകുകയാണെങ്കില്‍ ഗര്‍ഭധാരണത്തിനു ശേഷം പതിനാല് ആഴ്ചകള്‍ വരെ പ്രായമായ ഗര്‍ഭസ്ഥ ശിശുക്കളെ ഇല്ലാതാക്കുവാന്‍ നിയമാനുമതി ലഭിക്കും. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അനുമതി കൂടാതെ ഗര്‍ഭഛിദ്രം ചെയ്യാനും നിയമം ശുപാര്‍ശ ചെയ്യുന്നുണ്ട്. ഏറെ വേദനയുളവാക്കുന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് അര്‍ജന്റീനയിലെ മെത്രാന്‍ സമിതി പ്രതികരിച്ചു. നിഷ്കളങ്കരായ കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്നതിലുള്ള സങ്കടം ശക്തമായ പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് കാരണമാകണമെന്ന് മെത്രാന്‍ സമിതി പറഞ്ഞു. നടപടിക്കെതിരെ അര്‍ജന്റീനയിലെ പ്രോലൈഫ് സംഘടനയായ 'യുനിഡാഡ് പ്രൊവീഡ'യും രംഗത്തെത്തിയിട്ടുണ്ട്.

തെറ്റ് തിരുത്തുവാനുള്ള അവസരം സെനറ്റിനുണ്ടെന്നു സംഘടന ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ മാസം അയര്‍ലണ്ടില്‍ സംഭവിച്ചതിനു സമാനമായ രംഗങ്ങള്‍ക്കാണ് അര്‍ജന്റീനയും കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. പ്രസിഡന്റ് മൗറീസിയോ മാക്രിക്ക് വീറ്റോ പവറുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ ഇരുസഭകളും ബില്‍ പാസ്സാക്കുകയാണെങ്കില്‍ തന്റെ വീറ്റോ അധികാരം ഉപയോഗിക്കുകയില്ലെന്ന് യക്തമാക്കിയിട്ടുണ്ട്. ജനിക്കുവാനിരിക്കുന്ന നിഷ്കളങ്കരായ കുട്ടികളുടെ ജീവനുവേണ്ടി നിലകൊള്ളണമെന്ന് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സ്വന്തം നാടായ അര്‍ജന്‍റീനക്ക് എഴുതിയ കത്തില്‍ ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥിച്ചിരുന്നു.

More Archives >>

Page 1 of 331