News - 2024
യുവജനങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശികളുടെ സഹായം ആവശ്യം: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
സ്വന്തം ലേഖകന്‍ 20-10-2018 - Saturday
വത്തിക്കാന്‍ സിറ്റി: ദൈവവിളികള്‍ തിരഞ്ഞെടുക്കാനും, അതിനനുസരിച്ചുള്ള ജീവിതം പരിശീലിപ്പിക്കാനും പ്രബോധകരെയും, ആത്മീയ ഗുരുക്കന്മാരെയും പ്രയോജനപ്പെടുത്തുന്ന പതിവ് സഭയിലുണ്ടെന്നും യുവജനങ്ങള്‍ക്കു ജീവിതാന്തസു തിരഞ്ഞെടുക്കുന്നതിന് മനഃശാസ്ത്രത്തിലും, സാങ്കേതിക വിദ്യകളിലും അവഗാഹം നേടിയ മാര്‍ഗ്ഗദര്‍ശികളെയും ഇന്ന് ആവശ്യമാണെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. റോമില്‍ യുവജനങ്ങള്‍ക്കായുള്ള സിനഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിമസഭയില്‍ ഗ്രീക്കുകാരുടെ വിധവകള്‍ക്കും ഭക്ഷണം എത്തിച്ചുകൊടുക്കുന്നതിന് സഭ ഡീക്കന്മാരെ നിയോഗിച്ചതായി അപ്പസ്തോല പ്രവര്‍ത്തനത്തില്‍ പറയുന്നുണ്ട്. അതുപോലെ പരിശുദ്ധാത്മാവ് സഭയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് ചിലരെ പ്രവാചകന്മാരായും അധ്യാപകരായും, ആദ്ഭുതപ്രവര്‍ത്തകരായും രോഗശാന്തി വരമുള്ളവരായും, ഉപദേശകരായും, ഭാഷാവരത്തില്‍ സംസാരിക്കുന്നവരായും ഒക്കെ നിയോഗിക്കുന്നു എന്ന് പൗലോസ് ശ്ലീഹായും പറയുന്നുണ്ട്.
ഇപ്രകാരം ആധുനികസഭയില്‍ വിവേകവും വിശുദ്ധിയുമുള്ള ആളുകളെ വിവിധ ശുശ്രൂഷകള്‍ക്കായി നിയോഗിച്ചാല്‍ ജീവിതത്തിലെ വിവിധ ആവശ്യങ്ങള്‍ക്കായി നട്ടംതിരിയുന്ന യുവതീയുവാക്കന്മാര്‍ക്ക് അതു സഹായകമാവും. ഇത്തരത്തിലുള്ള മാര്‍ഗ്ഗദര്‍ശനങ്ങള്‍ സമൂഹത്തിലെ പൊതുസേവനങ്ങള്‍ വിശിഷ്യ രാഷ്ട്രീയ സാമ്പത്തിക സാംസ്കാരിക രംഗങ്ങളിലെ സേവനങ്ങള്‍ക്കായി, വളരുന്ന തലമുറയെ പരിശീലിപ്പിക്കാന്‍ ഉപകരിക്കുമെന്നു കര്‍ദ്ദിനാള്‍ പറഞ്ഞു. 28ന് മാര്‍പാപ്പായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടുകൂടി സിനഡ് സമാപിക്കും.