News - 2024
ഭൗതികാവശിഷ്‌ടങ്ങൾ വിശുദ്ധ അംബ്രോസിന്‍റേതെന്ന് ശാസ്ത്രീയ സ്ഥിരീകരണം
സ്വന്തം ലേഖകന്‍ 20-10-2018 - Saturday
റോം: ഇറ്റലിയിൽ നടന്ന ഫോറൻസിക്ക് പരിശോധനയിൽ വിശുദ്ധ അംബ്രോസിന്റെതെന്ന് നൂറ്റാണ്ടുകളായി കരുതപ്പെടുന്ന ഭൗതികാവശിഷ്‌ടങ്ങൾ വിശുദ്ധന്റെതു തന്നെയെന്നു ശാസ്ത്രീയമായി സ്ഥിരീകരിച്ചു. ഇറ്റാലിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശുദ്ധ അംബ്രോസിന്റെ സഹോദരിയും വിശുദ്ധയുമായ മാർസലീനയ്ക്ക് അയച്ച ഒരു കത്തിൽ തന്റെ വലതു തോളെല്ലിനുളള വേദനയെ പറ്റിയും, കണ്‌ഠാസ്ഥിയിലുളള ഒരു പൊട്ടലു മൂലം ചലനശേഷിക്കു ബുദ്ധിമുട്ടുന്ന അവസ്ഥയെ പറ്റിയും വിവരിക്കുന്നുണ്ട്. ചെറുപ്പം മുതലെ കണ്‌ഠാസ്ഥിയിലെ വേദന വിശുദ്ധനെ അലട്ടിയിരുന്നു.
ഇതിനെ കേന്ദ്രീകരിച്ചു വിശുദ്ധന്റെ എല്ലുകളിൽ നടന്ന പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയായിരിന്നു. ഡോക്ടർ ക്രിസ്റ്റീന കട്ടാണിയോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫോറൻസിക്ക് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. ഗർവാസീസും പ്രോത്താസീസും എന്ന മിലാൻകാരായ രണ്ടു രക്തസാക്ഷികളുടെ ഭൗതികാവശിഷ്‌ടങ്ങളിലും പരിശോധന നടന്നു. ഗർവാസീസിനെയും പ്രോത്താസീസിനെയും അടക്കിയ സ്ഥലം വിശുദ്ധ അംബ്രോസ് സ്വപ്ന ദർശനത്തിൽ കണ്ടെത്തിയെന്നാണ് ചരിത്രം.
പിന്നീട് ഇവരുടെ ഭൗതികാവശിഷ്‌ടങ്ങൾ 'ദി ബസലിക്ക ഒാഫ് മാർട്ടിയേസ്' എന്ന് പേരിട്ട പുതിയതായി നിർമിക്കപ്പട്ട ഒരു ദേവാലയത്തിൽ വിശുദ്ധ അംബ്രോസ് അടക്കം ചെയ്യുകയായിരുന്നു. വിശുദ്ധ അംബ്രോസിനെയും ഈ ദേവാലയത്തിൽ തന്നെയാണ് അടക്കം ചെയ്തത്. ഒൻപതാം നൂറ്റാണ്ടിൽ ഒരു സന്യാസി ഇവരുടെ ഭൗതികാവശിഷ്‌ടങ്ങൾ മണ്ണിനടിയിൽ കുഴിച്ചിട്ടുവെങ്കിലും പത്തൊൻപതാം നൂറ്റാണ്ടില്‍ മൂന്നു വിശുദ്ധരുടെയും ഭൗതികാവശിഷ്‌ടങ്ങൾ കണ്ടെത്തുകയായിരിന്നു. ഇതിനെ സാധൂകരിച്ചാണ് ഫോറന്‍സിക് ഫലം പുറത്തുവന്നിരിക്കുന്നത്.