News - 2025
തീവ്ര ഹൈന്ദവ സംഘടനകളുടെ ഭീഷണി; ചെന്നൈയില്‍ ബൈബിൾ പഠന ക്ലാസ് റദ്ദാക്കി
സ്വന്തം ലേഖകന്‍ 23-06-2018 - Saturday
ചെന്നൈ: തീവ്ര ഹൈന്ദവ സംഘടനകളുടെ ഭീഷണിയെ തുടർന്ന് തമിഴ്നാട്ടിൽ ക്രൈസ്തവ വിദ്യാർത്ഥികളുടെ അവധിക്കാല ബൈബിൾ ക്ലാസ് റദ്ദാക്കി. തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിൽ സംഘടിപ്പിച്ച ബൈബിൾ പഠന ക്ലാസ്സാണ് ബിജെപി അനുകൂലികളായ തീവ്ര ഹൈന്ദവ സംഘടനകള്‍ ചേർന്ന് തടഞ്ഞത്. കഴിഞ്ഞ മാസം പലവന്താനം ഗ്രാമത്തിലെ പെന്തക്കുസ്ത ആരാധനാലയത്തിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകർ അമ്പതോളം വിദ്യാർത്ഥികളുടെ ബൈബിൾ ക്ലാസ്സ് തടസ്സപ്പെടുത്തുകയായിരുന്നു.
അമ്പതു വർഷത്തിലധികമായി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തി വരുന്ന പരിപാടിയാണ് വെക്കേഷന്‍ ബൈബിൾ സ്കൂൾ. പന്ത്രണ്ടിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി ഒരാഴ്ച ദൈര്‍ഖ്യമുള്ള ബൈബിൾ പഠന ക്ലാസ്സ് ഒരുക്കിയിരുന്നത്. വളര്‍ന്ന് വരുന്ന ചെറു തലമുറയിലും അസഹിഷ്ണുതയുടെ മനോഭാവം വളര്‍ത്താന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന്‍ പെന്തക്കൊസ്ത് സിനഡ് എക്സിക്യൂട്ടീവ് ഡയറക്ടർ നെഹമിയ ക്രിസ്റ്റി പറഞ്ഞു.
വര്‍ഗ്ഗീയവാദം രാജ്യത്ത് വ്യാപകമായ സാഹചര്യമാണെന്നും ന്യൂനപക്ഷങ്ങൾക്കെതിരെ ഭരണകൂടം നിയമങ്ങൾ കർശനമാക്കുകയാണെന്നും ക്രിസ്റ്റി കൂട്ടിച്ചേർത്തു. ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് സംഘടന പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലൂടെയാണ് വാര്‍ത്ത പുറംലോകം അറിഞ്ഞത്. ഭാരതത്തില്‍ മതസ്വാതന്ത്ര്യം ഏറ്റവും കഠിനമായ രീതിയില്‍ അടിച്ചമര്‍ത്തുകയാണെന്ന പ്യൂ റിസേര്‍ച്ച് ഗവേഷണ ഫലത്തിനെ ശരിവക്കുന്നതാണ് ക്രൈസ്തവര്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍.