News - 2025
“അവര്‍ ഞങ്ങളെ കൊന്നൊടുക്കുന്നതിന് മുന്‍പായി എന്തെങ്കിലും ചെയ്യൂ”: കന്യാസ്ത്രീ എഴുതിയ കത്ത് ചര്‍ച്ചയാകുന്നു
സ്വന്തം ലേഖകന്‍ 20-07-2018 - Friday
മാഡ്രിഡ്: നിക്കരാഗ്വയിലെ നിഷ്കളങ്കരായ ജനങ്ങളെ ഭരണകൂടം കൊന്നൊടുക്കുന്നതിനു മുന്‍പായി രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങളെ മാറ്റി നിര്‍ത്തി ക്രിയാത്മകമായ നടപടികള്‍ ആവശ്യപ്പെട്ട് കത്തോലിക്കാ കന്യാസ്ത്രീ എഴുതിയ തുറന്ന കത്ത് ചര്‍ച്ചയാകുന്നു. സ്പെയിനില്‍ താമസിക്കുന്ന നിക്കരാഗ്വ സ്വദേശിയായ സിസ്റ്റര്‍ സിസ്ക്യാ വല്ലാഡാരെസ് ലോക രാഷ്ട്രത്തലവന്‍മാര്‍ക്കും ഭരണകൂടങ്ങള്‍ക്കുമായി എഴുതിയ ബ്ലോഗ് സമൂഹമാധ്യമങ്ങളിലൂടെ നിരവധി രാഷ്ട്രത്തലവന്‍മാര്‍ക്ക് ടാഗ് ചെയ്യപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. “ഞാനൊരു കത്തോലിക്കാ കന്യാസ്ത്രീ മാത്രമാണ്. ഇതെഴുതുവാന്‍ എന്നോട് ആരും ആവശ്യപ്പെട്ടതല്ല. പക്ഷേ ഈ കൂട്ടക്കൊലക്ക് ഒരു മൂകസാക്ഷിയാകുവാന്‍ എനിക്ക് കഴിയുകയില്ല” എന്ന് കുറിച്ചുകൊണ്ടാണ് സിസ്റ്റര്‍ സിസ്ക്യായുടെ തുറന്ന കത്ത് ആരംഭിക്കുന്നത്.
ഇത് ആശയപരമോ, രാഷ്ട്രീയപരമോ, വിശ്വാസപരമോ ആയ പ്രശ്നമല്ലെന്നും, മനുഷ്യത്വത്തെ സംബംന്ധിക്കുന്ന കാര്യമാണെന്നും സിസ്റ്റര്‍ എഴുതിയിരിക്കുന്നു. "ലോകത്തെ നന്നാക്കുവാനാണ് നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നിക്കരാഗ്വയിലെ ജനങ്ങള്‍ക്ക് നിങ്ങളെ ആവശ്യമുണ്ട്. അവര്‍ ഞങ്ങളെ മുഴുവന്‍ കൊന്നോടുക്കുന്നതിനു മുന്‍പ് ദയവായി എന്തെങ്കിലും ചെയ്യൂ”. വെറും 60 ലക്ഷം ജനങ്ങള്‍ മാത്രമുള്ള ഒരു ചെറിയ രാജ്യമായതിനാലും, തങ്ങള്‍ക്ക് എണ്ണയില്‍ നിന്നുള്ള വരുമാനമൊന്നുമില്ലാത്തതിനാലും ഞങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമൊന്നും കാണുകയില്ലെങ്കിലും, മൂല്യബോധവും, ധൈര്യവുമുള്ളവരോട് താന്‍ അപേക്ഷിക്കുകയാണെന്നും സിസ്റ്റര്‍ കത്തില്‍ കുറിച്ചിട്ടുണ്ട്.
നിക്കരാഗ്വയിലെ പ്രസിഡന്റായ ഡാനിയല്‍ ഒര്‍ട്ടേഗയുടെ പോലീസും, അര്‍ദ്ധസൈനീക വിഭാഗവും കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തോടെ ആളുകളെ കൊന്നൊടുക്കുകയാണ്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ വെടിവെക്കുന്നു. ദേവാലയങ്ങള്‍ നശിപ്പിക്കുന്നു. സൈനീകമായ നടപടിയല്ല ഞാന്‍ ആവശ്യപ്പെടുന്നതെന്നും, നയതന്ത്രപരമായ സമ്മര്‍ദ്ദമാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും, ഡാനിയല്‍ ഒര്‍ട്ടേഗയുടെ മേല്‍ അന്താരാഷ്‌ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദം അത്യാവശ്യമായതിനാലാണ് താന്‍ ഇതെഴുതുന്നതെന്നും പറഞ്ഞുകൊണ്ടാണ് സിസ്റ്റര്‍ സിസ്ക്യാ വല്ലാഡാരെസ് തന്റെ തുറന്ന കത്ത് അവസാനിപ്പിക്കുന്നത്.
സിസ്റ്റര്‍ സിസ്ക്യാക്ക് ട്വിറ്ററില്‍ 46,000 ഫോളോവേഴ്സും, ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമായി അയ്യായിരത്തിലധികം സുഹൃത്തുക്കളും, യുട്യൂബിലും, ലിങ്ക്ഡിന്നിലുമായി പന്ത്രണ്ടു ലക്ഷത്തോളം സബ്സ്ക്രൈബേഴ്സുമുണ്ട്. സോഷ്യല്‍ മീഡിയായില്‍ ഉണ്ടാകുന്ന ചര്‍ച്ച നിക്കരാഗ്വയില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ധത്തിന് വഴിവെക്കുമെന്ന പ്രതീക്ഷയിലാണ് സിസ്റ്റര്‍ സിസ്ക്യാ വല്ലാഡാരെസ്. മദ്ധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയില്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമൂഹ്യ സുരക്ഷാ പദ്ധതിയോടുള്ള ജനങ്ങളുടെ എതിര്‍പ്പാണ് പ്രക്ഷോഭമായി മാറിയത്. പോലീസിനേയും അര്‍ദ്ധസൈനികരേയും ഉപയോഗിച്ച് സര്‍ക്കാര്‍ പ്രക്ഷോഭം അടിച്ചമര്‍ത്തുവാന്‍ ശ്രമിച്ചതിന്റെ ഫലമായി നൂറുകണക്കിന് ആളുകളാണ് ഇതിനോടകം കൊല്ലപ്പെട്ടത്.