News - 2025

വൈദികരുടെയും വിശ്വാസികളുടെയും സുരക്ഷക്കു മാർഗ്ഗരേഖയുമായി മെക്സിക്കൻ മെത്രാൻ സമിതി

സ്വന്തം ലേഖകന്‍ 22-06-2018 - Friday

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയില്‍ കത്തോലിക്ക വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി മെക്സിക്കൻ മെത്രാൻ സമിതി. വൈദികരുടെയും, സന്യസ്തരുടേയും വിശ്വാസികളുടെയും സുരക്ഷയ്ക്കായുള്ള മാനദണ്ഡങ്ങളാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് ദേശീയ മെത്രാൻ സമിതി ജനറൽ സെക്രട്ടറി ബിഷപ്പ് അൽഫോൻസോ മിറാണ്ട ഗാർഡിയോള പറഞ്ഞു.

ഇടയ സന്ദർശനവേളയിലും വിദൂരങ്ങളിൽ ദിവ്യബലി അർപ്പിക്കുമ്പോഴും സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും മാർഗ്ഗരേഖയിൽ ഉൾപ്പെടും. യാത്രയിലും, പണം പിൻവലിക്കുമ്പോഴും, ബന്ധനത്തിലായാലും, കൊള്ളയടിക്കപ്പെട്ടാലും എന്തൊക്കെ ചെയ്യണമെന്ന നിർദ്ദേശങ്ങൾ രേഖയില്‍ വ്യക്തമായി വിവരിക്കുന്നു. അപരിചിത പ്രദേശങ്ങളിലേക്ക് പോകും മുൻപ് പ്രദേശത്തെ കുറിച്ച് വ്യക്തമായ ധാരണ മനസ്സിലാക്കാനും ഉചിതമായ സമയം യാത്രയ്ക്ക് കണ്ടെത്തണമെന്നും രേഖയില്‍ നിര്‍ദ്ദേശമുണ്ട്. ദേവാലയങ്ങളിലും സഭാ സ്ഥാപനങ്ങളിലും പാലിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങളും മാർഗ്ഗരേഖയില്‍ ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തിന്റെ ആവശ്യമാണ് മാർഗ്ഗരേഖയെന്ന് കത്തോലിക്ക മൾട്ടിമീഡിയ സെന്‍റർ ഡയറക്ടർ ഫാ.ഒമർ സോറ്റല്ലോ പ്രസ്താവിച്ചു. സമൂഹത്തെയാകെ ഭീതിയിലാഴ്ത്തി ഭീകരവാദം മെക്സിക്കോയിൽ പടരുകയാണ്. രാജ്യ സുരക്ഷയ്ക്കായി അധികൃതർ നടപ്പിലാക്കേണ്ട വിവിധ നിർദ്ദേശങ്ങള്‍ രേഖയിലുണ്ട്. മനുഷ്യത്വരഹിതമായി പെരുമാറുന്ന തീവ്രവാദികളുടെ ചിന്താഗതി മാറ്റുക എളുപ്പമല്ലെന്നും ശത്രുവിനെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന സുവിശേഷം ജനങ്ങളിൽ പ്രഘോഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ അരക്ഷിതാവസ്ഥ കണക്കിലെടുത്ത് സാമൂഹ്യ മേഖലയിൽ സേവനമനുഷ്ഠിക്കുന്നവരുടെ സുരക്ഷയും മാർഗ്ഗരേഖയിൽ പ്രത്യേകം പ്രതിപാദിക്കുന്നതായി ബിഷപ്പ് മിറാണ്ട പറഞ്ഞു. രാജ്യത്തെ ഓരോ പൗരന്മാരുടെയും ജീവൻ അമൂല്യമാണെന്ന് മെത്രാൻ സമിതി എക്സിക്യൂട്ടിവ് സെക്രട്ടറി ഫാ.റോഗല്ലിയോ നർവേസ് മാർട്ടിൻസ് വ്യക്തമാക്കി. പ്രകൃതിദുരന്തങ്ങളെ നേരിടാൻ സഹായിക്കുന്ന നിർദ്ദേശങ്ങളും പ്രസിദ്ധീകരിച്ച മാർഗ്ഗരേഖയില്‍ ഉണ്ടെന്നത് എല്ലാവര്‍ക്കും സഹായകരമാണെന്ന്‍ മൊറേലിയ ആർച്ച് ബിഷപ്പ് കാർലോസ് ഗർഫിയാസ് മെർലോസ് വിശദീകരിച്ചു. 'അടിസ്ഥാന ദേവാലയ സുരക്ഷ നടപടികൾ' എന്ന രേഖ ജൂൺ പത്തൊൻപതിന് പ്രസ്സ് കോൺഫറൻസിലാണ് പ്രകാശനം ചെയ്തത്.

More Archives >>

Page 1 of 331