Life In Christ

മാർപാപ്പ ചുംബിച്ച ബാലികയുടെ ട്യൂമർ അത്ഭുതകരമായി സുഖപ്പെട്ടു; റിപ്പോര്‍ട്ടുമായി അന്താരാഷ്ട്ര മാധ്യമങ്ങൾ

സ്വന്തം ലേഖകന്‍ 21-08-2018 - Tuesday

ഫിലാഡെൽഫിയ: ഫ്രാന്‍സിസ് മാര്‍പാപ്പ ചുംബിച്ച മൂന്നു വയസ്സുകാരി ബാലികയുടെ ട്യൂമർ അത്ഭുതകരമായി സുഖപ്പെട്ടുവെന്ന റിപ്പോര്‍ട്ടുമായി അന്താരാഷ്ട്ര മാധ്യമങ്ങൾ. ഡെയിലി വയര്‍, ദി സണ്‍, മിറര്‍ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളാണ് ജിയന്ന മാസിയൻറ്റോണിയോ എന്ന പെൺകുഞ്ഞിന് ലഭിച്ച അത്ഭുതസൌഖ്യം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2014-ല്‍ അമേരിക്കയിലെ ഫിലാഡെൽഫിയയിലാണ് ജിയന്ന മാസിയൻറ്റോണിയോ ജനിക്കുന്നത്. ജനിച്ച് നാലു മാസം പ്രായം ആയപ്പോൾ കുഞ്ഞിന്റെ തലച്ചോറിന്റെ സമീപത്തായി ഒരു ട്യൂമർ രൂപപ്പെടുകയായിരിന്നു.

സമീപത്തുളള കുട്ടികൾക്കു വേണ്ടിയുള്ള ആശുപത്രിയിൽ ജിയന്നയുടെ ചികിൽസ ആരംഭിച്ചുവെങ്കിലും സാഹചര്യങ്ങള്‍ പ്രതികൂലമായിരിന്നു. കുഞ്ഞിന് ശസ്ത്രക്രിയ നടത്തുന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. അതിനാൽ കുഞ്ഞിന് ഏതാനും ദിവസങ്ങൾ മാത്രമാണ് ഡോക്ടർമാർ ആയുസ് പ്രവചിച്ചത്. പ്രാർത്ഥന മാത്രമാണ് ഏക പ്രതീക്ഷയെന്ന്‍ തിരിച്ചറിഞ്ഞ കുഞ്ഞിന്റെ മാതാപിതാക്കള്‍ ദൈവത്തിങ്കലേക്ക് തിരിയുകയായിരിന്നു. ഇതിനിടെ 2015 സെപ്റ്റംബർ മാസത്തിൽ ഫ്രാൻസിസ് മാർപാപ്പ ഫിലാഡെൽഫിയ സന്ദർശിക്കുന്ന വിവരം ജിയന്നയുടെ മാതാപിതാക്കൾ അറിഞ്ഞു.

ശക്തമായ തിരക്കുകളെ അതിജീവിച്ച് ഒരുപാട് ശ്രമങ്ങൾക്കു ശേഷം മാർപാപ്പ കടന്നു പോകുന്ന വഴിക്കു സമീപം ജിയന്നയുടെ മാതാപിതാക്കൾ സ്ഥാനമുറപ്പിച്ചു. ഫ്രാൻസിസ് മാർപാപ്പ കടന്നു പോകുന്ന സമയത്ത് കുഞ്ഞിനെ കെെയിലേയ്ക്കു ഉയർത്തി നൽകാൻ സ്വിസ് ഗാർഡിനോട് അവര്‍ അഭ്യര്‍ത്ഥിക്കുകയായിരിന്നു. തുടര്‍ന്നു ഗാര്‍ഡ് കെെയിൽ ഉയർത്തി പിടിച്ച കുഞ്ഞിന് ഫ്രാൻസിസ് പാപ്പ ശിരസ്സിൽ ഒരു ചുംബനം നൽകി. പ്രാര്‍ത്ഥനാപൂര്‍വ്വം അവിടെ നിന്ന്‍ ജിയന്നയുടെ മാതാപിതാക്കള്‍ മടങ്ങിപോന്നു.

പിന്നീട് കുറച്ചു മാസങ്ങൾക്കു ശേഷം നടത്തിയ പരിശോധനയിലാണ് ജിയന്നയുടെ ട്യൂമർ അത്ഭുതകരമായി ചുരുങ്ങിയതായി കാണപ്പെട്ടത്. കീമോക്കു ശേഷം ഡോക്ടര്‍മാര്‍ അസാധ്യം എന്നു പറഞ്ഞ ജിയന്നയുടെ ട്യൂമർ പൂർണമായും സുഖപ്പെടുകയായിരിന്നു. ഈ ആഴ്ച ജിയന്നയെ പരിചരിച്ച ആശുപത്രിയിൽ എത്തിയ കുഞ്ഞിന്റെ മാതാപിതാക്കൾ വലിയൊരു തുക കുട്ടികളുടെ കാൻസർ ചികിൽസകൾക്കായി സംഭാവന ചെയ്തു. യേശുവിലുള്ള ദെെവ വിശ്വാസമാണ് കുഞ്ഞിനെ സുഖപ്പെടുത്തിയതെന്ന് ഉറച്ചു വിശ്വസിക്കുകയാണ് ഈ മാതാപിതാക്കൾ.

More Archives >>

Page 1 of 4