News

ഇറാഖിന്റെ പുനരുദ്ധാരണം: യുഎസ് പ്രതിനിധി വത്തിക്കാനിലെത്തി സഭാനേതൃത്വവുമായി കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖകന്‍ 19-10-2018 - Friday

വത്തിക്കാൻ സിറ്റി: പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവര്‍ക്ക് സഹായമെത്തിക്കാന്‍ നടപടികള്‍ സജീവമാക്കിക്കൊണ്ട് അമേരിക്കന്‍ പ്രതിനിധി വത്തിക്കാനിലെത്തി സഭാനേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. യുഎസ് ഇന്റർനാഷ്ണൽ എയിഡ് സംഘടനാതലവന്‍ മാർക്ക് ഗ്രീനാണ് ബുധനാഴ്ച വത്തിക്കാൻ പ്രതിനിധികളുമായും ഇറാഖി കർദിനാളുമായും കൂടിക്കാഴ്ച നടത്തിയത്. സംഘടനയുടെ നേതൃത്വത്തിൽ ഇറാഖിൽ നടത്തുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളും അടിയന്തര ധനസഹായവും മാർക്ക് ഗ്രീൻ സഭയുടെ പ്രതിനിധികളെ അറിയിച്ചു.

വത്തിക്കാന്‍റെ സംസ്ഥാന കാര്യാലയ മേധാവി ആര്‍ച്ച് ബിഷപ്പ് ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘറും മാനവ പുരോഗതിയ്ക്കായുള്ള വത്തിക്കാൻ വിഭാഗത്തിന്റെ തലവന്‍ കർദ്ദിനാൾ പീറ്റർ ടർക്ക്സണും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. നാൽപത്തിയഞ്ച് മില്ല്യൺ ഡോളർ അധിക തുക ഇറാഖിന്റെ പുനരുദ്ധാരണത്തിന് വകയിരുത്തിയതായി മാർക്ക് ഗ്രീൻ പറഞ്ഞു. നൈറ്റ്സ് ഓഫ് കൊളംബസ്, മാൾടസർ ഇന്‍റര്‍നാഷ്ണൽ, സമരിറ്റൻസ് പേഴ്സ് എന്നിവയുമായി ചേര്‍ന്നുള്ള പദ്ധതികള്‍ പ്രദേശത്ത് ഫലവത്താണെന്നും അദ്ദേഹം വിലയിരുത്തി. വടക്കൻ ഇറാഖിൽ മാത്രം ഇരുനൂറ്റിമുപ്പത്തിയൊൻപത് മില്യൺ ഡോളർ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.

അടിയന്തര സഹായം കൂടാതെ ദീർഘവീക്ഷണത്തോടെ പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്നതാണ് ഇറാഖിൽ ആവശ്യമെന്നും ഗ്രീൻ അഭിപ്രായപ്പെട്ടു. കൽദായ സഭയുടെ അദ്ധ്യക്ഷനും ബാഗ്ദാദ് ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ലൂയിസ് സാക്കോയേയും മാർക്ക് ഗ്രീൻ റോമിൽവച്ച് സന്ദർശിച്ചു. യുഎസ് ധനസഹായത്തെ വിമർശിച്ച് ഒക്ടോബർ പതിനാറിന് ആർച്ച് ബിഷപ്പ് സാക്കോ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം നടന്നതെന്നതും ശ്രദ്ധേയമാണ്.

തെറ്റിദ്ധാരണകൾ മാറ്റി, സഹായ പദ്ധതിയുടെ വിവരങ്ങൾ കൈമാറാനും ബിഷപ്പിന്റെ ആശയങ്ങൾ സ്വീകരിക്കാനും സാധിച്ചതായി ഗ്രീൻ പ്രസ്താവിച്ചു. മത പീഡനം അനുഭവിക്കുന്ന മദ്ധ്യ കിഴക്കൻ രാജ്യങ്ങളിൽ വിശ്വാസി സമൂഹങ്ങളുടെ നിലനില്‍പ്പിന് സംയുക്തമായി സഹായം എത്തിക്കുവാന്‍ കത്തോലിക്ക സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസും യുഎസ് എയിഡ് ഇന്റർനാഷ്ണലും ഈ മാസം ഉടമ്പടിയിൽ ഒപ്പുവച്ചിരുന്നു.

More Archives >>

Page 1 of 376