News

വിശുദ്ധ മാരോണിന്റെ ചരിത്രപ്രാധാന്യമുള്ള ഗുഹാശ്രമം നൂറ്റാണ്ടുകള്‍ക്കുശേഷം വീണ്ടും തുറക്കുന്നു

സ്വന്തം ലേഖകന്‍ 03-08-2018 - Friday

ബാല്‍ബെക്: മാരോണൈറ്റ് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ചരിത്രപരമായും, ആദ്ധ്യാത്മികപരമായും വളരെയേറെ പ്രാധാന്യമുള്ള ‘സന്യാസികളുടെ ഗുഹ’ (Cave of the monks) എന്നറിയപ്പെടുന്ന വിശുദ്ധ മാരോണിന്റെ ഗുഹാശ്രമം നൂറ്റാണ്ടുകള്‍ക്ക് ശേഷം ആരാധനയ്ക്കും തീര്‍ത്ഥാടനത്തിനുമായി വീണ്ടും തുറക്കുന്നു. മാരോണൈറ്റ് സഭയുടെ സ്ഥാപനത്തിനു കാരണമായ ആശ്രമ-സന്യാസ സഭയുടെ പിതാവും, നാലാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനുമിടയില്‍ ജീവിച്ചിരുന്ന വിശുദ്ധ മാരോണൈറ്റ് താമസിച്ചിരുന്നതാണ് ഈ ഗുഹാശ്രമം. മുന്നോട്ട് ആശ്രമത്തില്‍ ഓരോ കുര്‍ബാന വീതം ഇവിടെ വെച്ച് അര്‍പ്പിക്കപ്പെടും.

സിറിയന്‍ അതിര്‍ത്തിക്കും ഒറോണ്ടെ നദീമുഖത്തു നിന്നും അധികം ദൂരത്തല്ലാതെ ലെബനോന്റെ വടക്ക്-കിഴക്ക് ഭാഗത്തായിട്ടാണ് ഗുഹാശ്രമം സ്ഥിതി ചെയ്യുന്നത്. ഒറോണ്ടെ നദിയില്‍ നിന്നും ഏതാണ്ട് 90 മീറ്റര്‍ (300 അടി) ഉയരത്തിലുള്ള ആശ്രമ മലംചെരുവിലായി പാറ തുരന്നാണ് ആശ്രമം ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 'സെന്റ്‌ മാരോണ്‍ സ്റ്റുഡന്റ് ഫെസ്റ്റിവല്‍'നോടനുബന്ധിച്ച് ഗുഹാശ്രമത്തില്‍ വെച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നു. ബാല്‍ബെക്ക്-ദെയിര്‍ എല്‍ അഹ്മറിലെ മാരോണൈറ്റ് മെത്രാനായ ഹന്നാ രാഹ്മെ OLM ആയിരുന്നു വിശുദ്ധ കുര്‍ബാനക്ക് നേതൃത്വം നല്‍കിയത്.

മാരോണൈറ്റ് സഭാ പ്രതിനിധികളും, രാഷ്ട്രീയ പ്രമുഖരും കുര്‍ബാനയില്‍ പങ്കെടുത്തു. “ആശ്രമം തിരികെ കൊണ്ടുവരുവാന്‍ കഴിഞ്ഞുവെന്നും, ഇതൊരു പുണ്യസ്ഥലമായി പരിപാലിച്ചുകൊണ്ട് നമ്മുടെ ക്രിസ്ത്യന്‍-മുസ്ലീം സഹോദരങ്ങളുമായി പങ്കുവെക്കുവാനുമാണ് ആഗ്രഹമെന്നും കുര്‍ബാനക്കിടയില്‍ നടത്തിയ പ്രസംഗത്തില്‍ ബിഷപ്പ് ഹന്നാ രാഹ്മെ പറഞ്ഞു.

ഓട്ടമന്‍ കാലഘട്ടത്തിലാണ് സന്യാസികള്‍ ഗുഹാശ്രമം ഉപേക്ഷിക്കുന്നത്. പിന്നീട് നൂറ്റാണ്ടുകളോളം വിസ്മൃതിയിലാണ്ട് അവഗണിക്കപ്പെട്ട നിലയിലായിരുന്നു ഈ ആശ്രമം. 1930 മുതല്‍ ബാല്‍ബെക്ക് ദെയിര്‍ എല്‍ അഹ്മര്‍, മാരോണൈറ്റ് രൂപതയും, മേഖലയിലെ വളരെയേറെ സ്വാധീനമുള്ള മുസ്ലീം കുടുംബങ്ങളും തമ്മില്‍ തര്‍ക്കം നിലനിന്നു.

ഈ സ്ഥലം തങ്ങളുടെ ഉടമസ്ഥതയിലുള്ളതായിരുന്നുവെന്നും, 1923-ല്‍ ഫ്രഞ്ച് ആക്രമണം കാരണം സ്ഥലം ഉപേക്ഷിച്ച് തങ്ങള്‍ സിറിയയിലേക്ക് കുടിയേറുകയാണ് ഉണ്ടായതെന്നുമാണ് ഈ കുടുംബങ്ങള്‍ അവകാശപ്പെടുന്നത്. മാരോണൈറ്റ് രൂപതയും, ലെബനന്‍ വാട്ടര്‍ റിസോഴ്സ് ആന്‍ഡ്‌ എനര്‍ജി മന്ത്രാലയവും തമ്മില്‍ മറ്റൊരു തര്‍ക്കവും സമീപകാലത്ത് ഉടലെടുത്തിരുന്നു. എന്നാല്‍ ആശ്രമം സജീവമാക്കുകയും, ഇതിലെ ഗുഹകള്‍ തുറക്കാമെന്നും ഇരുവിഭാഗവും തമ്മിലുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ഗുഹാശ്രമം വീണ്ടും തുറക്കുവാനുള്ള സാഹചര്യമൊരുങ്ങിയത്. മാരോണൈറ്റ് സഭാവിശ്വാസികള്‍ വളരെയേറെ സന്തോഷത്തോടെയാണ് വാര്‍ത്തയെ സ്വീകരിച്ചിരിക്കുന്നത്.


Related Articles »