Events

"ഈ സെഞ്ച്വറി" പരിശുദ്ധാത്മാവിന്; കൃതജ്ഞതാകീര്‍ത്തനങ്ങളോടെ ആയിരങ്ങള്‍ 100ാം സെക്കന്‍ഡ് സാറ്റര്‍ഡേ കണ്‍വെന്‍ഷനിലേക്ക്

ജോസ് കുര്യാക്കോസ് 03-08-2018 - Friday

"ഞങ്ങള്‍ക്കല്ല കര്‍ത്താവേ ഞങ്ങള്‍ക്കല്ല അങ്ങയുടെ കാരുണ്യത്തേയും വിശ്വസ്തതയേയും പ്രതി അങ്ങയുടെ നാമത്തിനാണ് മഹത്വം നല്‍കപ്പെടേണ്ടത്" (സങ്കീ.115:1) എന്ന പരിശുദ്ധ വചനത്തോട് ചേര്‍ന്ന് കഴിഞ്ഞ നാളുകളില്‍ സെക്കന്‍റ് സാറ്റര്‍ഡേ കണ്‍വെന്‍ഷനില്‍ ദൈവം ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുവാന്‍ വേദി ഒരുങ്ങുകയാണ് 100ാം സെക്കന്‍റ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍. ദൈവകരുണയ്ക്കും പരിപാലനയ്ക്കും മുഴുഹൃദയത്തോടെ നന്ദി കരേറ്റി, യു‌കെയില്‍ എമ്പാടുമുള്ള വിശ്വാസിസമൂഹത്തെ 100-ആം കണ്‍വെന്‍ഷനിലേക്ക് സ്നേഹപൂര്‍വ്വം വരവേല്‍ക്കുകയാണ് ഫാ. സോജി ഓലിക്കലും ടീം അംഗങ്ങളും.

കഴിഞ്ഞ 8 വര്‍ഷങ്ങളില്‍ ദൈവം ചെയ്ത അത്ഭുത കൃത്യങ്ങള്‍ക്ക് കൃതജ്ഞതാബ്ധിയര്‍പ്പിച്ചിട്ട് പരമപിതാവിനെ മഹത്വപ്പെടുത്തുന്ന അഭിഷേകശുശ്രൂഷകളിലേക്ക് ആയിരങ്ങള്‍ ഒഴുകി എത്തും. നൂറുകണക്കിന് കുടുംബങ്ങളും വ്യക്തികളും അവരുടെ ജീവിത സാക്ഷ്യങ്ങള്‍ കാഴ്ചവസ്തുക്കളായി ബലിവേദിയിലേക്ക് ഉയര്‍ത്തുമ്പോള്‍, മാലാഖ വൃന്ദങ്ങളോടു ചേര്‍ന്ന് സ്തുതിഗീതങ്ങള്‍ ഉയര്‍ത്തുവാന്‍ സെഹിയോന്‍ ഗായകവൃന്ദം പ്രാര്‍ത്ഥിച്ച് ഒരുങ്ങുകയാണ്. "കൃതജ്ഞതാ ഗീതത്തോടെ അവിടുത്തെ കവാടങ്ങള്‍ കടക്കുവിന്‍. സ്തുതികള്‍ ‍ ആലപിച്ചുകൊണ്ട് അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍. അവിടുത്തേക്ക് നന്ദി പറയുവിന്‍. അവിടുത്തെ നാമം വാഴ്ത്തുവിന്‍" (സങ്കീ. 100:4).

പരിശുദ്ധാത്മാവിന്‍റെ കയ്യൊപ്പുള്ള ശുശ്രൂഷ ‍

100 മാസങ്ങള്‍ പിന്നിടുന്ന സെക്കന്‍റ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍, കാലത്തിന് അത്ഭുതവും അടയാളവും ആയി പരിശുദ്ധാത്മാവിന്‍റെ അഭിഷേക ശക്തിയെ എല്ലാ പ്രകാരത്തിലും മഹത്വപ്പെടുത്തുകയാണ്. പരിശുദ്ധാത്മാവിന്‍റെ കയ്യൊപ്പുള്ള ഈ അനുഗ്രഹ ശുശ്രൂഷയിലൂടെ തുറക്കപ്പെട്ട കൃപയുടെ കവാടങ്ങള്‍ ഒട്ടനവധിയാണ്. "പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത" പ്രവൃത്തികളുടെ ഉപകരണങ്ങളായിത്തീരുവാന്‍ സ്വര്‍ഗം തിരഞ്ഞെടുത്ത വ്യക്തികള്‍ നിരവധി. അനേകായിരങ്ങള്‍ക്ക് വട്ടായിലച്ചന്‍ ഇന്ന് ആവേശവും അത്ഭുതവുമാണ്.

പൗരോഹിത്യത്തിന്‍റെ 25 വര്‍ഷം പിന്നിടുമ്പോള്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കും ആയി 2 സഭാസമൂഹങ്ങള്‍ക്ക് ജന്മം കൊടുക്കുവാന്‍ ഈ വൈദികനെ ദൈവം തിരഞ്ഞെടുക്കുമ്പോള്‍ വേദനകളുടെയും ദാരിദ്ര്യത്തിന്‍റെയും അലച്ചിലുകളുടെയും ആഴമേറിയ സമര്‍പ്പണത്തിന്‍റെയും മുഹൂര്‍ത്തങ്ങള്‍ ഒട്ടനവധി. പരിശുദ്ധാത്മ കാറ്റില്‍ നയിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന ഈ അഭിഷിക്തന്‍ ഏറ്റെടുത്ത ലോക സുവിശേഷവല്‍ക്കരണത്തിന്‍റെ ദര്‍ശനം സെക്കന്‍ഡ് സാറ്റര്‍ഡേ ശുശ്രൂഷകള്‍ക്ക് അടിസ്ഥാന ശിലയായി നിലകൊള്ളുന്നു.

യേശുക്രിസ്തുവിന്‍റെ പരസ്യജീവിതശുശ്രൂഷ പ്രായത്തിനോട് ചേര്‍ന്ന് 33-ആം വയസ്സില്‍ യു‌കെയില്‍ എത്തിച്ചേര്‍ന്ന സോജി ഓലിക്കല്‍ എന്ന യുവവൈദികന്‍റെ ദൈവസന്നിധിയിലെ സമര്‍പ്പണമാണ്‌ - പ്രാര്‍ത്ഥനയിലെ മണിക്കൂറുകളാണ് ഈ അനുഗ്രഹശുശ്രൂഷയുടെ ആരംഭത്തിന് നിദാനം. മറ്റൊരര്‍ത്ഥത്തില്‍ അനേകരുടെ നെടുവീര്‍പ്പുകള്‍ക്കും ദൈവസന്നിധിയിലെ കണ്ണീരുകള്‍ക്കും ഉത്തരം കൊടുക്കുവാന്‍, പരിശുദ്ധാത്മാവിനോട് നിരന്തരം ആലോചന ചോദിക്കുന്ന എളിമ നിറഞ്ഞ ഈ പൗരോഹിത്യ ജീവിതം യോഗ്യമായ പാത്രമായി സ്വര്‍ഗം കണക്കാക്കി.

സ്വര്‍ഗം കനിഞ്ഞ്‌ നല്‍കുന്ന അഭിഷേകത്തിന് വില കൊടുക്കുവാന്‍ പരിശുദ്ധാത്മാവ് അനേകം കുടുംബങ്ങളെയും വ്യക്തികളേയും തിരഞ്ഞെടുത്ത് നിയോഗിച്ചപ്പോള്‍, ആയിരങ്ങള്‍ക്ക് യേശുക്രിസ്തുവില്‍ പുതുജീവിതം സമ്മാനിക്കുവാനും അനേകായിരങ്ങളുടെ കണ്ണീരൊപ്പാനും ഈ ശുശ്രൂഷയെ പരിശുദ്ധാത്മാവ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നു.

നൂറാം കണ്‍വെന്‍ഷന്‍റെ ആത്മീയ ആഘോഷത്തിലേക്ക് കടന്നുവരിക. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വീകരിച്ച അനുഗ്രഹങ്ങളും സാക്ഷ്യങ്ങളും എഴുതി കൊണ്ടുവരിക. ഈ അവധിക്കാലത്ത്‌ UK യില്‍ മാത്രമായി 400 ഓളം കുട്ടികള്‍ക്കും യൂത്തിനും വചനവിരുന്ന് ലഭിക്കുന്നതിനെ ഓര്‍ത്ത് നമുക്ക് നന്ദി പറയാം. ഹൃദയവും കരങ്ങളും നന്ദിയോടെ ദൈവസന്നിധില്‍ ഉയര്‍ത്തുമ്പോള്‍ നമുക്ക് ഓര്‍മ്മിക്കാം.

* നവീകരണശുശ്രൂഷകള്‍ക്ക് - പരിശുദ്ധാത്മ പ്രവര്‍ത്തനങ്ങള്‍ക്ക് ധീരതയോടും സ്നേഹത്തോടും കൂടെ പ്രോത്സാഹനം പകരുന്ന ജേക്കബ് മനത്തോടത്ത് പിതാവ്.

* 24/7 ക്രിസ്തുവിനും അവിടുത്തെ സഭയ്ക്കുമായി തന്‍റെ ജീവിതത്തെ പൂര്‍ണ്ണമായി വിട്ടുകൊടുത്തിരുന്ന കാലഘട്ടത്തിന്‍റെ അഭിഷിക്തന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍

* അഭിഷേക ശുശ്രൂഷകള്‍ക്കും സംരംഭങ്ങള്‍ക്കും വിത്തു പാകുവാന്‍ പരിശുദ്ധാത്മാവ് തിരഞ്ഞെടുത്തിരിക്കുന്ന ഫാ. സോജി ഓലിക്കല്‍.

* World Evangelization-ന് ആക്കം കൂട്ടുവാന്‍ നിയുക്തനായിരിക്കുന്ന Fr. Shyju Naduvathani

* സെഹിയോന്‍ വൈദികരോടും സിസ്റ്റേര്‍സിനോടും ചേര്‍ന്ന് അട്ടപ്പാടി മധ്യസ്ഥപ്രാര്‍ത്ഥനാ കൂടാരമുകളില്‍ UK യ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്ന സഹോദരീ സഹോദരങ്ങള്‍.

* ദൈവരാജ്യ വളര്‍ച്ചയ്ക്കും ആത്മാക്കളുടെ രക്ഷയ്ക്കുമായി തങ്ങളുടെ ജീവിതങ്ങളെ സമര്‍പ്പിച്ചിരിക്കുന്ന 17-ഓളം full time ശുശ്രൂഷകരും അവരുടെ കുടുംബങ്ങളും.

* സെക്കന്‍ഡ് സാറ്റര്‍ഡേ ശുശ്രൂഷകള്‍ക്ക് പ്രോത്സാഹനവും പ്രാര്‍ത്ഥനകളും പകരുന്ന Arch Bishop Bernard Longly, Bishop Joseph ‌ Srampical

* 100 മാസങ്ങളില്‍ കടന്നുവന്ന് ശുശ്രൂഷ ചെയ്തിട്ടുള്ള പിതാക്കന്മാര്‍, വൈദികര്‍, സന്യസ്തര്‍, വചനപ്രഘോഷകര്‍, അത്മായ ശുശ്രൂഷകര്‍, വിവിധ മിനിസ്ട്രികള്‍

* പരിശുദ്ധാത്മാവ് ഈ ശുശ്രൂഷകളുടെ വളര്‍ച്ചയ്ക്കായി പ്രത്യേകം ഉപദേശിച്ച Fr. Sebastian Arikat, Fr. Jomon Thommana, Fr. Eammon Corduff, Deacon David Palmer and‌ Mrs. June‍ Palmer.

* Registration fees ഇല്ലാതെ ദൈവപരിപാലനയുടെ അത്ഭുതത്താല്‍ വഴി നടത്തപ്പെടുന്ന സാമ്പത്തിക കാര്യങ്ങള്‍.

* ആദ്യകാലങ്ങളില്‍ ദിനരാത്രങ്ങള്‍ മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ക്കായി കടന്നു വന്നവര്‍.

* UK യുടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് Coach arrange ചെയ്തിട്ടുള്ളവര്‍ / ചെയ്തുകൊണ്ടിരിക്കുന്നവര്‍.

* ആയിരക്കണക്കിന് രോഗശാന്തികള്‍, മാനസാന്തരങ്ങള്‍, അത്ഭുത സാക്ഷ്യങ്ങള്‍, വിടുതലുകള്‍.

* ഔദ്യോഗിക സഭയുടെ ഹൃദയത്തിലേക്ക് കുട്ടികളുടെ ശുശ്രൂഷയുടെ പ്രാധാന്യം നല്‍കപ്പെട്ടത്‌ - എല്ലാ ആത്മീയ ശുശ്രൂഷകളിലും കുട്ടികള്‍ക്കായി ശുശ്രൂഷകള്‍ ഒരുക്കപ്പെടുന്നത്.

* ആയിരക്കണക്കിന് കുട്ടികള്‍ക്കും യുവതീയുവാക്കന്‍മാര്‍ക്കും ദൈവവചനവും പരിശുദ്ധാത്മ അഭിഷേകങ്ങളും പകരുവാന്‍ സാധിച്ചത്.

* Kingdom Revelator Magazine
* Little Evangelist Magazine
* 10 Days Retreat-കള്‍
* School of Evangelization * Home Mission ശുശ്രൂഷകള്‍
* Street Evangelization Christmas Card-കള്‍
* CD Ministry കള്‍
* Spiritual Sharing ശുശ്രൂഷകള്‍
* Second Saturday English ശുശ്രൂഷകള്‍
* Awake London, Crawly Mission, Manchester Holy Spirit Evening, Arisc Bristol - English ശുശ്രൂഷകര്‍
* ആത്മീയ ശുശ്രൂഷകള്‍ക്കായി സമര്‍പ്പണം ചെയ്തിരുന്ന പ്രേഷിത കുടുംബങ്ങള്‍
* ശുശ്രൂഷ ജീവിതത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന കുട്ടികള്‍, യുവതീയുവാക്കള്‍, മുതിര്‍ന്നവര്‍, കുടുംബങ്ങള്‍
* ഇടവക സമൂഹങ്ങള്‍ക്ക് അനുഗ്രഹമായി മാറുന്ന ആത്മനിറവുള്ള വ്യക്തികള്‍ - കുടുംബങ്ങള്‍
* Youth Full times - യുവജനങ്ങള്‍ക്കായി ഒരു ആലയം
* UK Witness Music Band - A blaze concert
* Vianni Mission, Ann Lyn Community, Mat Community
* എല്ലാ ശുശ്രൂഷകള്‍ക്കും ആത്മശാന്തി പ്രദാനം ചെയ്യുന്ന മധ്യസ്ഥ പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍, Skype Prayer team കള്‍.

പ്രിയപ്പെട്ടവരെ ദൈവസന്നിധിയില്‍ എണ്ണിയെണ്ണി നന്ദി കരേറ്റാന്‍ നിയോഗങ്ങളുടെയും വ്യക്തികളുടെയും ആത്മീയ അനുഭവങ്ങളുടെയും മേഖലകള്‍ ഇനിയും ഇനിയും ധാരാളം. പരിശുദ്ധാത്മാവിന് നന്ദി പറയാന്‍, അവിടുത്തെ ആരാധിക്കാന്‍, അവിടുന്ന് നല്‍കിയതിനെ കാത്തു സൂക്ഷിക്കുവാന്‍, വളര്‍ത്തി വലുതാക്കാന്‍, കുറവുകള്‍ക്കും വീഴ്ചകള്‍ക്കും അവിശ്വസ്തതകള്‍ക്കും, മാപ്പപേക്ഷിക്കുവാന്‍, ഒരു പുനര്‍ സമര്‍പ്പണത്തിന്‍റെ ദിനമായി ഈ കണ്‍വെന്‍ഷന്‍ മാറട്ടെ.

കാലത്തിന്‍റെ വെല്ലുവിളികള്‍ ഏറെ

നമ്മുടെ ഉത്തരവാദിത്തങ്ങള്‍ ഒത്തിരി വലുത്. യൂറോപ്പിനെ മാത്രമല്ല ലോകം മുഴുവനേയും യേശുക്രിസ്തുവിന്‍റെ രണ്ടാം വരവിനായി ഒരുക്കുവാന്‍ പരിശുദ്ധാത്മാവ് നമ്മെ ക്ഷണിക്കുന്നു. ദൈവകൃപ നിറഞ്ഞ തലമുറകള്‍ക്കും കുടുംബങ്ങള്‍ക്കും വേരുപാകുവാന്‍ നമുക്ക് കൈകോര്‍ക്കാം. ദേശത്തിന്‍റെ വിശ്വാസ-ആത്മീയ ഉത്സവത്തിലേക്ക് നമുക്ക് ഒത്തുചേരാം. ഓഗസ്റ്റ്‌ 6 മുതല്‍ 11 വരെ തീയതികളില്‍ ഏതെങ്കിലും ഒരു ദിവസം ഉപവസിച്ച് കൃതജ്ഞതാ പ്രകാശനത്തില്‍ പങ്കെടുക്കുക. കുടുംബങ്ങളും കൂട്ടായ്മകളും ഒത്തുചേര്‍ന്ന് അഖണ്ഡ ജപമാല സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം. ഓഗസ്റ്റ്‌ 6 മുതല്‍ 10 വരെ തീയതികളില്‍ Aston Adoration Centre-ല്‍ കടന്നുവന്ന് ദിവ്യകാരുണ്യ സന്നിധിയില്‍ മണിക്കൂറുകള്‍ ചിലവഴിക്കുക.

എല്ലാ നന്ദി വിഷയങ്ങളും പ്രാര്‍ത്ഥനാ നിയോഗങ്ങളും പരിശുദ്ധ അമ്മയുടെ വിമലഹൃദയം വഴിയായി ദൈവസന്നിധിയില്‍ സമര്‍പ്പിക്കാം.


Related Articles »