News - 2025
കന്യാസ്ത്രീയെ നാടുകടത്താനുള്ള തീരുമാനം ഫിലിപ്പീന്‍സ് പിന്‍വലിച്ചു
സ്വന്തം ലേഖകന്‍ 20-06-2018 - Wednesday
മനില: മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ ജാഥയില്‍ പങ്കെടുത്തതിന്റെ പേരില്‍ രാജ്യം വിട്ടുപോകുവാന്‍ ഫിലിപ്പീന്‍സ് ഭരണകൂടം നേരത്തെ നിര്‍ദ്ദേശം നല്‍കിയ ഓസ്ട്രേലിയന്‍ മിഷ്ണറി സിസ്റ്റര്‍ പട്രീഷ്യ ഫോക്സിന് രാജ്യത്തു തുടരാന്‍ അനുമതി. കന്യാസ്ത്രീയെ നാടുകടത്താൻ നടത്തിയ നീക്കം അധികൃതർ ജൂൺ പതിനെട്ടിന് പുറപ്പെടുവിച്ച ഉത്തരവില്‍ റദ്ദാക്കുകയായിരിന്നു. മൂന്ന് ദശാബ്ദത്തോളം പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച സിസ്റ്ററിന്റെ പ്രവർത്തനം രാജ്യത്തു തുടരാൻ അനുവദിച്ചതിനെ ഏറെ സന്തോഷത്തോടെയാണ് കത്തോലിക്ക സഭ സ്വാഗതം ചെയ്തത്.
ഫിലിപ്പീൻസിൽ മിഷൻ പ്രവർത്തനവുമായി നിയോഗിക്കപ്പെട്ട സഭയുടെ ദൗത്യം നിർവഹിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് സിസ്റ്റേഴ്സ് ഓഫ് ഔര്‍ ലേഡി ഓഫ് സിയോന്‍ സന്യാസിനീ സഭയുടെ സുപ്പീരിയര്‍ കൂടിയായ സിസ്റ്റര്‍ പട്രീഷ്യ പറഞ്ഞു. ഗ്രാമീണ പ്രദേശങ്ങളിലെ ജനങ്ങൾക്കായി പ്രവർത്തിക്കാൻ തുടർന്നും ജീവിതം മാറ്റിവെക്കുമെന്നും എഴുപത്തിയൊന്ന് വയസ്സുള്ള സിസ്റ്റര്‍ പട്രീഷ്യ വ്യക്തമാക്കി. ഫിലിപ്പീൻസിലെ റൂറൽ മിഷനറി പ്രവർത്തനങ്ങളുടെ ദേശീയ കോർഡിനേറ്ററായ സിസ്റ്റര്‍ ഏലനിറ്റ ബല്ലാർഡോയും സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു.
കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധ റാലികളില്‍ പങ്കെടുത്തുവെന്ന കാരണത്താല്‍ ഏപ്രില്‍ 16-നാണ് ഫിലിപ്പീന്‍സ് ഇമ്മിഗ്രേഷന്‍ ബ്യൂറോ സിസ്റ്റര്‍ പട്രീഷ്യയെ അറസ്റ്റ് ചെയ്യുന്നത്. തൊട്ടടുത്ത ദിവസം വിട്ടയക്കുകയും ചെയ്തു. പിന്നീട് ഏപ്രില്‍ 25-ന് ഇമ്മിഗ്രേഷന്‍ ബ്യൂറോ സിസ്റ്റര്‍ പട്രീഷ്യയുടെ മിഷ്ണറി വിസ റദ്ദാക്കുകയും, 30 ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യം വിടാന്‍ ആവശ്യപ്പെടുകയുമായിരിന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യമെമ്പാടും നടന്നത്. സിസ്റ്റര്‍ ഫോക്സിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മെത്രാന്മാർ, വൈദികർ, സന്യസ്തർ, സാമൂഹിക പ്രവർത്തകരും അടക്കം ആയിരകണക്കിന് ആളുകള്‍ പരസ്യമായി രംഗത്ത് വന്നിരിന്നു.