News - 2025

റഷ്യന്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴം വ്യക്തമാക്കി ബോള്‍ഷേവിക് സ്മരണ

സ്വന്തം ലേഖകന്‍ 20-07-2018 - Friday

മോസ്ക്കോ: നൂറ് വർഷങ്ങള്‍ക്കു മുൻപ് കുപ്രസിദ്ധമായ ബോള്‍ഷേവിക് വിപ്ലവത്തിൽ കൊല്ലപ്പെട്ട അവസാന സാർ ചക്രവർത്തിയുടെ ഒാർമ്മ ആചരണത്തില്‍ പങ്കെടുക്കുവാന്‍ എത്തിയത് ഒരു ലക്ഷത്തോളം വിശ്വാസികള്‍. റഷ്യൻ ഒാർത്തോക്സ് സഭയുടെ തലവൻ പാത്രിയാര്‍ക്കീസ്‌ കിറിലിന്റെയും മറ്റ് സഭാദ്ധ്യക്ഷന്‍മാരുടെയും പിന്നാലെ റഷ്യന്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴം വ്യക്തമാക്കി രാത്രിയില്‍ പതിനായിരങ്ങളാണ് പ്രദിക്ഷണത്തില്‍ ഒരുമിച്ചു കൂടിയത്. 1917 നവംബറിൽ അലക്സാണ്ടർ കെറൻസ്കിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന താത്കാലിക ഗവണ്‍മെന്റിൽ നിന്ന് അധികാരം പിടിച്ചെടുക്കുവാനായി ബോൾഷേവിക്കുകൾ ശ്രമം ആരംഭിച്ചത്. സാർ നിക്കോളാസിനെയും, ഭാര്യയെയും, അഞ്ചു കുട്ടികളെയും ബോള്‍ഷേവിക്കുകൾ വെടിവച്ചു കൊലപ്പടുത്തിയതിന് ശേഷമാണ് റഷ്യ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ കീഴിലാകുന്നത്.

രാജാവിനെയും, കുടുംബാംഗങ്ങളേയും കൊലപ്പടുത്തിയ സ്ഥലത്തുനിന്നും ആരംഭിച്ച പ്രദക്ഷിണം പതിമൂന്നു മെെലുകൾ താണ്ടി രാജകുടുബത്തിന്റെ ഒാർമയ്ക്കായി പണിത ആശ്രമത്തിലാണ് അവസാനിച്ചത്. കയ്പേറിയ അനുഭവത്തിൽ നിന്നും പാഠം ഉൾക്കൊളളണമെന്നും ജീവിതവും, വിശ്വാസവും പാരമ്പര്യവും തകർത്തു കൊണ്ട് പുതിയതും അജ്ഞാതവുമായ ഒരു സന്തോഷം പുൽകാൻ നമ്മളെ ക്ഷണിക്കുന്ന നേതാക്കൻമാരെ ശാശ്വതമായി ചെറുക്കാൻ സാധിക്കണമെന്നും പാത്രിയാര്‍ക്കീസ്‌ കിറിൽ തീർത്ഥാടകര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. റഷ്യന്‍ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രവും ക്രൈസ്തവ വിരോധിയുമായ വ്ലാഡിമിര്‍ ലെനിന്‍ സാര്‍ ചക്രവര്‍ത്തിമാരുടെ പ്രതിനിധികളായിട്ടായിരുന്നു ക്രൈസ്തവ പുരോഹിതരെ കണ്ടിരുന്നത്.

അനേകം ക്രൈസ്തവര്‍ ഇക്കാലയളവില്‍ ദാരുണ മരണത്തിന് ഇരയായി. ഹൃദയഭേദകമായ സഹനങ്ങള്‍ക്കിടയില്‍ വിശ്വാസത്തില്‍ ഉറച്ചുനിന്നു മരണം വരിച്ചതും ആയിരങ്ങളാണ്. ഉപവാസവും, ജപമാലയുമൊക്കെയായി അനേകായിരങ്ങളാണ് തൊഴില്‍ ക്യാമ്പുകളിലും തടവറകളിലും കഴിഞ്ഞത്. അന്നത്തെ സഹനങ്ങള്‍ ഇന്നത്തെ വിശ്വാസമുള്ള റഷ്യയെ പടുത്തുയര്‍ത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. 2017-ല്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം റഷ്യയില്‍ ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിക്കുന്നവരാണ് രാജ്യത്തെ ഭൂരിഭാഗം ആളുകളും. 15% ആളുകള്‍ മാത്രമാണ് രാജ്യത്തു നിരീശ്വരവാദികളായിട്ടുള്ളത്.

More Archives >>

Page 1 of 342