News - 2025
കാമറൂണില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍ 23-07-2018 - Monday
യോണ്ടേ: പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. ബോമാക തിരുഹൃദയ ഇടവക വികാരിയായിരുന്ന ഫാ.അലക്സാണ്ടർ സോബ് നൗഗിയാണ് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് ജൂലൈ 20 ന് വധിക്കപ്പെട്ടത്. ദക്ഷിണ പൂർവ്വ കാമറൂണിന്റെ തലസ്ഥാന നഗരിയായ യോണ്ടേയിലാണ് വൈദികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രൂപതയിൽ സജീവ പ്രവർത്തനം കാഴ്ചവെച്ചിരുന്ന വൈദികന്റെ നിര്യാണത്തിൽ അതീവ ദുഃഖിതരാണെന്ന് ബുവെ വികാരി ജനറാൾ ഫാ. അസേക്ക് ബർണാഡ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
കാമറൂണിലെ വടക്ക് പടിഞ്ഞാറൻ മേഖലയിലെയും തെക്ക് പടിഞ്ഞാറൻ മേഖലയിലെയും സുരക്ഷ വീഴ്ചയാണ് വൈദികന്റെ കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കപ്പെടുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യത്തെ ജനങ്ങൾക്ക് സ്വതന്ത്ര ഭരണ പ്രദേശം നല്കണമെന്ന ആവശ്യം ഉന്നയിച്ച് സുരക്ഷ ഉദ്യോഗസ്ഥരും ആയുധധാരികളായ പ്രക്ഷോഭരും തമ്മിൽ പ്രദേശത്ത് സംഘര്‍ഷം രൂക്ഷമാണ്. അധികാരികൾക്കും പ്രക്ഷോഭകർക്കും ഇടയില്‍ കത്തോലിക്ക സഭയാണ് സന്ധി സംഭാഷണത്തിന് നേതൃത്വം നല്‍കുന്നത്. ഇതിനിടെയാണ് വൈദികന്‍ കൊല്ലപ്പെട്ടത്.