News

യെമന്‍ ജനതക്കായി പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥനയുമായി സലേഷ്യന്‍ വൈദികന്‍

സ്വന്തം ലേഖകന്‍ 21-06-2018 - Thursday

ബെംഗളൂരു: യെമനില്‍ യുദ്ധക്കെടുതികൾ നേരിടുന്ന ജനങ്ങൾക്കായി മാര്‍പാപ്പയോടൊപ്പം പ്രത്യേകം പ്രാർത്ഥിക്കണമെന്ന് യെമനിൽ ഫാ. ടോം ഉഴുന്നാലിനൊപ്പം ശുശ്രൂഷ ചെയ്തിരുന്ന സലേഷ്യന്‍ വൈദികന്‍ ഫാ. ജോർജ് മുട്ടത്തുപറമ്പിലിന്റെ അഭ്യര്‍ത്ഥന. സലേഷ്യൻ സഭയുടെ ബെംഗളൂരു പ്രോവിന്‍ഷ്യാളായ ഫാ. ജോർജ്, ഏഷ്യ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് യെമനിലെ ഭീകരമായ യുദ്ധക്കെടുതികള്‍ അനുസ്മരിച്ചു പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടത്.

രാജ്യത്തു സമാധാനം സ്ഥാപിക്കപ്പെടുവാന്‍ ജൂൺ 23നു ദിവ്യബലിയർപ്പണവും ആരാധനയും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അരക്ഷിതാവസ്ഥ നേരിടുന്ന യെമനില്‍ നിന്നും 2016 മാർച്ചിൽ മിഷൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം വീണ്ടും യെമൻ ജനതയുടെ സേവനത്തിന് തിരികെ പോകാന്‍ സന്നദ്ധത അറിയിച്ചു.



അനാവശ്യമായ യുദ്ധത്തിലൂടെ നിഷ്കളങ്കരായ ജനങ്ങളാണ് യെമനില്‍ ദുരിതമനുഭവിക്കുന്നത്. ഭക്ഷണം, വെള്ളം, മരുന്ന് എന്നീ അവശ്യ സാധനങ്ങളുടെ അഭാവം മൂലം സ്ഥിതിഗതികൾ രൂക്ഷമായി വരുന്ന സാഹചര്യമാണ് യെമനിലേത്. രാജ്യത്തെ സന, ടയസ്, ഹോഡായി, ഏഡൻ ഇടവകകളിലെ ജനങ്ങൾ സുരക്ഷിതരല്ല. പതിനായിരങ്ങളാണ് ഇക്കാലയളവില്‍ കൊല്ലപ്പെട്ടത്. ദൈവിക ഇടപെടൽ വഴി രാജ്യത്ത് സമാധാനവും നീതിയും സ്ഥാപിതമാകാന്‍ പാപ്പയോടും ബിഷപ്പ് പോള്‍ ഹിന്‍ററിനൊപ്പം പ്രാര്‍ത്ഥിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ് മാർപാപ്പയും ഇന്നലെ തെക്കൻ അറേബ്യൻ അപ്പസ്തോലിക വികാരി മോൺ.പോൾ ഹിന്ററും യെമനില്‍ സമാധാനം സംജാതമാകുവാന്‍ പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്തിരിന്നു. 2010 മുതൽ 2016 വരെ മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളിലാണ് ഫാ. മുട്ടത്തുപറമ്പില്‍ ശുശ്രൂഷ ചെയ്തത്. അദ്ദേഹം ടയസ് ദേവാലയത്തിൽ സേവനമനുഷ്ഠിക്കുമ്പോഴാണ് 2016 മാർച്ച് നാലിന് ഏഡനിലെ മദർ തെരേസ സന്യാസി സമൂഹത്തിലെ നാലോളം കന്യാസ്ത്രീകളെയും പന്ത്രണ്ട് അന്തേവാസികളെയും കൊലപ്പെടുത്തി ഫാ.ടോം ഉഴുന്നാലിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത്.

More Archives >>

Page 1 of 331