News - 2025

വിശ്വാസ തീക്ഷ്ണതയില്‍ ജ്വലിച്ച് ഉസ്ബെക്കിസ്ഥാൻ കത്തോലിക്ക സമൂഹം

സ്വന്തം ലേഖകന്‍ 30-06-2018 - Saturday

താഷ്കന്റ്: വൈദികരുടെ കുറവുണ്ടെങ്കിലും വിശ്വാസ തീക്ഷ്ണതയില്‍ ജ്വലിച്ച് ഉസ്ബെക്കിസ്ഥാൻ കത്തോലിക്ക സമൂഹം വളർച്ചയുടെ പാതയിൽ. മൂന്ന് ദിവസത്തെ പ്രാർത്ഥന ശുശ്രൂഷകളും വിശ്വാസ പരിശീലനവുമടങ്ങുന്ന ഉസ്ബെക്കിസ്ഥാൻ കത്തോലിക്ക ദിനവും ഏറ്റവും വിപുലമായ രീതിയിലാണ് കഴിഞ്ഞ ദിവസം ആചരിച്ചത്. രാജ്യത്തെ അഞ്ച് ഇടവകകളിൽ നിന്നുമുള്ള നൂറുകണക്കിന് പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയത്. ഇതേ ദിവസം തന്നെ ഒൻപത് പേർ സ്ഥൈര്യലേപനം സ്വീകരിച്ചു വിശ്വാസം സ്ഥിരീകരിച്ചു. 'ക്രൈസ്തവ ദൈവവിളി' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ക്ലാസുകളിലും പ്രാര്‍ത്ഥനാശുശ്രൂഷകളിലും വിശ്വാസികളുടെ സജീവ പങ്കാളിത്തമാണുണ്ടായിരിന്നതെന്ന് 'ഫിഡ്സ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

വിശ്വാസികളുടെ കൂട്ടായ പങ്കാളിത്തം സഭയുടെ ശുശ്രൂഷകളെ കൂടുതല്‍ അർത്ഥപൂർണമാക്കുന്നതായി ഉസ്ബെക്കിസ്ഥാൻ കത്തോലിക്ക സമൂഹത്തിന്റെ അപ്പസ്തോലിക അദ്ധ്യക്ഷനായ ഫാ. ജെർസി മക്കുലെവിക്സ് അഭിപ്രായപ്പെട്ടു. ശുശ്രൂഷകൾക്ക് ടർക്ക്മെനിസ്ഥാൻ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ ഫാ. ആന്റർസജ് മഡേജ് നേതൃത്വം നൽകി. യുവജനങ്ങളിൽ വിശുദ്ധരുടെ സ്വാധീനം വളർത്തിയെടുക്കാൻ ഇത്തരം പരിപാടികള്‍ ഉപകരിക്കുമെന്നു അദ്ദേഹം പറഞ്ഞു. വിശ്വാസത്തിൽ ആഴപ്പെടാനുള്ള പ്രാർത്ഥനാ ശുശ്രുഷകളെ കുറിച്ചും ഇടവക തലത്തില്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ഫാ.ആന്റർസജ് വിശ്വാസികള്‍ക്ക് ക്ലാസുകള്‍ നല്‍കി.

പ്രമുഖ നഗരങ്ങളായ താഷ്കന്റ്, സമർക്കന്റ്, ബുഖറ, ഉർഗഞ്ച്, ഫെർഗാന എന്നിവിടങ്ങളിലെ അഞ്ച് ഇടവകകളിൽ മൂവായിരത്തിലധികം വിശ്വാസികളാണ് ഉസ്ബെക്കിസ്ഥാനിലുള്ളത്. എന്നാൽ നാല് വൈദികരാണ് അഞ്ച് ഇടവകകളിലുമായി സേവനമനുഷ്ഠിക്കുന്നത്. 1997 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ സ്ഥാപിച്ച മിസിയോ സൂയി ഇയൂറിസാണ് രാജ്യത്തെ അപ്പസ്തോലിക കാര്യാലയമായി പ്രവര്‍ത്തിക്കുന്നത്. എണ്ണത്തില്‍ കുറവുണ്ടെങ്കിലും ക്രിസ്തുവിന് സാക്ഷ്യം വഹിച്ചു വിശ്വാസ തീക്ഷ്ണതയില്‍ ജീവിക്കുകയാണ് ഉസ്ബെക്കിസ്ഥാന്‍ കത്തോലിക്ക സമൂഹം. മുസ്ളിം രാഷ്ട്രമായ ഉസ്ബെക്കിസ്ഥാനിൽ എട്ട് ശതമാനത്തോളം ഓര്‍ത്തഡോക്സ് വിശ്വാസികളുമുണ്ട്.

More Archives >>

Page 1 of 334