News - 2024
ആസാമിൽ വിശുദ്ധ ഡോൺ ബോസ്ക്കോയുടെ രൂപം തകർത്തു
സ്വന്തം ലേഖകന്‍ 08-10-2018 - Monday
ന്യൂഡൽഹി: ആസാമിലെ തേസ്പുര്‍ ബിഷപ്പ് ഹൗസിന് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ഡോൺ ബോസ്ക്കോയുടെ രൂപത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. സംസ്ഥാനത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തേസ്പുറിൽ സെപ്റ്റബർ ഇരുപത്തിയൊൻപതിനാണ് സംഭവം നടന്നത്. സാമൂഹിക വിരുദ്ധർ നടത്തിയ ആക്രമണത്തിൽ വിശുദ്ധന്റെ പ്രതിമയ്ക്കു നടുവിൽ ശൂന്യമായ നിലയിലാണ്. വിശുദ്ധന്റെ പ്രതിമയ്ക്കൊപ്പമുണ്ടായിരുന്ന രണ്ടു ബാലന്മാരുടേയും പ്രതിമകൾ തലയറ്റ നിലയിലാണ് കാണപ്പെട്ടത്. സാംസ്ക്കാരിക നഗരിയിൽ അരങ്ങേറിയ ഇത്തരം സംഭവം ദൗർഭാഗ്യകരമാണെന്ന് ആസാം ക്രിസ്ത്യൻ ഫോറം വക്താവ് അല്ലൻ ബ്രൂക്ക്സ് പ്രസ്താവിച്ചു.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീവ്ര ഹൈന്ദവ നിലപാടുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് അക്രമങ്ങൾ വർദ്ധിച്ചു വരുകയാണ്. സമാനമായ സംഭവം രണ്ടു വർഷങ്ങൾക്ക് മുൻപ് ഗുവാഹത്തിയിലും അരങ്ങേറിയിരുന്നു. ഇതിനെ തുടർന്നു നിരവധി സമ്മര്‍ദ്ധങ്ങളുടെ ഫലമായി വിശുദ്ധ ഡോൺ ബോസ്ക്കോയുടെ പ്രതിമ പ്രോവിൻഷ്യൽ ഹൗസിലേക്ക് മാറ്റി സ്ഥാപിച്ചിരിന്നു. 1920 മുതൽ ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സ്തുത്യർഹമായ സാമൂഹിക സേവനമാണ് സലേഷ്യൻ സഭയുടെ നേതൃത്വത്തിൽ നിർവഹിക്കുന്നത്. ഇതിനിടെയാണ് സലേഷ്യൻ സമൂഹ സ്ഥാപകന്റെ രൂപത്തിന് നേരെ വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.