News - 2025

അബോർഷനെ പ്രകീർത്തിച്ച് നെറ്റ്ഫ്ളിക്സിന്റെ ദൈവനിന്ദ; തുറന്ന പ്രതിഷേധവുമായി കത്തോലിക്ക വൈദികന്‍

സ്വന്തം ലേഖകന്‍ 22-07-2018 - Sunday

ന്യൂയോര്‍ക്ക്: പ്രമുഖ ഓൺലൈൻ സ്ട്രീമിങ് സർവീസായ നെറ്റ്ഫ്ളിക്സിൽ അബോർഷനെ പ്രകീർത്തിച്ചുള്ള ദൈവനിന്ദാപരമായ പരമ്പരയ്ക്കെതിരെ പ്രതിഷേധവുമായി കത്തോലിക്ക വൈദികന്‍. നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്യുന്ന "ദി ബ്രേക്ക് വിത്ത് മിച്ചൽ വൂൾഫ്" എന്ന പരമ്പരയിൽ ഈ മാസമാണ് പരിപാടിയുടെ അവതാരകയായ മിച്ചൽ വൂൾഫ് ഭ്രൂണഹത്യയെ പ്രകീർത്തിച്ച് പരാമർശങ്ങൾ നടത്തിയത്. പരിപാടിക്കിടയിൽ 'ദെെവം ഭ്രൂണഹത്യയെ അനുഗ്രഹിക്കട്ടെ' എന്ന ദെെവ നിന്ദാപരമായ പരാമർശം അവതാരകയായ മിച്ചൽ നടത്തുകയായിരിന്നു. ഇതിൽ പ്രതിഷേധിച്ചാണ് അമേരിക്കയിലെ ബാൾട്ടിമോറിൽ സ്ഥിതി ചെയ്യുന്ന ഔർ ലേഡി ഒാഫ് വിക്ടറി ദേവാലയത്തിന്റെ ചുമതല വഹിക്കുന്ന ഫാ. ജോൺ റാപ്പിസാർഡാ രംഗത്തെത്തിയത്.

നിന്ദ്യവും ദെെവദൂഷണപരവും എന്നാണ് പ്രസ്തുത പരിപാടിയിൽ മിച്ചൽ നടത്തിയ പരാമർശത്തെ ഫാ. ജോൺ വിശേഷിപ്പിച്ചത്. പരിപാടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടും നെറ്റ്ഫ്ളിക്സ് വരിസംഖ്യാ അംഗത്വം ഉപേക്ഷിക്കുകയാണെന്നും അറിയിച്ചുകൊണ്ടും അദ്ദേഹം കത്ത് കമ്പനി അധികൃതര്‍ക്ക് അയക്കുകയായിരിന്നു. വൈദികന്റെ കത്ത് ഇപ്പോൾ ഫേസ്ബുക്കിൽ വൈറലാണ്. ഭ്രൂണഹത്യയിലൂടെ അമ്മയുടെ ഉദരത്തിലുളള മനുഷ്യ ജീവൻ നശിപ്പിക്കുമെന്നും എന്നാൽ അതൊന്നും കണ്ടില്ല എന്നു നടിച്ച് 'ഭ്രൂണഹത്യയെ ദെെവം അനുഗ്രഹിക്കട്ടെ' എന്നു പറയുന്നത് നല്ല കാര്യമല്ലെന്നും മറിച്ച് അത് നിന്ദ്യവും, ദെെവദൂഷണപരമാണെന്നും ഫാ. ജോൺ തന്റെ കത്തിൽ ആരോപിച്ചു.

പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ അറിവില്ലാത്തവർ എന്ന് പറഞ്ഞ് തന്നെയും ആയിരക്കണക്കിന് ആളുകളെയും തള്ളി കളയുമായിരിക്കും. എന്നാല്‍ താൻ ഭ്രൂണഹത്യയുടെ വിനാശത്തെ പറ്റി അവർക്ക് ധാരണ ഉണ്ടാകുവാനും അതു വഴി അവർ പശ്ചാത്തപിക്കാനും, അവരുടെ ഹൃദയത്തിനു മാറ്റം ഉണ്ടാകുവാനുമായി പ്രാർത്ഥിക്കും. നെറ്റ്ഫ്ളിക്സിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളുടെ ഉള്ളടക്കത്തെ പറ്റി അധികൃതർ പുനരാലോചന നടത്തുന്നതു വരെ അംഗത്വം ഉപേക്ഷിക്കാൻ താൻ മറ്റുള്ളവരെയും പ്രേരിപ്പിക്കുമെന്നു പറഞ്ഞാണ് വൈദികന്റെ കത്ത് അവസാനിക്കുന്നത്.

More Archives >>

Page 1 of 342