News - 2024

വിശ്വാസത്തിന് സാക്ഷ്യമേകി ‘മെയിഡ് ഫോര്‍ ഹാപ്പിനെസ്സ്’ അമേരിക്കന്‍ കൂട്ടായ്മ

സ്വന്തം ലേഖകന്‍ 29-09-2018 - Saturday

മിഷിഗണ്‍: അമേരിക്കയിലെ മിഷിഗണ്‍ സംസ്ഥാനത്തിലെ ലാന്‍സിംഗ് രൂപത സംഘടിപ്പിച്ച ‘മെയിഡ് ഫോര്‍ ഹാപ്പിനെസ്സ്’ രൂപതാ കൂട്ടായ്മ വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 14,000-ത്തോളം കത്തോലിക്കരാണ് കൂട്ടായ്മയില്‍ പങ്കുചേര്‍ന്ന് തങ്ങളുടെ വിശ്വാസം ഏറ്റുപറഞ്ഞത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 22 ശനിയാഴ്ച മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്സില്‍ വെച്ചായിരുന്നു കൂട്ടായ്മ സംഘടിപ്പിച്ചത്. കൂട്ടായ്മക്ക് മുന്‍പായി സംസ്ഥാന തലസ്ഥാനമായ ലാന്‍സിംഗ് നഗരത്തില്‍ ദിവ്യകാരുണ്യവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിലും ആയിരങ്ങളാണ് പങ്കെടുത്തത്.

മിന്നസോട്ട-ഡുലൂത്ത് യൂണിവേഴ്സിറ്റിയിലെ ന്യൂമാന്‍ സെന്ററിലെ ചാപ്ലൈനായ ഫാ. മൈക് ഷ്മിറ്റ്സ്, കത്തോലിക്കാ രചയിതാവും, പ്രഭാഷകയും, റേഡിയോ അവതാരകയുമായ ജെന്നിഫര്‍ ഫുള്‍വിലെര്‍, ഹോപ്‌ ആന്‍ഡ്‌ പര്‍പ്പസ് മിനിസ്ട്രിയിലെ ഡീക്കന്‍ ലാറി ഓണി, ലാന്‍സിംഗ് രൂപതാ മെത്രാനായ ഏള്‍ ബോയ തുടങ്ങിയവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തി. ഒരു ക്രിസ്ത്യാനിക്ക് ചേര്‍ന്ന വിധം സുവിശേഷവത്കരണം നടത്തുവാനും, ദൈനംദിന ജീവിതത്തിലും, ജോലിസ്ഥലത്തും, സമൂഹ ജീവിതത്തിലും തങ്ങളുടെ വിശ്വാസത്തെ മുറുകെപ്പിടിക്കുവാന്‍ ഈ കൂട്ടായ്മ വിശ്വാസികളെ സഹായിക്കുമെന്ന് രൂപതാ വക്താവായ മൈക്കേല്‍ ഡിബോള്‍ഡ് പറഞ്ഞു. രൂപതയില്‍ സ്ഥിരമായി വിശുദ്ധ കുര്‍ബാനയില്‍ പങ്ക് കൊള്ളുന്നവരില്‍ 25 ശതമാനത്തോളം പേര്‍ കൂട്ടായ്മയില്‍ പങ്കെടുത്തുവെന്നത് ശ്രദ്ധേയമാണ്.

More Archives >>

Page 1 of 368