News - 2025

ക്ഷമയുടെ പര്യായമായി ഫിലിപ്പീന്‍സ് സഭ; പ്രസിഡന്റിന് പാപ്പ ദിനാഘോഷത്തിലേക്ക് ക്ഷണം

സ്വന്തം ലേഖകന്‍ 28-06-2018 - Thursday

മനില: നിന്ദനത്തെ സ്നേഹം കൊണ്ട് നേരിട്ടു ഫിലിപ്പീന്‍സ് സഭാനേതൃത്വം മാതൃകയാകുന്നു. കത്തോലിക്ക വിശ്വാസത്തെ രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ച ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റോഡ്രിഗോ ഡൂട്ടെര്‍ട്ടിനു വിശുദ്ധ പത്രോസിന്റെ ഓര്‍മ്മാചരണ ദിനമായ 'പാപ്പാ ദിന' ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ പ്രത്യേകം ക്ഷണം നല്‍കികൊണ്ടാണ് സഭാനേതൃത്വം സ്നേഹത്തിന്റെ അധ്യായം രചിക്കുന്നത്. ഫിലിപ്പീന്‍സിലെ വത്തിക്കാന്‍ പ്രതിനിധി ഗബ്രിയേലെ ജിയോര്‍ദാനോ കാസ്സിയാ മെത്രാപ്പോലീത്തയാണ് നാളെ (ജൂണ്‍ 29) വെള്ളിയാഴ്ച തന്റെ ഔദ്യോഗിക വസതിയില്‍ നടക്കുന്ന പാപ്പാ ദിനാഘോഷത്തിലേക്ക് പ്രസിഡന്റിനെ പ്രത്യേകം ക്ഷണിച്ചത്.

സമീപകാലത്ത് കത്തോലിക്കാ വിശ്വാസത്തേയും, വിശുദ്ധ ഗ്രന്ഥത്തേയും പരിഹസിച്ചുകൊണ്ട് ഡൂട്ടെര്‍ട്ടെ നടത്തിയ പ്രസംഗം വലിയ വിമര്‍ശനത്തിനു കാരണമായിരുന്നു. തുടര്‍ന്നു പ്രസിഡന്‍റിന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ വിവിധ മെത്രാന്‍മാര്‍ ആഹ്വാനം ചെയ്തിരിന്നു. ഇതിന് പിന്നാലെയാണ് ദുഃഖകരമായ പരാമര്‍ശങ്ങളെ മറന്ന്‍ 'പാപ്പ ദിനാ'ഘോഷത്തില്‍ പങ്കെടുക്കുവാന്‍ പ്രസിഡന്‍റിന് പ്രത്യേക ക്ഷണ കത്ത് സഭാനേതൃത്വം കൈമാറിയത്. ഇ‌ഡി‌എസ്‌എ പീപ്പിള്‍ പവര്‍ കമ്മീഷനിലെ ബോയ്‌ സേക്കോണ്‍ ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ന്യൂണ്‍ഷ്യോയുടെ ക്ഷണം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറിന്‍ അഫയേഴ്സിന് കൈമാറിയിട്ടുണ്ടെന്ന് സേക്കോണിന്റെ പ്രഖ്യാപനത്തെ സ്ഥിരീകരിച്ചുകൊണ്ട് പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവായ ഹാരി റോക്യു പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ പ്രസിഡന്റിന് പാപ്പാ ദിനാഘോഷത്തില്‍ പങ്കെടുക്കുവാന്‍ കഴിയുമോ എന്നതില്‍ സ്ഥിരീകരണമില്ല. പ്രസിഡന്റിന് പങ്കെടുക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധികളെ അയക്കുവാന്‍ സാധ്യത ഉണ്ടെന്നും അദ്ദേഹം സൂചന നല്‍കി. അതേസമയം കത്തോലിക്കാ സഭയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുവാന്‍ മൂവര്‍ സംഘത്തെ പ്രസിഡന്‍റ് നിയോഗിച്ചിട്ടുണ്ട്. സംഘത്തിന്റെ ആദ്യ കൂടിക്കാഴ്ച കഴിഞ്ഞ ദിവസം ഒര്‍ട്ടിഗാസിലെ ഗ്രീന്‍ ഹില്‍സ് ക്രിസ്റ്റ്യന്‍ ഫെല്ലോഷിപ്പിന്റെ ആസ്ഥാനത്ത് നടന്നിരിന്നു.

More Archives >>

Page 1 of 334