News - 2025
റോമന്‍ കൂരിയ നവീകരണം; കരടുരൂപത്തിന് കര്‍ദ്ദിനാളുമാരുടെ അംഗീകാരം
സ്വന്തം ലേഖകന്‍ 16-06-2018 - Saturday
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ ഭരണ സംവിധാനമായ റോമന്‍ കൂരിയയുടെ പുതിയ അപ്പസ്തോലിക ഭരണഘടനയുടെ ആദ്യ കരടുരൂപത്തിന് കര്‍ദ്ദിനാള്‍ സമിതി അംഗീകാരം നല്‍കി. ജൂണ്‍ 11-13 തിയതികളിലായി നടന്ന അവസാനവട്ട യോഗത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ ഉപദേശക സമിതിയായ 9 കര്‍ദ്ദിനാള്‍മാര്‍ അടങ്ങുന്ന C-9 എന്ന സമിതിയാണ് കരടു രേഖക്ക് അംഗീകാരം നല്‍കി മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചത്. പുതിയ ഭരണഘടനക്ക് പുറമേ സാമ്പത്തിക പരിഷ്കരണ രേഖകളും കര്‍ദ്ദിനാള്‍ സമിതിയുടെ പരിഗണനയില്‍ എത്തിയിട്ടുണ്ട്.
വത്തിക്കാന്‍ മ്യൂസിയം, പൂന്തോട്ടം എന്നിവയുടെ ചുമതലയുള്ള വത്തിക്കാന്‍ കൗണ്‍സില്‍ ഓഫ് എക്കണോമിയുടെ സെക്രട്ടറിയായ മോണ്‍സിഞ്ഞോര്‍ ബ്രയാന്‍ ഫെര്‍മെയാണ് സാമ്പത്തിക പരിഷ്കാരങ്ങളുടെ നിജസ്ഥിതിയെക്കുറിച്ചുള്ള രേഖകള്‍ കര്‍ദ്ദിനാള്‍ സമിതിക്ക് മുന്‍പാകെ സമര്‍പ്പിച്ചത്. വസ്തുവകകളുടെ പാഴാക്കല്‍, സുതാര്യത, വിശ്വാസ്യത എന്നിവക്കാണ് സാമ്പത്തിക പരിഷ്കാര നടപടികളില്‍ അദ്ദേഹം പ്രാധാന്യം നല്‍കിയിരിക്കുന്നത്. ബജറ്റിനും, അവസാന ബാലന്‍സ് ഷീറ്റിനും പ്രത്യേക നടപടിക്രമങ്ങള്‍ തന്നെ അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.
അതേസമയം ‘പ്രേഡിക്കേറ്റ് ഇവാഞ്ചലിയം’ (സുവിശേഷം പ്രഘോഷിക്കുക) എന്ന താല്‍ക്കാലിക തലക്കെട്ടോടെ പുറത്തിറങ്ങിയ പുതിയ ഭരണഘടന പ്രാബല്യത്തില്‍ വരുന്നതോടെ 1988-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ‘പാസ്റ്റര്‍ ബോണസ്’ എന്ന ഭരണഘടന അപ്രസക്തമാകും. ഇതിനിടെ പുതിയ ഭരണഘടനയുടെ തലക്കെട്ടും ഉള്ളടക്കവും മാറ്റങ്ങള്‍ക്ക് വിധേയമാണെന്ന് വത്തിക്കാന്‍ ഔദ്യോഗിക വക്താവായ ഗ്രെഗ് ബര്‍ക്ക് വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 10-12 തീയതികളിലായി ബാള്‍ട്ടിക് രാഷ്ട്രങ്ങള്‍ മാര്‍പാപ്പ സന്ദര്‍ശിക്കുന്നതിന് മുന്‍പായി 'സി9' കര്‍ദ്ദിനാള്‍മാരുടെ അടുത്ത യോഗം നടക്കും. ഇതില്‍ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.