News

അർബുദ രോഗിയായ സഹപ്രവര്‍ത്തകയ്ക്കു വേണ്ടി യേശു നാമം വിളിച്ച് ചിക്ക് ഫിൽ എ ജീവനക്കാർ

സ്വന്തം ലേഖകന്‍ 08-09-2018 - Saturday

ബെൽമൗണ്ട്: അർബുദ രോഗിയായ സഹപ്രവര്‍ത്തകയ്ക്കു വേണ്ടി ജോലി സമയത്ത് യേശു നാമം വിളിച്ച് പ്രാര്‍ത്ഥിക്കുന്ന ജീവനക്കാരുടെ വീഡിയോ വൈറലാകുന്നു. പ്രമുഖ അമേരിക്കൻ ഫാസ്റ്റു ഫുഡ് ശൃംഖലയായ ചിക്ക്-ഫിൽ-എ ബെൽമൗൺഡു ശാഖയിലെ ജീവനക്കാരാണ് തങ്ങളോടൊപ്പം ജോലി ചെയ്യുന്ന കാൻസർ ചികിൽസയിലായിരിക്കുന്ന ട്രിഷ് എന്ന സുഹൃത്തിന് വേണ്ടി സ്ഥാപനത്തില്‍ പരസ്യമായി പ്രാര്‍ത്ഥന ഉയര്‍ത്തിയത്. ഈ വീഡിയോ ഇതിനോടകം തന്നെ ലക്ഷകണക്കിന് ആളുകൾ കണ്ടു കഴിഞ്ഞു.

വീഡിയോയിൽ ട്രിഷിന് വേണ്ടി സഹപ്രവർത്തകർ പ്രാർത്ഥിക്കുന്നത് കാണാം. അവിടെ ഉണ്ടായിരുന്ന ഉപയോക്താക്കളും പ്രാര്‍ത്ഥനയില്‍ ഭാഗഭാക്കായി എന്നത് ശ്രദ്ധേയമാണ്. നമ്മുടെ ടീമിലെ ഒരാൾക്ക് ഉടനെ കാൻസറിന് ചികിൽസ ആരംഭിക്കാൻ പോകുകയാണ്, അവൾക്കു വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാമെന്ന സ്ഥാപനത്തിലെ മാനേജരുടെ വാക്കുകളോടെയാണ് പ്രാര്‍ത്ഥന ആരംഭിക്കുന്നത്. യേശുവിന്റെ നാമത്തിലാണ് മാനേജർ പ്രാർത്ഥന അവസാനിപ്പിക്കുന്നത്.

സ്ഥാപനത്തിലെ തന്നെ ജീവനക്കാരിയായ സൂസൻ ലാക്കി നോറിസ് എന്ന സ്ത്രീയാണ് വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്ഥാപനത്തിൽ എത്തുന്ന കസ്റ്റമേഴ്സിനായി ട്രിഷ് നിരന്തരം പ്രാർത്ഥിക്കാറുണ്ടായിരുന്നുവെന്നു സൂസൻ നോറിസ് സ്മരിച്ചു. അടിയുറച്ച ക്രെെസ്തവ വിശ്വാസിയായ ട്രൂയേറ്റ് കാത്തി എന്നയാൾ തുടങ്ങിയ ഫാസ്റ്റു ഫുഡ് ശൃംഖലയാണ് ചിക്ക് ഫിൽ എ. ചെറിയ രീതിയിൽ തുടങ്ങിയ സംരംഭം പിന്നീട് അമേരിക്കയിൽ വ്യാപകമാകുകയായിരിന്നു. തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് അസുഖം ബാധിച്ചപ്പോള്‍ അത് പരസ്യമായി ദൈവ സന്നിധിയില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് ബെൽമൗൺഡിലെ ചിക്ക്-ഫിൽ-എ ജീവനക്കാര്‍.

More Archives >>

Page 1 of 361