News - 2024
മിഷ്ണറി വർഷത്തിന് മെക്സിക്കോയിൽ ആരംഭം
സ്വന്തം ലേഖകന്‍ 08-10-2018 - Monday
മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിൽ മിഷ്ണറി വർഷത്തിന് ആരംഭം. കാവൽ മാലാഖമാരുടെ തിരുനാൾ ദിനമായ ഒക്ടോബർ രണ്ടിന് മിഷ്ണറി വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന ദിവ്യബലിയിൽ, ജനതകളുടെ സുവിശേഷവത്ക്കരണത്തിന് വേണ്ടിയുള്ള തിരുസംഘത്തിന്റെ അസിസ്റ്റന്‍റ് സെക്രട്ടറിയും പൊന്തിഫിക്കൽ മിഷൻ സൊസൈറ്റീസ് പ്രസിഡന്റുമായ മോൺ.ഗിയംപിയട്രോ ദാൽ ടോസോ മുഖ്യകാർമ്മികത്വം വഹിച്ചു. സാന്ത മരിയ ഡേ ഗുദാൽ പെ ബസിലിക്ക ദേവാലയത്തിൽ സന്ദേശം നല്‍കിയ അദ്ദേഹം, സഭയുടെ മിഷ്ണറി ദൗത്യത്തെയാണ് തന്റെ പ്രസംഗത്തില്‍ ഉടനീളം പരാമര്‍ശിച്ചത്.
ക്രിസ്തു മരണമടഞ്ഞതും ഉത്ഥാനം ചെയ്തതും ലോകത്തിലെ ഓരോ മനുഷ്യരെയും പാപത്തിന്റെ അടിമത്വത്തിൽ നിന്നും മോചിപ്പിക്കാനാണ്. പ്രലോഭനങ്ങളെ അതിജീവിക്കാൻ ഓരോ മനുഷ്യർക്കും കാവൽ മാലാഖയുടെ സംരക്ഷണമുണ്ട്. നന്മയുടെ പാത തിരഞ്ഞെടുക്കാൻ അവർ നമ്മെ സഹായിക്കുന്നു. അനുദിന ജീവിതത്തിൽ നാം ഓരോരുത്തരേയും സംരക്ഷിക്കാനും കൂട്ടിനും പിന്തുടരാനും ദൈവത്തിന്റെ ഉപകരണങ്ങളായ മാലാഖമാരെ നിയോഗിച്ചിരിക്കുന്നതെന്നും മോൺ.ദാൽ ടോസോ പറഞ്ഞു.
ദൈവം നമ്മോടു കൂടെയുണ്ട്. നമ്മുടെ നന്മയാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. ശിശുക്കളെ പോലെ നിഷ്കളങ്കരാകുമ്പോഴാണ് മാലാഖമാരുടെ സാമീപ്യം നമുക്ക് അനുഭവിക്കാനാവുന്നത്. ദൈവത്തിൽ ആശ്രയിക്കുമ്പോൾ ജീവിതം സമാധാനപൂർണമാക്കാം. നമ്മുടെ ജീവിതയാത്രയിൽ ദൈവത്തിന്റെ തിരുമുഖം ദർശിക്കാൻ മാലാഖമാരുടെ സഹായം നമുക്ക് ലഭിക്കും. മാലാഖമാരുടെ രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥം മിഷ്ണറി വർഷത്തിൽ രാജ്യത്തിന് ലഭിക്കട്ടെയെന്ന ആശംസയോടെയാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്. അടുത്ത ഒക്ടോബറില്‍ പ്രത്യേക പ്രാധാന്യത്തോടെ മിഷ്ണറി മാസമായി ആചരിക്കണമെന്ന പാപ്പയുടെ ആഹ്വാനത്തെ മുന്‍കൂട്ടി സ്വീകരിച്ചുകൊണ്ടാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മിഷ്ണറി വര്‍ഷത്തിന് മെക്സിക്കന്‍ സഭ ആരംഭം കുറിച്ചത്.