News - 2024

ഇടയനെ അടിച്ചാല്‍ ആടുകള്‍ ചിതറുമെന്നു കരുതുന്നവരുടെ കയ്യിലെ ചട്ടുകമായി മാറരുത്: സര്‍ക്കുലറുമായി മാര്‍ ജോസ് പൊരുന്നേടം

സ്വന്തം ലേഖകന്‍ 29-07-2018 - Sunday

മാനന്തവാടി: ഇടയനെ അടിച്ചാല്‍ ആടുകള്‍ ചിതറുമെന്നും അങ്ങനെ അവരെ ഒന്നൊന്നായി തിന്നൊടുക്കാമെന്നും കരുതുന്നവരുടെ കയ്യിലെ ചട്ടുകങ്ങളായി നമ്മള്‍ മാറരുതെന്നും വിശ്വാസികള്‍ അതീവ അതീവ ജാഗ്രത പുലര്‍ത്തണമെന്ന ഓര്‍മ്മിപ്പിച്ചുകൊണ്ടും മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടത്തിന്റെ സര്‍ക്കുലര്‍. മാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചാഭാസങ്ങള്‍ ക്രൈസ്തവരുടെ പ്രത്യേകിച്ച് കത്തോലിക്കരുടെ പൊതുജനസ്വാധീനം കുറക്കുക എന്നത് മാത്രമല്ല സഭാംഗങ്ങള്‍ക്ക് തങ്ങളുടെ നേതൃത്വത്തോടും സംവിധാനങ്ങളോടും വെറുപ്പുളവാക്കുക എന്ന ലക്ഷ്യം കൂടി വച്ചുകൊണ്ടുള്ളതാണെന്നത് ഏതാണ്ട് വ്യക്തമാണെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇന്ന് രൂപതയ്ക്കു കീഴിലുള്ള ദേവാലയങ്ങളില്‍ വായിക്കുവാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം ‍

ക്രൈസ്തവ വിശ്വാസസംഹിതക്കും വിശ്വാസിസമൂഹങ്ങള്‍ക്കും എതിരെയുള്ള എതിര്‍പ്പുകളും പീഡനങ്ങളും ലോകത്തില്‍ പുതുമയല്ല. എല്ലാ നൂറ്റാണ്ടിലും അതുണ്ടായിരുന്നു. തന്റെ അനുയായികള്‍ പീഡനങ്ങള്‍ നേരിടേണ്ടി വരുമെന്ന് നമ്മുടെ കര്‍ത്താവ് തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആദിമനൂറ്റാണ്ടുകളില്‍ റോമാസാമ്രാജ്യത്തില്‍ ഭൂഗര്‍ഭാലയങ്ങളില്‍ ഒരുമിച്ച് കൂടി ആരാധന നടത്തിയിരുന്ന ക്രിസ്ത്യാനികള്‍ക്കെതിരെ മനുഷ്യമാംസം തിന്നുന്നവരെന്ന് പറഞ്ഞ് കുറ്റം ചുമത്തിയിരുന്നു. റോമാപട്ടണത്തിന് സ്വയം തീകൊളുത്തിയിട്ട് അതിന്റെ കുറ്റം ക്രിസ്ത്യാനികളുടെ മേല്‍ ചുമത്തി അവരെ ക്രൂരപീഢനത്തിന് വിധേയരാക്കിയ നീറോ ചക്രവര്‍ത്തി കുപ്രസിദ്ധനാണ്. പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ വിജാതീയദേവന്മാരെ ആരാധിക്കാന്‍ വിസമ്മതിച്ച ക്രിസ്ത്യാനികളെ പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാര്‍ ക്രൂരമതമര്‍ദ്ദനത്തിന് വിധേയരാക്കി.

ആധുനികനൂറ്റാണ്ടുകളില്‍ ഏകാധിപത്യ സര്‍ക്കാരുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശ്വാസികളെയും അവരുടെ നേതാക്കളെയും കല്‍ത്തുറുങ്കിലടക്കുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്. ഇന്നും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ആയിരക്കണക്കണക്കിന് വൈദികരും സന്യസ്തരും അല്‍മായരും അടങ്ങുന്ന വിശ്വാസികള്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, എവിടെയെല്ലാം പീഡനങ്ങളും മര്‍ദ്ദനങ്ങളും ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം സഭ തഴച്ചു വളരുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടാണ് തെര്‍ത്തൂല്യന്‍ എന്ന സഭാപിതാവ് പറഞ്ഞത് “രക്തസാക്ഷികളുടെ ചുടുചോരയിലാണ് ക്രൈസ്തവവിശ്വാസത്തിന്റെ വിത്ത് വളരുക” എന്ന്.

നിക്കരാഗ്വന്‍ ഏകാധിപത്യസര്‍ക്കാരിന്റെ പട്ടാളക്കാരുടെ വെടിയേറ്റ് വി. കുര്‍ബാനമദ്ധ്യേ പരിശുദ്ധ മദ്ബഹായില്‍ മരിച്ച് വീണ ധീരരക്തസാക്ഷി ആര്‍ച്ച്ബിഷപ്പ് ഒസ്ക്കാര്‍ റൊമേരോയുടെ നാമകരണച്ചടങ്ങില്‍ സുവിശേഷസന്ദേശം കൊടുക്കവേ നമ്മുടെ ഇപ്പോഴത്തെ പരിശുദ്ധപിതാവ് ഫ്രാന്‍സീസ് പാപ്പ ഇപ്രകാരം പറഞ്ഞു: “രക്തസാക്ഷികളുടെ രക്തമാണ് ക്രൈസ്തവവിശ്വാസത്തിന്റെ വിത്ത് എന്ന തെര്‍ത്തൂല്യന്റെ വാക്കുകള്‍ സഭയുടെ ആദ്യകാലം മുതല്‍ തന്നെ ക്രിസ്ത്യാനികള്‍ വിശ്വസിച്ചിരുന്നു. വളരെ നാടകീയമായ രീതിയില്‍ ഇന്നും വളരെയധികം ക്രൈസ്തവരക്തസാക്ഷികളുടെ രക്തം ലോകത്തിലെ പല ഭാഗങ്ങളിലും ചിന്തപ്പെടുന്നുണ്ട്. അവരങ്ങനെ കൊല്ലപ്പെടാന്‍ വിട്ടുകൊടുക്കുന്നത് അവരുടെ രക്തസാക്ഷിത്വം, വിശുദ്ധി, നീതി, മനുഷ്യര്‍ തമ്മിലുള്ള അനുരഞ്ജനം, ദൈവസ്നേഹം എന്നിവയുടെ സമൃദ്ധമായ ഒരു കൊയ്ത്തിന് തന്നെ കാരണമാകും എന്ന ഉറച്ച പ്രതീക്ഷ ഉള്ളതുകൊണ്ടാണ്.

എന്നാല്‍ നമ്മളൊന്നോര്‍ക്കണം: ആരും രക്തസാക്ഷിയായി ജനിക്കുന്നില്ല. ആര്‍ച്ച്ബിഷപ്പ് റൊമേരോ പ്രസ്താവിച്ചതുപോലെ, കര്‍ത്താവ് നമുക്കാ ബഹുമതി തരുന്നില്ലെങ്കിലും നമ്മള്‍ നമ്മുടെ വിശ്വാസത്തിന് വേണ്ടി മരിക്കാന്‍ പോലും മനസ്സാകണം.... എന്ന് പറഞ്ഞാല്‍ കൊല്ലപ്പെടാന്‍ സ്വയം വിട്ടുകൊടുക്കുക എന്ന് മാത്രമല്ല അതിനര്‍ത്ഥം. ജീവന്‍ കൊടുക്കുക, അല്ലെങ്കില്‍ രക്തസാക്ഷിത്വത്തിന്റെ അരൂപി ഉണ്ടാകുക എന്ന് പറഞ്ഞാല്‍ അത് നമുക്ക് നിശ്ശബ്ദതയിലും പ്രാര്‍ത്ഥനയിലും സ്വന്തം ഉത്തരവാദിത്വത്തിന്റെ ആത്മാര്‍ത്ഥമായ പൂര്‍ത്തീകരണത്തിലും സമര്‍പ്പിക്കാന്‍ കഴിയുക എന്നാണര്‍ത്ഥം. അതായത് നമ്മുടെ ജീവന്‍ അല്‍പ്പാല്പമായി കൊടുക്കുക എന്നാണര്‍ത്ഥം”.

നമ്മുടെ മാതൃഭൂമിയായ ഭാരതത്തില്‍ ഇത്രയും കാലം ക്രൈസ്തവര്‍ താരതമ്യേന ആരാധനാസ്വാതന്ത്ര്യം എല്ലാ കാലത്തും അനുഭവിച്ചിരുന്നു. അത്ര വലിയ പീഢനങ്ങളും മതമര്‍ദ്ദനങ്ങളും ഒന്നും നമുക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. നമ്മുടെ രാജ്യം സ്വതന്ത്രമായി ഒരു ജനാധിപത്യഭരണക്രമത്തിലേക്ക് മാറിയപ്പോള്‍ ഭരണഘടനാശില്‍പ്പികള്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായിത്തന്നെ പരിരക്ഷയും വളര്‍ച്ചാ സാധ്യതയും ഭരണഘടനയില്‍ തന്നെ ഉള്‍പ്പെടുത്തി. അതിന്റെയെല്ലാം ഫലമാണ് ഇന്ന് നമ്മുടെ സമൂഹത്തില്‍ ഉണ്ടായിട്ടുള്ള നാനാവിധത്തിലുള്ള പുരോഗതി.

എന്നാല്‍ കാര്യങ്ങള്‍ ഇതുവരെ നടന്നതുപോലെ ഇനി നടക്കുകയില്ല എന്ന സൂചനയാണ് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. സഭാസമൂഹത്തിന് എതിരേ സഭയ്ക്കകത്തുനിന്നും പുറത്തുനിന്നും ആക്രമണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. തുടക്കത്തില്‍ സഭാനേതൃത്വത്തിന്റെ നിലപാടുകളും ചെയ്തികളുമാണ് ആക്രമിക്കപ്പെട്ടിരുന്നതെങ്കില്‍ സാവധാനം അത് നമ്മുടെ വിശ്വാസ സത്യങ്ങള്‍ക്ക് നേര്‍ക്കായിരിക്കുന്നു. അതോടൊപ്പം സഭാസമൂഹം എന്നതുപോലെ പൊതു സമൂഹവും രാജ്യം പോലും ആദരിക്കുന്ന, ആദര്‍ശ ക്രൈസ്തവവിശ്വാസജീവിതത്തിന്റെ ഉടമയായിക്കാണുന്ന വി. മദര്‍ തെരേസായേയും അവരുടെ സഹോദരിമാരേയും പോലെയുള്ളവരുടേയും ശുശ്രൂഷകളും ആക്രമണവിധേയമാകുന്ന കാഴ്ച നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു.

അങ്ങനെ നമ്മള്‍ വിശുദ്ധമെന്നും ബഹുമാന്യമെന്നും വിശ്വസിക്കുന്ന എല്ലാം ആക്രമണ വിധേയമായിക്കഴിഞ്ഞു. നമ്മുടെ ബാലമന്ദിരങ്ങള്‍ ഒട്ടുമിക്കതും പുതിയ നിയമപശ്ചാത്തലത്തില്‍ അടക്കേണ്ടി വന്നു. ഇപ്പോഴിതാ നമ്മുടെ വിശ്വാസത്തിന്റെ ആണിക്കല്ലുകളില്‍ ഒന്നായ വിശുദ്ധകുമ്പസാരം പോലും നിരോധിക്കണം എന്ന് സര്‍ക്കാരിന്റെ ഭാഗമായ ദേശീയ വനിതാക്കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നു. ആക്രമണം ഇനിയും ഉണ്ടാകാം. ആക്രമിക്കുന്നവരുടെ ലക്ഷ്യം വളരെ വ്യക്തമാണ്. നമ്മുടെ സാന്നിദ്ധ്യവും സ്വാധീനവും പൊതുസമൂഹത്തിന് അന്യമാക്കുക എന്നതാണത്.

അപചയങ്ങള്‍ മനുഷ്യര്‍ ഉള്ളിടത്ത് എല്ലാം ഉണ്ടാകും. മറ്റ് മതങ്ങളിലും സംഘടനകളിലും സര്‍ക്കാരിലും എല്ലാം അതുണ്ട്. അതുപോലെ സഭയിലും ഉണ്ടാകും. അതിന്റെ പേരില്‍ നമ്മളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിന്റെ പിന്നില്‍ ചില നിക്ഷിപ്തതാത്പര്യങ്ങളുണ്ട്. സമൂഹത്തിലെ പ്രബലരുടെ ശക്തിക്കെതിരെ പോരാടാന്‍ കഴിവുള്ള ഒരു ശക്തിയായ നമ്മെ ഇല്ലാതാക്കുക. മദ്യത്തിനും മയക്കുമരുന്നിനും പോര്‍ണോഗ്രാഫിക്കും എല്ലാം എതിരെ പോരാടുന്നതില്‍ നമ്മള്‍ മുന്‍ പന്തിയിലാണ്. അതുമൂലം നഷ്ടങ്ങള്‍ സഹിക്കുന്നവര്‍ക്ക് നമ്മുടെ സാന്നിദ്ധ്യം അസഹനീയമാണ്. നമ്മുടെ സമൂഹത്തിലെ ദളിത് സഹോദരങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന സഭാനേതൃത്വം ബന്ധപ്പെട്ടവര്‍ക്ക് തലവേദനയാണ്. അപ്പോള്‍ നമ്മളെ ഉന്മൂലനം ചെയ്യുക എന്നത് അവരുടെ ആവശ്യമാണ്.

അപചയങ്ങളെ തടയുകയും അവയെ ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് ചെയ്യേണ്ടത്. അല്ലാതെ അപചയങ്ങള്‍ ഉണ്ടാക്കുന്നവര്‍ ഉള്‍പ്പെടുന്ന സമൂഹത്തെ ഇല്ലാതാക്കുക എന്നതല്ലല്ലൊ ചെയ്യേണ്ടത്. തലവേദന മാറ്റാന്‍ തല വെട്ടിക്കളയാറില്ല. അഴിമതി നടത്തുന്നത് കൊണ്ട് സര്‍ക്കാരേ വേണ്ട എന്ന് ആരും പറയില്ല. ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതുകൊണ്ട് ഇനി ഉദ്യോഗസ്ഥര്‍ വേണ്ട എന്നാരും പറയുന്നില്ല. അതിനാല്‍ വനിതാക്കമ്മീഷന്‍ ഇപ്പോള്‍ നടത്തുന്ന നീക്കം അപക്വവും അപലപനീയവും എന്നു മാത്രമല്ല ഭരണഘടനാവിരുദ്ധവുമാണ്‌. ഇത്തരം നീക്കങ്ങളെ മുളയിലേ നുള്ളിയില്ലെങ്കില്‍ വലിയ അപകടങ്ങള്‍ ഭാവിയില്‍ നമുക്കുണ്ടാകും. ഈ സത്യം നമ്മള്‍ തിരിച്ചറിയാന്‍ വൈകരുത്.

ഇപ്പോള്‍ മാദ്ധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചാഭാസങ്ങള്‍ ക്രൈസ്തവരുടെ പ്രത്യേകിച്ച് കത്തോലിക്കരുടെ പൊതുജനസ്വാധീനം കുറക്കുക എന്നത് മാത്രമല്ല സഭാംഗങ്ങള്‍ക്ക് തങ്ങളുടെ നേതൃത്വത്തോടും സംവിധാനങ്ങളോടും വെറുപ്പുളവാക്കുക എന്ന ലക്ഷ്യം കൂടി വച്ചുകൊണ്ടുള്ളതാണെന്നത് ഏതാണ്ട് വ്യക്തമാണ്. സഭാസമൂഹത്തിലെ അസംതൃപ്തരും തെറ്റിദ്ധരിപ്പിക്കപ്പെട്ടവരും സരളമനസ്കരും അതെല്ലാം വിശ്വസിച്ച് ഈ ആക്രമണത്തില്‍ ഉത്സാഹപൂര്‍വ്വം പങ്ക് ചേരും എന്നും നമ്മള്‍ തിരിച്ചറിയണം. ഇടയനെ അടിച്ചാല്‍ ആടുകള്‍ ചിതറുമെന്നും അങ്ങനെ അവരെ ഒന്നൊന്നായി തിന്നൊടുക്കാമെന്നും കരുതുന്നവരുടെ കയ്യിലെ ചട്ടുകങ്ങളായി നമ്മള്‍ മാറരുത്. അവര്‍ അവരുടെ ആവശ്യം കഴിയുമ്പോള്‍ കറിവേപ്പില പോലെ അവരുടെ കൂടെ കൂടുന്ന ക്രൈസ്തവരെ പുറത്തെറിയും എന്ന സത്യം കൂടി നമ്മുടെ മനസ്സില്‍ നിലനില്‍ക്കട്ടെ.

ക്രൈസ്തവവിശ്വാസികള്‍ എന്ന നിലയില്‍ നമ്മള്‍ ഏറ്റവും പ്രധാ‍നമായി ചെയ്യേണ്ടത് ഇത്തരം ശക്തികള്‍ക്കെതിരെ അതിശക്തമായ പ്രാര്‍ത്ഥനയുടെ ആയുധവുമായി അവയെ നേരിടുക എന്നതാണ്. കര്‍ത്താവിന്റെ മുന്നറിയിപ്പ് നമ്മുടെ മനസ്സില്‍ ഉണ്ടാകട്ടെ: പ്രാര്‍ത്ഥനയും ഉപവാസവും കൊണ്ടല്ലാതെ ഈ വര്‍ഗ്ഗം ഒഴിഞ്ഞുപോകുകയില്ല (മത്താ: 17:21). വി. പൌലോസ് ശ്ലീഹായുടെ ഉപദേശം നമുക്ക് പ്രാവര്‍ത്തികമാക്കാം.

“സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്ത് നില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. എന്തെന്നാല്‍ നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധാകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗ്ഗിയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായാണ് പടവെട്ടുന്നത്. അതിനാല്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്മയുടെ ദിനത്തില്‍ ചെറുത്ത് നില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ച് നില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്ക് സാധിക്കും. അതിനാല്‍ സത്യം കൊണ്ട് അരമുറുക്കി നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ച് നില്‍ക്കുവിന്‍. സമാധനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകള്‍ ധരിക്കുവിന്‍. സര്‍വ്വോപരി ദുഷ്ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍. രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാള്‍ ധരിക്കുകയും ചെയ്യുവിന്‍” (എഫേ. 6: 10-17).

മാനന്തവാടി രൂപതാ കാര്യാലയത്തില്‍ നിന്ന് 2018 ജൂലൈ മാസം 28 ന് നല്‍കപ്പെട്ടത്.

ബിഷപ്പ് ജോസ് പൊരുന്നേടം (മാനന്തവാടി രൂപതയുടെ മെത്രാന്‍)

More Archives >>

Page 1 of 345