News - 2024

ജെസ്യൂട്ട് വെെദികന് ഇസ്ലാമിക സർവ്വകലാശാലയുടെ അവാർഡ്

സ്വന്തം ലേഖകൻ 15-09-2018 - Saturday

ന്യൂഡൽഹി: ഉത്തർപ്രദേശിൽ സ്ഥിതി ചെയ്യുന്ന ഇസ്ലാമിക സർവ്വകലാശാലയായ അലിഗഢ് മുസ്ലിം സർവകലാശാലയുടെ 'സയിദ് എക്സലൻസ്' അവാർഡ് ജർമ്മൻ സ്വദേശിയായ ഈശോ സഭാ വെെദികന്. ഫാ. ക്രിസ്റ്റ്യൻ ട്രോളിനാണ് അവാർഡ്. ക്രെെസ്തവ മുസ്ലിം മതാന്തര സംവാദങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഫാ. ക്രിസ്റ്റ്യന്, സർ സയിദ് എക്സലൻസ് അവാർഡ് നൽകുന്നത്.

ഒക്ടോബർ മാസം പതിനേഴാം തീയതി സർവകലാശാലയിൽ നടക്കാനിരിക്കുന്ന പ്രത്യേക ആഘോഷത്തിൽ ബഹുമതി സമ്മാനിക്കുമെന്ന് അലിഗഢ് സർവകലാശാലയിലെ ഖുറാൻ പഠന വിഭാഗത്തിന്റെ തലവൻ പ്രൊഫസർ അബ്ദുൽ കിദ്വായി വ്യക്തമാക്കി. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ സ്ഥിതി ചെയ്യുന്ന ഈശോ സഭയുടെ ദെെവശാസ്ത്ര കോളേജിൽ പ്രൊഫസർ എമിരിറ്റസ് പദവിയിൽ ശുശ്രൂഷ ചെയ്യുകയാണ് ഫാ. ക്രിസ്റ്റ്യൻ.

സ്കൂൾ ഒാഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ നിന്നാണ് ഫാ. ക്രിസ്റ്റ്യൻ ട്രോൾ ഡോക്ടറേറ്റ് നേടിയത്. 1976 മുതൽ പന്ത്രണ്ടു വർഷം ഡൽഹിയിലെ വിദ്യാജോതി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് റിലീജിയസ് സ്റ്റഡിസിൽ ഫാ. ക്രിസ്റ്റ്യൻ അധ്യാപകനായി ജോലി ചെയ്തിരിന്നു. വത്തിക്കാന്റെ മതാന്തര സംവാദങ്ങൾക്കായുളള പൊന്തിഫിക്കൽ കൗൺസിലിലെ അംഗമായിട്ടും ഏതാനും വർഷം ഫാ. ക്രിസ്റ്റ്യൻ ട്രോൾ പ്രവർത്തിച്ചിട്ടുണ്ട്. ഇസ്ലാമിക ചിന്തകനായിരുന്ന സർ സയിദ് അഹമ്മദ് ഖാനാണ് പത്തൊൻപതാം നൂറ്റാണ്ടിൽ അലിഗഢ് മുസ്ലിം സർവകലാശാലയ്ക്ക് അടിത്തറ പാകിയത്.


Related Articles »