News
ക്രൈസ്തവരെ സംരക്ഷിക്കുവാന്‍ പ്രത്യേക പരിഗണന; നയം ആവര്‍ത്തിച്ച് ഹംഗറി
സ്വന്തം ലേഖകന്‍ 30-06-2018 - Saturday
ബുഡാപെസ്റ്റ്: മതപീഡനത്തിനിരയാകുന്ന ക്രൈസ്തവരെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ടെന്നും അതിനായി തങ്ങള്‍ പ്രത്യേക പരിഗണന നല്‍കുമെന്നും ഹംഗറിയുടെ വിദേശകാര്യ- വാണിജ്യ വകുപ്പ് മന്ത്രി പീറ്റര്‍ സിജ്ജാര്‍ട്ടിന്റെ വാഗ്ദാനം. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'ബ്രെറ്റ്ബാര്‍ട്സി'നു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സിജ്ജാര്‍ട്ടോ ഇക്കാര്യം പറഞ്ഞത്. “ഹംഗറി ഒരു ക്രിസ്ത്യന്‍ രാജ്യമാണ്. അതിനാല്‍ ലോകത്താകമാനമുള്ള ക്രൈസ്തവ സഹോദരീ-സഹോദരന്‍മാരെ സഹായിക്കുന്നതിനുള്ള ഒരു പ്രത്യേക ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ട്. നമ്മള്‍ അവരെ സംരക്ഷിച്ചില്ലെങ്കില്‍ ആര് അവരെ സഹായിക്കും? നമ്മള്‍ അവര്‍ക്ക് വേണ്ടി സംസാരിച്ചില്ലെങ്കില്‍ ആര് അവര്‍ക്ക് വേണ്ടി സംസാരിക്കും?” സിജ്ജാര്‍ട്ടോ അഭിമുഖത്തില്‍ ചോദിച്ചു.
ലോകത്ത് മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന അഞ്ച് പേരില്‍ ഒരാള്‍ ക്രിസ്ത്യാനിയാണെന്ന് സിജ്ജാര്‍ട്ടോ വെളിപ്പെടുത്തി. ആഗോളതലത്തില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കായി ഹ്യൂമന്‍ കപ്പാസിറ്റി മന്ത്രാലയത്തിന്റെ കീഴില്‍ പ്രത്യേക വിഭാഗത്തിനു തന്നെ തങ്ങള്‍ രൂപം നല്‍കിയിട്ടുണ്ടെന്നും സിജ്ജാര്‍ട്ടോ വ്യക്തമാക്കി. പീഡനത്തിന് ഇരകളാകുന്ന ക്രൈസ്തവരെ സാമ്പത്തികമായി സഹായിക്കുമെന്നും കുഞ്ഞുങ്ങള്‍ക്കായി സ്കൂളുകള്‍ സ്ഥാപിക്കുമെന്നും അവരുടെ ചികിത്സാ ചിലവുകള്‍ വഹിക്കുമെന്നും വിവേചനം നേരിടുന്ന ക്രൈസ്തവര്‍ക്കായി ഭവനങ്ങള്‍ പുനര്‍നിര്‍മ്മിക്കുമെന്നും മന്ത്രി വാഗ്ദാനം ചെയ്തു.
അഭിമുഖത്തിനിടെ മധ്യപൂര്‍വ്വേഷ്യയില്‍ പീഡനമനുഭവിക്കുന്ന ക്രൈസ്തവരെ സഹായിക്കുന്നതില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ യൂറോപ്യന്‍ യൂണിയന്‍ കാണിക്കുന്ന നിസംഗതയില്‍ സിജ്ജാര്‍ട്ടോ ആശങ്ക പ്രകടിപ്പിച്ചു. യൂറോപ്പിലെ വിദേശകാര്യമന്ത്രികളുടെ കൂടിക്കാഴ്ചകളിലെല്ലാം തന്നെ താന്‍ മധ്യപൂര്‍വ്വേഷ്യയില്‍ സഹനമനുഭവിക്കുന്ന ക്രിസ്ത്യാനികളുടെ കാര്യം ഉന്നയിക്കുമ്പോള്‍ മറ്റുള്ളവര്‍ അവിടെയുള്ള ഇതര മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന കാര്യമാണ് സംസാരിക്കുന്നതെന്നു അദ്ദേഹം വെളിപ്പെടുത്തി.
ആഗോളതലത്തില്‍ പീഡനങ്ങള്‍ക്കു ഇരയാകുന്ന ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥനെ ഹംഗറി നിയമിച്ചിട്ടുണ്ടെന്ന യുഎസ് അംബാസഡറായ ലസ്ലോ സാബോയുടെ പ്രഖ്യാപനത്തെ സിജ്ജാര്‍ട്ടോ അഭിമുഖത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഏതാണ്ട് 215 ലക്ഷത്തോളം ക്രൈസ്തവരാണ് വിശ്വാസത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം പീഡിപ്പിക്കപ്പെട്ടതെന്ന് ഓപ്പണ്‍ഡോഴ്സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 3,066 പേരാണ് കൊല്ലപ്പെട്ടത്, 1,020 സ്ത്രീകള്‍ മാനഭംഗത്തിനിരയായി.
ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നിശബ്ദത തുടരുമ്പോഴും ക്രൈസ്തവര്‍ക്കായി ശബ്ദമുയര്‍ത്തികൊണ്ട് ഹംഗറി അടക്കമുള്ള ഏതാനും രാഷ്ട്രങ്ങള്‍ മുന്നോട്ട് വരുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് വിശ്വാസികള്‍ നോക്കികാണുന്നത്. ക്രൈസ്തവരുടെ സംരക്ഷണവും യൂറോപ്പിനെ ക്രിസ്തീയ മൂല്യങ്ങളിലേക്ക് മടക്കികൊണ്ടുവരികയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍ നേരത്തെ വ്യക്തമാക്കിയിരിന്നു.