News

പ്രതിബന്ധങ്ങള്‍ കീഴടക്കാമെങ്കിലും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ മനസ്സുണ്ടാകണം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 24-09-2018 - Monday

വത്തിക്കാന്‍ സിറ്റി: പ്രതിബന്ധങ്ങള്‍ നമ്മെ താല്ക്കാലികമായി കീഴടക്കാമെങ്കിലും അതിന്‍റെ പിടിയിലമര്‍ന്നുപോകാതെ, ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ മനസ്സും കരുത്തുമുണ്ടാകണമെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ബാള്‍ട്ടിക് രാജ്യമായ ലിത്വാനിയ സന്ദര്‍ശനത്തിലെ യുവജനസംഗമത്തില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ജീവിതം നന്മ ചെയ്യാനുള്ളതാണെന്നും ഒരാള്‍ ജീവിതവിശുദ്ധി നേടുന്നത് സഹോദരങ്ങളുടെ കൂട്ടായ്മയില്‍ അവരുമായി സംവദിച്ചും ഇടപഴകിയും അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവര്‍ക്ക് നന്മചെയ്ത് മുന്നോട്ടു പോകുമ്പോഴാണെന്നും പാപ്പ പറഞ്ഞു.

നിങ്ങളുടെ ജീവിതം ഒരു നാടകശാലയല്ല! ഒരു തീയറ്ററിലോ വീഡിയോ കളിയിലോ എന്നപോലെ ഒരു ക്ലിപ്തസമയത്ത് ജീവിതം തീരുന്നില്ല. നാടകം അവസാനരംഗത്തോടെയും കളി ഒരാള്‍ ജയിക്കുന്നതോടെയും അവസാനിക്കുന്നു. എന്നാല്‍ ജീവിതകാലം ദൈവനിശ്ചയമാണ്. നമ്മുടെ ഹൃദയസ്പന്ദനം ദൈവകരങ്ങളിലാണ്. അത് നിലയ്ക്കുമ്പോള്‍ നമ്മുടെ ജീവിതവും അവസാനിക്കുന്നു. നമ്മുടെ ജീവിതത്തില്‍ കെടുതികളും തകര്‍ച്ചകളും ഉണ്ടാകുന്ന സമയമുണ്ടാകും. ഉദാഹരണത്തിന് നാമിന്ന് സമ്മേളിച്ചിരിക്കുന്നത് ഇവിടത്തെ ഭദ്രാസന ദേവാലയത്തിന്‍റെ മുറ്റത്താണ്.

ഒരു നൂറ്റാണ്ടുമുന്‍പ് സോവിയറ്റ് സ്വേച്ഛാശക്തികള്‍ വന്ന് നിലംപരിശാക്കിയതായിരുന്നു. തീകൊളുത്തി നശിപ്പിച്ചതാണ്. എന്നാല്‍ ലിത്വാനിയയിലെ ക്രൈസ്തവര്‍ അത് വീണ്ടും പൂര്‍വ്വോപരി മനോഹരമാക്കി പണിതുയര്‍ത്തി. ഈ നാടിന്റെ രണ്ടു മഹാവിശുദ്ധന്മാരായ സ്റ്റാനിസ്ലാവൂസ്, വെനിസ്ലാവൂസിന്‍റെ പേരില്‍ ഇന്നുമത് തലയുയര്‍ത്തി നില്ക്കുന്നു. പ്രതിബന്ധങ്ങള്‍ നമ്മെ താല്ക്കാലികമായി കീഴടക്കാമെങ്കിലും നാം അതിന്‍റെ പിടിയിലമര്‍ന്നുപോകാതെ, പുനര്‍നിര്‍മ്മിക്കാനും ഉയിര്‍ത്തെഴുന്നേല്ക്കാനും മനസ്സുണ്ടാവണം, കരുത്തുണ്ടാവണം.

ഇവിടത്തെ ജനങ്ങള്‍ പീഡനങ്ങള്‍ വിതച്ച് നാശത്തില്‍ അമര്‍ന്നുപോകാന്‍ സ്വയം അനുവദിക്കാതിരുന്നവരാണ്. അവര്‍ ഒരിക്കലും തകര്‍ച്ചകളില്‍ വിട്ടുകൊടുത്തില്ല. തകര്‍ച്ചകളില്‍നിന്നും ഉയരുകയും വളരുകയും ചെയ്തു. ഒറ്റയ്ക്ക് ജീവിച്ചുകൊണ്ടല്ല, മറിച്ച് നമുക്കുള്ളതു മറ്റുള്ളവരുമായി സമൂഹത്തിലും കുടുംബത്തിലും പങ്കുവച്ചുകൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. മാര്‍പാപ്പയെ ശ്രവിക്കാന്‍ ലിത്വാനിയയുടെ നാനാഭാഗങ്ങളില്‍നിന്നും ആയിരക്കണക്കിന് യുവജനങ്ങള്‍ എത്തിയിരുന്നു.


Related Articles »