News
ലോകത്ത് ഏറ്റവും കൂടുതല്‍ മതപീഡനത്തിന് ഇരയാകുന്നത് ക്രൈസ്തവര്‍
സ്വന്തം ലേഖകന്‍ 23-06-2018 - Saturday
ന്യൂയോര്‍ക്ക്: ലോകത്ത് ദൈവ വിശ്വാസത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നത് ക്രൈസ്തവരെന്ന് പഠനഫലം. അമേരിക്ക ആസ്ഥാനമായ പ്യൂ റിസേര്‍ച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഗവണ്‍മെന്റോ, രാഷ്ട്രീയ പാര്‍ട്ടികളോ, ദേശീയവാദി സംഘടനകളോ വഴിയായി മതങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന രാജ്യങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ രീതിയില്‍ വര്‍ദ്ധനവുണ്ടായെന്നും പഠനഫലം ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസമാണ് ആഗോളതലത്തില്‍ മതങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങളെക്കുറിച്ച് പ്യൂ റിസേര്‍ച്ച് സെന്റര്‍ നടത്തിയ ഒമ്പതാമത് വാര്‍ഷിക സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവന്നത്.
198 രാജ്യങ്ങളിലായി നടത്തിയ സര്‍വ്വേയില്‍ നിയമങ്ങള്‍, നയങ്ങള്‍, ഉദ്യോഗസ്ഥ നടപടികള്‍ എന്നിവ വഴിയായി മതങ്ങളെ അടിച്ചമര്‍ത്തുന്ന രാജ്യങ്ങളുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ മൂന്ന്‍ ശതമാനം വര്‍ദ്ധിച്ചെന്നു പഠനഫലത്തില്‍ വ്യക്തമായി. 2015-ല്‍ മതസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന രാജ്യങ്ങളുടെ ശതമാനം 25% ആയിരുന്നത് 2016-ല്‍ 28% മായി ഉയര്‍ന്നു. 2013-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തോതാണിത്. 2016-ല്‍ ഏതെങ്കിലും വിധത്തില്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നത് 83 (42%) രാജ്യങ്ങളാണ്. 2015-ല്‍ ഇത് 80 (40%), 2007-ല്‍ 58 (29%)വുമായിരുന്നു.
സ്വകാര്യവ്യക്തികളുടെയും, സംഘടനകളുടെയും സമ്മര്‍ദ്ധത്തില്‍ മതസ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടുന്നതില്‍ മധ്യപൂര്‍വ്വേഷ്യ, വടക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളാണ് മുന്നില്‍ നില്‍ക്കുന്നത്. സര്‍വ്വേ നടത്തിയ പത്തിലൊന്നു (11%) രാജ്യങ്ങളില്‍ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളോ, അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥവൃന്ദമോ ആണ് മതങ്ങളെ പീഡിപ്പിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. 2015-ല്‍ ഇത് 6% മാത്രമായിരുന്നു. വിവിധ മത വിഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെയാണ് ആക്രമണം വര്‍ദ്ധിച്ചുവരുന്നത്.
ദേശീയവാദികള്‍ നേതൃത്വത്തില്‍ മതങ്ങള്‍ക്ക് പീഡനങ്ങള്‍ നേരിടേണ്ടി വരുന്ന രാജ്യങ്ങളുടെ എണ്ണവും 2016-ല്‍ കൂടുതലാണ്. 2016-ല്‍ സംഘടിതരായ ദേശീയവാദി സംഘടനകള്‍ ചില മതങ്ങളുടെ പിന്തുണയോടെ 77രാജ്യങ്ങളിലാണ് ആക്രമണം അഴിച്ചുവിട്ടത്. 2015-ല്‍ ഇത് 72 രാജ്യങ്ങളില്‍ മാത്രമായിരിന്നു. ഏഷ്യ പസഫിക് മേഖലയില്‍ ക്രൈസ്തവര്‍ രൂക്ഷമായ രീതിയില്‍ അടിച്ചമര്‍ത്തലിന് വിധേയരാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മതസ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്ന രാജ്യങ്ങളില്‍ ഭാരതം പ്രത്യേകം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.