News - 2025

നൈജീരിയന്‍ ക്രൈസ്തവ കൂട്ടക്കൊല കണ്ടില്ലെന്ന് നടിക്കരുത്: കാന്റര്‍ബറി മെത്രാപ്പോലീത്ത

സ്വന്തം ലേഖകന്‍ 18-07-2018 - Wednesday

ലണ്ടന്‍: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന ക്രൂരമായ അക്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കരുതെന്ന് ആംഗ്ലിക്കന്‍ സഭയിലെ കാന്റര്‍ബറി രൂപതയുടെ മെത്രാപ്പോലീത്ത ജസ്റ്റിന്‍ വെല്‍ബി. യു‌കെയിലെ ഹൗസ് ഓഫ് ലോഡ്സ് പാർലമെന്റിന്റെ ഉപരിസഭയിലെ അംഗമായ ബാരോണസ് കോക്സിന്റെ പ്രസ്താവനക്കുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. നൈജീരിയയിലെ അക്രമങ്ങള്‍ തടയുവാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.

"നൈജീരിയയിലെ സാഹചര്യം വളരെ സങ്കീര്‍ണ്ണമാണെന്ന് മന്ത്രി പറഞ്ഞു, പക്ഷേ നൈജീരിയന്‍ സര്‍ക്കാരിനെ ശക്തിപ്പെടുത്തുവാനും, സുരക്ഷ വര്‍ദ്ധിപ്പിക്കുവാനും യുകെ സര്‍ക്കാരിന് എന്തുചെയ്യുവാന്‍ സാധിക്കുമെന്ന് അവര്‍ പറഞ്ഞിട്ടില്ല". ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി പറഞ്ഞു. യുകെ സര്‍ക്കാരിന്റെ പിന്തുണ നൈജീരിയന്‍ വൈസ് പ്രസിഡന്റ് യെമി ഒസിന്‍ബാജോയെ ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ടെന്നും, നൈജീരിയയെ സഹായിക്കുവാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെന്നുമായിരുന്നു പാര്‍ലമെന്റംഗമായ ബാരോണെസ് ഗോള്‍ഡിയുടെ പ്രതികരണം.

നൈജീരിയായിലെ ഇസ്ളാമിക ഗോത്ര വിഭാഗമായ ഫുലാനി ഹെര്‍ഡ്സ്മാനില്‍ നിന്നും, ഇതര ഇസ്ലാമിക തീവ്രവാദി സംഘടനകളില്‍ നിന്നും കടുത്ത ആക്രമണമാണ് രാജ്യത്തെ ക്രിസ്ത്യാനികള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ചുരുങ്ങിയ മാസത്തിനുള്ളില്‍ നൂറുകണക്കിന് ക്രൈസ്തവ വിശ്വാസികളാണ് നൈജീരിയായില്‍ കൊല്ലപ്പെട്ടത്. ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കാത്തതിന് ഇസ്ളാമിക തീവ്രവാദ സംഘടനയായ ബൊക്കോ ഹറാമിന്റെ തടവില്‍ കഴിയുന്ന ലീ ഷരീബു എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ മോചനത്തിനു വേണ്ടിയുള്ള ആവശ്യവും ആഗോളതലത്തില്‍ ശക്തമാകുകയാണ്. ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇസ്ളാമിക തീവ്രവാദികള്‍ ലീ ഷരീബുവിനെ തടവിലാക്കിയത്. അതേസമയം നൈജീരിയയില്‍ നടക്കുന്ന ക്രൈസ്തവ നരഹത്യയില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ മൌനം തുടരുകയാണ്.

More Archives >>

Page 1 of 341