News - 2024

സിസ്റ്റർ ലൂസിക്ക് എതിരെ നടപടിയെന്ന് വ്യാജ വാർത്ത

സ്വന്തം ലേഖകന്‍ 23-09-2018 - Sunday

കൽപ്പറ്റ: മാനന്തവാടി രൂപതാംഗവും ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് അംഗവുമായ സിസ്റ്റർ ലൂസിക്ക് എതിരെ പ്രതികാര നടപടികൾ എന്ന പേരിൽ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് മാനന്തവാടി രൂപതയിലെ സെന്റ് മേരീസ് കാരക്കാമല ഇടവക വികാരി ഫാ. സ്റ്റീഫൻ കോട്ടക്കൽ സർക്കുലർ പുറത്തിറക്കി. തങ്ങളുടെ കുട്ടികള്‍ക്ക് വിശ്വാസപരിശീലനം നല്കുന്നതിൽ ബുദ്ധിമുട്ടുണ്ട് എന്ന് ഇടവകയുടെ ആലോചനാസമിതി അറിയിച്ചതിനെ തുടർന്ന് അത് അവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും പ്രസ്തുത കാര്യം എഫ്.സി.സി. കാരക്കാമല സമൂഹത്തിന്‍റെ സുപ്പീരിയറെ അറിയിക്കുകയും ചെയ്യുകയായിരുന്നുവെന്നു സർക്കുലറിൽ പറയുന്നു.

സി. ലൂസിക്കെതിരെ പ്രതികാരനടപടികള്‍ രൂപത സ്വീകരിച്ചു എന്ന വാര്‍ത്ത വ്യാജമാണ്. ഇടവകക്കൂട്ടായ്മയുടെ ആത്മീയമായ വളര്‍ച്ചയും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ഉത്തരവാദിത്വപ്പെട്ട വ്യക്തി എന്ന നിലയില്‍ ഇടവകയില്‍ രൂപപ്പെട്ടിരിക്കുന്ന പൊതുവികാരത്തെ അവരുടെ സുപ്പീരിയര്‍ വഴി പ്രസ്തുത വ്യക്തിയുടെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.

സർക്കുലറിന്റെ പൂർണ്ണരൂപം ‍

സീറോ മലബാര്‍ സഭയുടെ വ്യക്തിനിയമം 144-ാം ആര്‍ട്ടിക്കിള്‍ പ്രകാരവും രൂപതാനിയമാവലി നമ്പര്‍ 371 പ്രകാരവും ഒരു ഇടവകസമൂഹത്തില്‍ വിശുദ്ധ കുര്‍ബാന നല്കുന്നതിന് സാധാരണശുശ്രൂഷകരായ വൈദികര്‍ക്കും ഡീക്കډാര്‍ക്കും പുറമേ അസാധാരണശുശ്രൂഷകരെ നിയോഗിക്കുന്നതിനുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. അപ്രകാരം നിയോഗിക്കപ്പെടുന്ന വ്യക്തികള്‍ ഈ ശുശ്രൂഷ നിര്‍വ്വഹിക്കേണ്ടത് വികാരിയച്ചന്‍റെ നിര്‍ദ്ദേശപ്രകാരമാണ് (സീറോ മലബാര്‍ സഭാനിയമം 144,7; രൂപതാനിയമാവലി 371, യ). തനിക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന വിശ്വാസസമൂഹത്തെ വിശ്വാസത്തില്‍ വളര്‍ത്താനും പരിപാലിക്കാനും കടപ്പെട്ട ഇടവകവികാരി തന്നെയാണ് ആ ഇടവകയുടെ വിശ്വാസപരിശീലനകാര്യങ്ങള്‍ക്കും നേതൃത്വം നല്കേണ്ടത്. വിശ്വാസപരിശീലനം നല്കേണ്ടവരെ നിയമിക്കുന്നതും വികാരിയച്ചന്‍ തന്നെയാണ്. വിശുദ്ധ കുര്‍ബാന നല്കുന്നതിനും വിശ്വാസപരിശീലനം നല്കുന്നതിനും നിയോഗിക്കപ്പെടുന്നവര്‍ ഇടവകാസമൂഹത്തിന് സമ്മതരും തിരുസ്സഭയുടെ നടപടിക്രമങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നവരുമായിരിക്കണം എന്നത് സഭാനിയമപ്രകാരം നിര്‍ബന്ധമുള്ള കാര്യമാണ്.

കാരക്കാമല ഇടവകയിലെ എഫ്.സി.സി. സന്ന്യാസസമൂഹത്തിന്‍റെ സുപ്പീരിയറുമായി ആലോചിച്ച് ഇടവകയില്‍ വിശ്വാസപരിശീലനത്തിനും വിശുദ്ധകുര്‍ബാന നല്കുന്നതിനും അവരുടെ സമൂഹാംഗങ്ങളുടെ സേവനം ലഭ്യമാക്കിയിരുന്നു. സി. ലൂസി എഫ്.സി.സി. സുപ്പീരിയറുടെ നിര്‍ദ്ദേശാനുസരണം മറ്റുള്ളവരോടൊപ്പം ഇക്കാര്യങ്ങളില്‍ സഹകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അടുത്തിടെയായി സാമൂഹ്യമാധ്യമങ്ങളിലുള്ള എഴുത്തിലൂടെയും മറ്റ് മാധ്യമങ്ങളില്‍ സന്നിഹിതയായും സിസ്റ്റര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഇടവകയിലെ വിശ്വാസസമൂഹത്തിന് അവരുടെ വിശ്വാസജീവിതവും ആത്മീയദര്‍ശനവുമായി പൊരുത്തപ്പെടുന്നതല്ല എന്ന് പ്രകടമായി അനുഭവപ്പെടുകയും പലരും അത് ഫോണ്‍മുഖേന എന്നെ അറിയിക്കുകയും ചെയ്തു. മേല്‍പ്പറഞ്ഞതരം ആശയഗതികളുള്ളവര്‍ പരിശുദ്ധ കുര്‍ബാന തങ്ങള്‍ക്കെഴുന്നള്ളിച്ചുതരുന്നതിലും തങ്ങളുടെ കുട്ടികള്‍ക്ക് വിശ്വാസപരിശീലനം നല്കുന്നതിലും ബുദ്ധിമുട്ടുണ്ട് എന്ന് ഇടവകയുടെ ആലോചനാസമിതി സമ്മേളിച്ചപ്പോള്‍ അവര്‍ ശ്രദ്ധയില്‍പ്പെടുത്തുകയും പ്രസ്തുത കാര്യം എഫ്.സി.സി. കാരക്കാമല സമൂഹത്തിന്‍റെ സുപ്പീരിയറെ അറിയിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട സുപ്പീരിയര്‍ ഈ വിവരം സി. ലൂസിയെ ധരിപ്പിച്ചിട്ടുണ്ട്.

സി. ലൂസിക്കെതിരെ പ്രതികാരനടപടികള്‍ രൂപത സ്വീകരിച്ചു എന്ന വാര്‍ത്ത വ്യാജമാണ്. അതേസമയം ഇടവകക്കൂട്ടായ്മയുടെ ആത്മീയമായ വളര്‍ച്ചയും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ഉത്തരവാദിത്വപ്പെട്ട വ്യക്തി എന്ന നിലയില്‍ ഇടവകയില്‍ രൂപപ്പെട്ടിരിക്കുന്ന പൊതുവികാരത്തെ അവരുടെ സുപ്പീരിയര്‍ വഴി പ്രസ്തുത വ്യക്തിയുടെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഒരു കത്തോലിക്കാവിശ്വാസി എന്ന നിലയിലും സന്ന്യാസിനി എന്ന നിലയിലും സഭാപരമായ യാതൊരു വിലക്കുകളും സിസ്റ്റര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും വസ്തുതാവിരുദ്ധവും കെട്ടിച്ചമച്ചതുമാണ്.

ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ വികാരി
സെന്‍റ് മേരീസ് ചര്‍ച്ച്, കാരക്കാമല.


Related Articles »