News - 2024
പ്രോലെെഫ് ജീവകാരുണ്യ സംഘടനയോട് മാപ്പ് പറഞ്ഞ് ബ്രിട്ടണിലെ പ്രാദേശിക ഭരണകൂടം
സ്വന്തം ലേഖകന്‍ 19-10-2018 - Friday
ലണ്ടന്‍: പ്രോലെെഫ് ജീവകാരുണ്യ സംഘടനയെ കുറിച്ച് തെറ്റായ വിവരങ്ങൾ ആരോപിച്ച സംഭവത്തിൽ ബ്രിട്ടണിലെ ലാംബെത്ത് നഗരത്തിലെ പ്രാദേശിക ഭരണകൂടം മാപ്പു പറഞ്ഞു. ജൂലൈ മാസം ലാംബെത്ത് ഭരണകൂടം നടത്തിയ ഒരു പ്രദർശനത്തിൽ നിന്നും അകാരണമായി ലൈഫ് എന്ന സംഘടനയുടെ പ്രോലെെഫ് പ്രദർശന ചിത്രങ്ങളും മറ്റും നീക്കം ചെയ്തിരുന്നു. പിന്നീട് തെറ്റായ വിവരങ്ങൾ നൽകിയാണ് ലെെഫ് സംഘടന പ്രദർശനത്തിൽ പങ്കെടുത്തത് എന്ന് ട്വിറ്ററിലൂടെ ഭരണകൂടം ആരോപിച്ചു.
എന്നാൽ ജുലെെ മാസം നടന്ന പ്രദർശനത്തിൽ നിന്നും ലെെഫിന്റെ പ്രദർശന വസ്തുക്കൾ നീക്കം ചെയ്തത് തെറ്റായ നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന് ഒക്ടോബർ പന്ത്രണ്ടിന് ട്വിറ്ററിലൂടെ ലാംബെത്ത് ഭരണകൂടം കുറ്റസമ്മതം നടത്തി. ജൂലൈ മാസം ദക്ഷിണ ലണ്ടനിലെ ബ്രോക്ക് വെൽ പാർക്കിൽ നടന്ന വാർഷിക പ്രദർശനത്തിൽ ഏകദേശം ഒരുലക്ഷത്തിഅൻപതിനായിരം ആളുകളാണ് പങ്കെടുത്തത്. ശനിയാഴ്ച ദിവസം മുഴുവൻ ലെെഫ് സംഘടന പ്രദർശനത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ഞായറാഴ്ച ദിവസം 'ലെെഫ്' പ്രവർത്തകർ തിരികെ എത്തിയപ്പോൾ തങ്ങളുടെ പ്രദർശന വസ്തുക്കൾ മുഴുവൻ നീക്കം ചെയ്തതായാണ് കണ്ടത്.
ഒരു മുന്നറിയിപ്പും കൂടാതെയാണ് അവയെല്ലാം നീക്കം ചെയ്തത്. തങ്ങളുടെ മൂല്യങ്ങൾക്കു വിരുദ്ധമാണ് ലെെഫ് സംഘടനയുടെ പ്രവർത്തനം എന്നു മാത്രമാണ് ഭരണകൂടം പറഞ്ഞ്. എന്നാൽ ലെെഫിന്റെ പ്രോ ലെെഫ് പ്രവർത്തനമാണ് ഭരണകൂടത്തിനെ ഇങ്ങനെയൊരു നടപടിക്കു പ്രേരിപ്പിച്ചത്. എന്നാല്‍ പിന്നീട് തെറ്റ് തിരുത്തി അധികൃതര്‍ മാപ്പ് പറയുകയായിരിന്നു. ഗർഭാവസ്ഥയിലുളള സ്ത്രീകൾക്ക് പിന്തുണ നൽകുക, ഭവന രഹിതരായ ഗർഭിണികൾക്ക് താമസിക്കാനുളള സൗകര്യം നൽകുക തുടങ്ങിയവയാണ് ലെെഫ് സംഘടനയുടെ ചില പ്രവർത്തന മേഖലകൾ.