News - 2024

നൈജീരിയയില്‍ ഇസ്രായേല്‍ എംബസിയുടെ ബൈബിള്‍ മത്സരം

സ്വന്തം ലേഖകന്‍ 24-09-2018 - Monday

അബൂജ: ക്രിസ്ത്യന്‍- യഹൂദ ബന്ധത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുവാന്‍ നൈജീരിയയിലെ ഇസ്രായേലി എംബസി ഒരുങ്ങുന്നു. ബൈബിള്‍ പഴയ നിയമത്തെ ആസ്പദമാക്കി ഒക്ടോബര്‍ മാസത്തില്‍ ഒന്നാമത് ദേശീയ ബൈബിള്‍ മത്സരം സംഘടിപ്പിക്കുവാനാണ് ഇസ്രായേലി എംബസ്സി ഒരുങ്ങുന്നത്. എംബസിയുടെ തലവനായ നാദവ് ഗോരെന്‍ ആണ് ഇതു സംബന്ധിച്ച പ്രസ്താവന പുറത്തു വിട്ടിരിക്കുന്നത്. ‘ലിവിംഗ് പീസ്ഫുള്ളി ഇന്‍ ദി പ്രോമിസ്ഡ് ലാന്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന ബൈബിള്‍ മത്സരം ഇസ്രായേലി മിനിസ്ട്രി ഓഫ് എഡ്യൂക്കേഷനും, ക്രിസ്റ്റ്യന്‍സ് യുണൈറ്റഡ് ഫോര്‍ ഇസ്രായേലും(CUFI) സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് വിശുദ്ധ നാട്ടിലേക്ക് സൗജന്യ സന്ദര്‍ശനത്തിനുള്ള അവസരം ലഭിക്കും.

മൂന്ന് ഘട്ടങ്ങളിലായിട്ടായിരിക്കും ബൈബിള്‍ മത്സരം നടത്തുക. ഈ വരുന്ന ഒക്ടോബറിലായിരിക്കും ആദ്യഘട്ട മത്സരം നടക്കുക. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഇന്റര്‍നെറ്റിലൂടെയായിരിക്കും മത്സരം സംഘടിപ്പിക്കുന്നത്. ഇതില്‍ വിജയിക്കുന്നവര്‍ അടുത്ത ‘ജിയോ-പൊളിറ്റിക്കല്‍ സോണ്‍’ ഘട്ടത്തില്‍ പരസ്പരം മത്സരിക്കേണ്ടതായി വരും. വിവിധ ജിയോ-പൊളിറ്റിക്കല്‍ സോണില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 12 പേരെ പങ്കെടുപ്പിച്ച് കൊണ്ട് നവംബര്‍ മാസത്തില്‍ നൈജീരിയന്‍ തലസ്ഥാനമായ അബൂജായില്‍ വെച്ച് നടക്കുന്ന അവസാന എഴുത്തു പരീക്ഷയായിരിക്കും വിജയികളെ നിശ്ചയിക്കുക.

ബൈബിളിലുടനീളം കാണാവുന്ന ആശയമാണ് സമാധാനവും, അനുരജ്ഞനവും. ഈ ആശയം ഇന്നും പ്രസക്തമാണ് അതിനാലാണ് ഈ ആശയം മുഖ്യം പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഗോരെന്റെ പ്രസ്താവനയില്‍ പറയുന്നു. തിരഞ്ഞെടുപ്പിലും, അതിനു ശേഷവും അക്രമം ഉപേക്ഷിക്കുവാന്‍ നൈജീരിയക്കാര്‍ക്കുള്ള ഒരു സന്ദേശം കൂടിയാണ് ഈ പ്രമേയം തിരഞ്ഞെടുത്തതിന്റെ പിന്നിലെ മറ്റൊരു ലക്ഷ്യമെന്നും ഗോരെന്‍ പറഞ്ഞു. നൈജീരിയക്കാരുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുന്നതിനു ഈ മത്സരം കാരണമാകും എന്ന പ്രതീക്ഷിക്കുന്നതായി നൈജീരിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

More Archives >>

Page 1 of 367