News - 2024
ഫ്രാന്‍സിസ് പാപ്പയുടെ ബാള്‍ട്ടിക് സന്ദര്‍ശനം ഇന്ന് ആരംഭിക്കും
സ്വന്തം ലേഖകന്‍ 22-09-2018 - Saturday
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ഇരുപത്തിയഞ്ചാം വിദേശ അപ്പസ്തോലിക പര്യടനം ഇന്നു ആരംഭിക്കും. ലിത്വാനിയ, ലാത്വിയ, എസ്തോണിയ എന്നി ബാള്‍ട്ടിക് നാടുകളിലാണ് പാപ്പ ത്രിദിന സന്ദര്‍ശനം നടത്തുന്നത്. ബാൾട്ടിക് കടലുമായി ബന്ധപ്പെടുത്തിയാണ് ഈ നാടുകളെ ബാള്‍ട്ടിക് രാജ്യങ്ങൾ എന്നു വിളിക്കുന്നത്. അപ്പസ്തോലിക സന്ദര്‍ശനത്തില്‍ ചെറുതും വലുതുമായ പതിനഞ്ചോളം പ്രഭാഷണങ്ങള്‍ പാപ്പ നടത്തും.
ഇന്ന് (22/09/18) റോമില്‍ നിന്നു പുറപ്പെടുന്ന ഫ്രാന്‍സിസ് പാപ്പ ആദ്യം ലിത്വാനിയയിലാണ് എത്തിച്ചേരുക. തിങ്കളാഴ്ച പാപ്പ ലാത്വിയയിലേക്കു പോകും. അന്നുതന്നെ ലിത്വാനിയിയില്‍ തിരിച്ചെത്തുന്ന പാപ്പാ അടുത്തദിവസം, (ചൊവ്വാഴ്ച) എസ്തോണിയയിലേക്കു പോകുകയും അവിടെനിന്നു റോമിലേക്കു മടങ്ങുകയും ചെയ്യും. രാഷ്ട്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച, സഭൈക്യകൂട്ടായ്മകള്‍, യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചകള്‍, സഭാപ്രതിനിധികളും വൈദികരും സന്ന്യസ്തരുമായുള്ള സംവാദം, ജനങ്ങള്‍ക്കൊപ്പം പാപ്പ അര്‍പ്പിക്കുന്ന സമൂഹബലി എന്നിവ ഓരോ രാജ്യത്തെയും സന്ദര്‍ശനപരിപാടിയില്‍ ഉള്‍പ്പെടുന്നു.
ബാള്‍ട്ടിക്ക് നാടുകളില്‍ എത്തുന്ന രണ്ടാമത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ. ഇതിനു മുമ്പ് ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത് വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പാപ്പ ആയിരുന്നു. 1993 സെപ്റ്റംബര്‍ 4 മുതല്‍ 10 വരെ ആയിരുന്നു ജോണ്‍ പോള്‍ പാപ്പ ഇവിടെ അപ്പസ്തോലിക പര്യടനം നടത്തിയത്.