News - 2024

ആസിയാ ബീബിയുടെ അപ്പീലിന്മേലുള്ള വിധി പിന്നീട്

സ്വന്തം ലേഖകന്‍ 09-10-2018 - Tuesday

ലാഹോര്‍: മതനിന്ദാ കുറ്റം ആരോപിച്ച് പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രൈസ്തവ വനിതാ ആസിയാ ബീബി സമര്‍പ്പിച്ച അപ്പീലിന്മേലുള്ള വിധി പിന്നീട് പ്രസ്താവിക്കുമെന്നു പാക് സുപ്രീംകോടതിയുടെ മൂന്നംഗ സ്‌പെഷല്‍ ബെഞ്ച്. എന്നാണു വിധി പുറപ്പെടുവിക്കുകയെന്നു കോടതി വ്യക്തമാക്കിയില്ല .വിശദമായ വിധി പുറപ്പെടുവിക്കുന്നതുവരെ ഇതേക്കുറിച്ച് മാധ്യമങ്ങള്‍ പ്രതികരിക്കരുതെന്നു ചീഫ്ജസ്റ്റീസ് സാക്വിബ് നിസാര്‍ നിര്‍ദേശിച്ചു. ആസിയായുടെ കേസില്‍ വീണ്ടും അനിശ്ചിതത്വം ബാക്കിയാക്കിയാണ് വിധി നീളുന്നത്.

2009-ല്‍ ആണ് ആസിയായെ മതനിന്ദാകുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസികളായ മുസ്ലീം സ്ത്രീകള്‍ ആസിയാ ബീബിയ്ക്ക് എതിരെ വ്യാജകേസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ആസിയ ബീബീ ഇസ്ലാം പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്ന രീതിയില്‍ തങ്ങളോട് സംസാരിച്ചുവെന്നാണ് യുവതികള്‍ പോലീസില്‍ പരാതിപ്പെട്ടത്. 2010-ല്‍ നാങ്കണ ജില്ലാക്കോടതി ആസിയാ ബീബിക്ക് തൂക്കുകയര്‍ വിധിച്ചു. ഇതില്‍ ആസിയാ നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്നെങ്കിലും നീണ്ടുപോകുകയാണ്. വിവാഹിതയും അഞ്ച് കുട്ടികളുടെ അമ്മയുമായ ആസിയാ ബീബിക്ക് നേരിടേണ്ടി വന്ന അനീതിക്കെതിരെ ലോകമാകമാനം പ്രതിഷേധമുയര്‍ന്നിരുന്നു.

95 ശതമാനത്തില്‍ അധികം ജനങ്ങളും മുസ്ലീം വിശ്വാസികളായ രാജ്യമാണ് പാക്കിസ്ഥാന്‍. 1990 മുതല്‍ കഴിഞ്ഞ ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം പ്രവാചകനെ നിന്ദിച്ചുവെന്നും, ഖുറാനെ അപകീര്‍ത്തിപ്പെടുത്തിയെന്നും ആരോപണം നേരിട്ട 62 പേര്‍ക്കാണ് രാജ്യം വധശിക്ഷ നല്‍കിയത്. ഇതേ കുറ്റങ്ങള്‍ക്ക് പാക്കിസ്ഥാനിലെ വിവിധ ജയിലുകളില്‍ 40 പേര്‍ വധശിക്ഷ കാത്തു കഴിയുന്നുണ്ട്. പ്രാകൃതമായ നിയമം രാജ്യത്തിന്റെ നിയമവ്യവസ്ഥിതികളില്‍ നിന്നും എടുത്ത് മാറ്റണമെന്ന് യുഎന്‍ പലവട്ടം പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്.

More Archives >>

Page 1 of 372