News - 2025

“ഈജിപ്തിലെ ക്രിസ്ത്യന്‍ വനിതകളുടെ ജീവിതം നരകതുല്യം”: ഞെട്ടിക്കുന്ന പ്രസ്താവനയുമായി മാധ്യമ പ്രവര്‍ത്തക

സ്വന്തം ലേഖകന്‍ 21-07-2018 - Saturday

ബ്രൂക്ക്ലിന്‍: ഈജിപ്തിലെ ക്രിസ്ത്യന്‍ വനിതകളുടെ ജീവിതം നരകതുല്യമാണെന്ന ഞെട്ടിക്കുന്ന പ്രസ്താവനയുമായി മാധ്യമ പ്രവര്‍ത്തക രംഗത്ത്. രാജ്യത്തെ ക്രിസ്ത്യന്‍ വനിതകളെ ലൈംഗീക അടിമകളെ പോലെയാണ് അവിടുത്തെ പുരുഷ സമൂഹം കാണുന്നതെന്നും കോപ്റ്റിക് സഭാംഗമായ എന്‍ഗി മഗ്ഡി എന്ന മാധ്യമ പ്രവര്‍ത്തക വെളിപ്പെടുത്തി. ബ്രൂക്ക്ലിന്‍ ആസ്ഥാനമായുള്ള കത്തോലിക്കാ വാര്‍ത്താ വെബ്സൈറ്റായ “ദി ടാബ്ലെറ്റ്‌”നു നല്‍കിയ എഡിറ്റോറിയലിലാണ് ഈജിപ്തിലെ ക്രിസ്ത്യന്‍ വനിതകള്‍ അനുഭവിക്കുന്ന ലൈംഗീകാതിക്രമങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്.

ഈജിപ്തിലെ 99 ശതമാനം സ്ത്രീകളും ഏതെങ്കിലും വിധത്തിലുള്ള ലൈംഗീകാതിക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ടെന്ന ഐക്യരാഷ്ട്ര സഭയുടെ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിക്കൊണ്ട് രാജ്യത്തെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒരു പകര്‍ച്ചവ്യാധി പോലെ പടര്‍ന്നു പിടിച്ചിരിക്കുകയാണെന്നും എന്‍ഗി മഗ്ഡി രേഖപ്പെടുത്തി. സ്ത്രീകളെ പ്രത്യേകിച്ച് ക്രിസ്ത്യന്‍ വനിതകളെ രണ്ടാം തരം പൗരന്‍മാരായിട്ടാണ് ഈജിപ്തില്‍ കണ്ടുവരുന്നത്. ക്രിസ്ത്യന്‍ വനിതകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുകയാണെന്നും എന്‍ഗിയുടെ എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഹിജാബ് ധരിക്കാത്തതിനാല്‍ ക്രിസ്ത്യാനിയാണെന്ന് മനസ്സിലാക്കാന്‍ കഴിയുകയും, തങ്ങളുടെ മതത്തില്‍പ്പെടാത്ത ഇവരെ തങ്ങള്‍ക്ക് എന്തുവേണമെങ്കിലും ചെയ്യാം എന്നാണ് ഈജിപ്തിലെ മുസ്ലിം പുരുഷവര്‍ഗ്ഗത്തിന്റെ പൊതുവായ ധാരണയെന്നും എന്‍ഗി ആരോപിക്കുന്നു. ക്രിസ്ത്യന്‍ വനിതകളെ പ്രണയിച്ച് വിവാഹം ചെയ്യുകയും, ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുകയും ചെയ്‌താല്‍ പ്രതിഫലം ലഭിക്കുമെന്നതുകൊണ്ട് കോപ്റ്റിക് ക്രിസ്ത്യന്‍ വനിതകളെ ഇരകളെപ്പോലെയാണ് ഈജിപ്തിലെ മുസ്ലീം പുരുഷന്‍മാര്‍ കാണുന്നത്. സ്ത്രീകളെ അപമാനിക്കുന്നവരെ സംരക്ഷിക്കുന്ന ഒരു സമൂഹം ഞെട്ടലുളവാക്കുന്നതാണെന്നും എഡിറ്റോറിയലില്‍ പറയുന്നു.

2016-ല്‍ 72 കാരിയായ താബെത്ത് എന്ന ക്രിസ്ത്യന്‍ വനിതയെ നഗ്നയാക്കി റോഡിലൂടെ നടത്തിച്ചവരെ ഇപ്പോഴും പോലീസ് പിടികൂടിയിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് ക്രിസ്ത്യന്‍ സ്ത്രീകളെ ആക്രമിക്കുന്നവരെ സഹായിക്കുന്ന സമീപനമാണ് പോലീസിന്റേതെന്നും എന്‍ഗി ആരോപിക്കുന്നു. എന്‍ഗി മഗ്ഡിയുടെ വെളിപ്പെടുത്തല്‍ ശരിവെക്കും വിധത്തിലുള്ള റിപ്പോര്‍ട്ട് തന്നെയാണ് കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്ര സഭയും പുറത്തുവിട്ടിട്ടുള്ളത്‌. 64 ശതമാനം പുരുഷന്‍മാരും സ്ത്രീകളെ റോഡില്‍ വെച്ച് അപമാനിച്ചിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

More Archives >>

Page 1 of 342