News - 2025

ലോക വ്യാപകമായി മതസ്വാതന്ത്ര്യത്തിന് കടുത്ത വെല്ലുവിളി: യൂറോപ്യന്‍ യൂണിയന്‍

സ്വന്തം ലേഖകന്‍ 08-09-2018 - Saturday

ബ്രസ്സല്‍സ്: ഭാരതം അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗൗരവമര്‍ഹിക്കുന്ന രീതിയിലുള്ള കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുമായി യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ പാര്‍ലമെന്റിലെ ഇന്റര്‍ഗ്രൂപ്പ് ഓണ്‍ ഫ്രീഡം ഓഫ് റിലീജിയന്‍ തയ്യാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് മതസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളത്. മതസ്വാതന്ത്ര്യം ഭീഷണിയിലായിട്ടുള്ള 34 രാഷ്ട്രങ്ങളില്‍ നടത്തിയ പഠനത്തില്‍ 19 രാജ്യങ്ങളില്‍ കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഘാനിസ്ഥാന്‍, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്, ചൈന, ഉത്തര കൊറിയ, ഈജിപ്ത്, ഇറാന്‍, ഇറാഖ്, സൗദി അറേബ്യ, മ്യാന്‍മര്‍, നൈജീരിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്നത്.

ഇന്ത്യയിലെ മത ഭൂരിപക്ഷമായ ഹിന്ദു മതത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്കും, ഇസ്ലാമിലേക്കും മതപരിവര്‍ത്തനം തടയുന്ന മതപരിവര്‍ത്തന നിരോധന നിയമത്തെക്കുറിച്ചും, പശുവിന്റെ പേരില്‍ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ചുമുള്ള ആശങ്കകളും റിപ്പോര്‍ട്ടില്‍ പങ്കുവെക്കുന്നുണ്ട്. പാക്കിസ്ഥാനിലെ മതനിന്ദാ നിയമത്തെ ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

പീനല്‍ കോഡ് സെക്ഷന്‍ 295c166 കീഴില്‍ ഏതാണ്ട് ഇരുപതോളം നിരപരാധികള്‍ വധശിക്ഷയും കാത്ത് പാക്കിസ്ഥാനിലെ ജയിലുകളില്‍ കഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 1990 മുതല്‍ മതനിന്ദയുടെ പേരില്‍ ഏറ്റവും ചുരുങ്ങിയത് 71 പേര്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രതീക്ഷക്ക് വകനല്‍കുന്ന ചില കാര്യങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇന്റര്‍നാഷണല്‍ റെയിന്‍ ഫോറസ്റ്റ് ഇനീഷ്യെറ്റീവ്, ഗ്ലോബല്‍ ആംഗ്ലിക്കന്‍ കമ്മീഷന്‍, ബുറുണ്ടിയിലെ മതനേതാക്കളുടെ സമാധാന ഉടമ്പടി പുതുക്കല്‍, ഇന്തോനേഷ്യയില്‍ മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്ന നിയമം എന്നിവയാണ് മതസ്വാതന്ത്ര്യത്തിന് പ്രതീക്ഷ നല്‍കുന്ന നടപടികള്‍.

More Archives >>

Page 1 of 360