News
അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് കത്തോലിക്ക സഭ
സ്വന്തം ലേഖകന്‍ 22-06-2018 - Friday
വാഷിംഗ്‌ടണ്‍ ഡി.സി: കഴിഞ്ഞ മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്കിടെ അമേരിക്ക സ്വീകരിച്ച അഭയാര്‍ത്ഥികളില്‍ മൂന്നിലൊരു ഭാഗത്തേയും പുനരധിവസിപ്പിച്ചത് കത്തോലിക്കാ സഭയെന്നു പഠനഫലം. ‘ദി സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ സ്റ്റഡീസ്’ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. സര്‍ക്കാര്‍ സംവിധാനങ്ങളെ ഏകോപിപ്പിച്ച് ഇവരില്‍ ഭൂരിഭാഗം പേരേയും ഫലപ്രദമായി പൊതുസമൂഹത്തിലേക്ക് സന്നിവേശിപ്പിക്കുവാനും സഭക്ക് കഴിഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നൂറിലധികം ഇടവകതലത്തിലുള്ള കാര്യാലയങ്ങള്‍ വഴിയായി ഓരോ വര്‍ഷവും അമേരിക്കയില്‍ എത്തുന്ന അഭയാര്‍ത്ഥികളില്‍ 30 ശതമാനത്തോളം പേരെ പുനരധിവസിപ്പിക്കുവാന്‍ അമേരിക്കയിലെ മെത്രാന്‍സമിതിയുടെ കീഴിലുള്ള മൈഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജി സര്‍വീസസിന് കഴിഞ്ഞിട്ടുണ്ട്.
1987 മുതല്‍ 2016 വരെ അമേരിക്കയില്‍ പുനരധിവസിപ്പിക്കപ്പെട്ട 11 ലക്ഷത്തോളം അഭയാര്‍ത്ഥികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ‘ദി സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ സ്റ്റഡീസ്’ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. യുക്രൈന്‍, ഇറാഖ്, വിയറ്റ്‌നാം, സൊമാലിയ, ബോസ്നിയ, ബര്‍മ്മ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗം അഭയാര്‍ത്ഥികളും. ഒന്നുമില്ലായ്മയില്‍ നിന്നും വന്ന അഭയാര്‍ത്ഥികള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും അമേരിക്കന്‍ സമൂഹവുമായി ഇഴുകി ചേര്‍ന്നു കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചിട്ടുള്ള ഡൊണാള്‍ഡ് കെര്‍വിന്‍ ജൂണ്‍ 20-ന് ലോക അഭയാര്‍ത്ഥി ദിനത്തില്‍ കാപ്പിറ്റോള്‍ ബില്‍ഡിംഗില്‍ വച്ച് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
2017-ല്‍ കത്തോലിക്ക സന്നദ്ധ സംഘടനകള്‍ വഴി പുനരധിവസിപ്പിക്കപ്പെട്ട അഭയാര്‍ത്ഥികളില്‍ 90 ശതമാനത്തിലധികവും കഴിഞ്ഞ 6 മാസങ്ങള്‍ക്കുള്ളില്‍ സ്വയം പര്യാപ്തത നേടിക്കഴിഞ്ഞുവെന്ന്‍ അറ്റ്ലാന്റയിലെ ‘റെഫ്യൂജി സര്‍വീസസ് ഓഫ് കാത്തലിക് ചാരിറ്റി’യുടെ സീനിയര്‍ ഡയറക്ടറായ ഫ്രാന്‍സെസ് മക്ബ്രെയറും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അറ്റ്ലാന്റ കാത്തലിക് ചാരിറ്റീസിന്റെ 874-ഓളം സന്നദ്ധ പ്രവര്‍ത്തകരാണ് കഴിഞ്ഞ വര്‍ഷം അഭയാര്‍ത്ഥികള്‍ക്കിടയില്‍ സേവനം ചെയ്തതെന്ന് മക്ബ്രെയര്‍ പറയുന്നു. അഭയാര്‍ത്ഥികളെ ഇംഗ്ലീഷ് പഠിപ്പിക്കുവാനും, ജോലിക്ക് വേണ്ട അപേക്ഷകള്‍ തയ്യാറാക്കുവാനും ഇടവക വോളണ്ടിയര്‍മാരും രംഗത്തുണ്ട്.
വിയറ്റ്നാം യുദ്ധത്തോടനുബന്ധിച്ച് വിശ്വാസ സംഘടനകളുടെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പിന്നാലെയാണ് അമേരിക്കന്‍ അഭയാര്‍ത്ഥി നയം രൂപംകൊണ്ടത്. 1980-ല്‍ റെഫ്യൂജി ആക്റ്റ് എന്ന പേരില്‍ നിയമം അമേരിക്കയില്‍ പ്രാബല്യത്തില്‍ വരികയായിരിന്നു. ഇതിനുമുന്‍പും കത്തോലിക്കാ സഭ അഭയാര്‍ത്ഥികളെ സഹായിച്ചിരുന്നുവെന്നതിന് തെളിവുകളുണ്ട്. 1930-കളുടെ അവസാനം മുതല്‍ 1950 വരെ അമേരിക്കയിലെ കത്തോലിക്കാ സഭ അഭയാര്‍ത്ഥികളെ സഹായിച്ചിട്ടുള്ളതായി ചരിത്ര രേഖകളില്‍ കാണാം.