News - 2025

ക്രൈസ്തവ നരഹത്യ; ഫിലിപ്പീന്‍സ് ദേവാലയങ്ങളിൽ മണി മുഴങ്ങും

സ്വന്തം ലേഖകന്‍ 18-06-2018 - Monday

മനില: കത്തോലിക്ക വൈദികര്‍ക്കും ക്രൈസ്തവ സമൂഹത്തിനും എതിരെയുള്ള വ്യാപക അക്രമങ്ങളില്‍ ദുഃഖം പ്രകടിപ്പിച്ച് ഫിലിപ്പീന്‍സ് ദേവാലയങ്ങളില്‍ തുടര്‍ച്ചയായി മണി മുഴക്കും. ജൂണ്‍ 29 വരെയുള്ള തീയതികളില്‍ വൈകുന്നേരം എട്ട് മണിക്ക് പതിനഞ്ച് മിനിട്ട് നേരം മണിമുഴക്കാനാണ് കുബാവോ ബിഷപ്പ് ഹോണെസ്റ്റോ ഓംഗ്തിയോകോ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഏഴ് മാസത്തിനിടയിൽ മൂന്ന് വൈദികരാണ് ഫിലിപ്പീന്‍സില്‍ വധിക്കപ്പെട്ടത്. ഈ മാസം ദിവ്യബലിക്ക് തൊട്ട് മുന്‍പ് കൊല്ലപ്പെട്ട ഫാ.റിച്ച്മോണ്ട് നിലോ, ഫാ. മാർക്ക് ആന്‍റണി വെന്റുര, ഫാ.മാർസലിറ്റോ പയസ് എന്നീ വൈദികരുടെ കൊലപാതകവും മറ്റൊരു വൈദികന് വെടിയേറ്റ സംഭവവും വിശ്വാസികളെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

വൈദിക സേവനത്തിനിടയിൽ മരണമടഞ്ഞവർ രക്തസാക്ഷികളാണെന്നും കത്തോലിക്ക സമൂഹത്തിന് മാതൃകയാണെന്നും കുബാവോ ബിഷപ്പ് ജൂൺ പതിനാറിന് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. പീഡനങ്ങൾക്കിടയിലും സുവിശേഷ പ്രഘോഷണം ശക്തിപ്പെടുത്താനാണ് രൂപതയുടെ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. വൈദികരുടെ മരണത്തിൽ അധികൃതർ നീതി ലഭ്യമാക്കണം. ഇത്തരം സംഭവങ്ങളിൽ മൗനം അവലംബിക്കരുതെന്നും കൂടുതൽ അനിഷ്ഠ സംഭവങ്ങൾ ഒഴിവാക്കാൻ ശബ്ദമുയർത്തണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. ദേവാലയങ്ങളിൽ മണി മുഴക്കാനും ജൂൺ 28ന് എല്ലാ ദേവാലയങ്ങളിലും ഒരു മണിക്കൂർ ദിവ്യകാരുണ്യ ആരാധന നടത്താനും ബിഷപ്പ് നിർദ്ദേശം നല്കി.

അതേസമയം, വൈദികർക്ക് സ്വയരക്ഷാർത്ഥം തോക്ക് നല്‍കുക എന്ന നിർദ്ദേശത്തെ സഭ മേലദ്ധ്യക്ഷന്മാർ തള്ളി. യേശുവിന്റെ അനുയായികളെന്ന നിലയിൽ സ്നേഹത്തിന്റെ പാതയിൽ ശുശ്രൂഷ ചെയ്യാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവരെന്നും വാള്‍ അതിന്റെ ഉറയില്‍ ഇടാനാണ് യേശു പത്രോസിനോട് പറഞ്ഞെതെന്നും ലിങ്കായൻ - ഡുഗുപ്പൻ ആർച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലേഗാസ് സ്മരിച്ചു. ദൈവ ശുശ്രൂഷയിൽ ഉണ്ടാകുന്ന ആപത്തുകളെ ധീരതയോടെ നേരിടണമെന്നും തോക്ക് കൈവശം വെയ്ക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതായും ഫിലിപ്പീന്‍സ് കത്തോലിക്ക മെത്രാൻ സമിതി അദ്ധ്യക്ഷനും ദാവോ ആർച്ച് ബിഷപ്പുമായ റോമുലോ വാലസ് പ്രതികരിച്ചു.

More Archives >>

Page 1 of 330