News - 2024
പരിശുദ്ധ കന്യകാമാതാവിന് പ്രാദേശികമുഖം നല്‍കി ഇന്തോനേഷ്യന്‍ മ്യൂസിയം
സ്വന്തം ലേഖകന്‍ 25-10-2018 - Thursday
ജക്കാര്‍ത്ത,: പരിശുദ്ധ കന്യകാമാതാവിനോടുള്ള ഇന്തോനേഷ്യയിലെ കത്തോലിക്കരുടെ സ്നേഹവും ആദരവും പ്രകടമാക്കി ‘മരിയ, ബുണ്ടാ സെഗാല സുകു’ (എല്ലാ ഗോത്രവംശങ്ങളുടേയും അമ്മ) എന്ന മ്യൂസിയം ശ്രദ്ധയാകര്‍ഷിക്കുന്നു. മരിയന്‍ സെന്റര്‍ ഇന്തോനേഷ്യയില്‍ (MCI) വെച്ച് ഇക്കഴിഞ്ഞ ശനിയാഴ്ച ജക്കാര്‍ത്തയിലെ മെത്രാപ്പോലീത്തയായ മോണ്‍. ഇഗ്നേഷ്യസ് സുഹാര്യോ ഹാജോട്ട്മോജോയാണ് മ്യൂസിയത്തിലെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ഇന്തോനേഷ്യന്‍ സ്ത്രീകളുടെ മുഖച്ഛായയോട് കൂടിയ പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രമാണ് മ്യൂസിയത്തിന്റെ പ്രധാന സവിശേഷത.
ഇന്തോനേഷ്യയുടെ ദേശീയ ചിഹ്നമായ 'ഗരുഡ പാന്‍കാസില'യും മാതാവിന്റെ ചിത്രത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഇന്തോനേഷ്യന്‍ പതാകയിലെ നിറങ്ങളായ വെള്ളയും, ചുവപ്പും നിറത്തോട് കൂടിയ മൂടുപടവും, രാജ്യത്തിന്റെ ഭൂപടം ആലേഖനം ചെയ്തിട്ടുള്ള കിരീടവും അണിഞ്ഞ് നില്‍ക്കുന്ന രീതിയിലുള്ള മാതാവിന്റെ ചിത്രം ശ്രദ്ധേയമാണ്. വിശ്വാസികളിലെ ദേശീയബോധവും, ഐക്യവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പടിഞ്ഞാറന്‍ ജക്കാര്‍ത്തയിലെ ഗോമസ് ഹാറുന്‍ എന്ന വ്യവസായി 2015-ല്‍ ഒരു ചിത്രമെഴുത്ത് മത്സരം സംഘടിപ്പിച്ചതോടെയാണ് മ്യൂസിയത്തിന്റെ ചരിത്രമാരംഭിക്കുന്നത്.
മാതാവിന്റെ രൂപത്തിന് പ്രാദേശിക ഭാവങ്ങള്‍ നല്‍കുക എന്ന ലക്ഷ്യവും മത്സരത്തിനു പിന്നിലുണ്ടായിരുന്നു. മധ്യ ജാവയിലെ കാലം ചെയ്ത മെത്രാപ്പോലീത്തയായ സെമാരംഗ്, മോണ്‍. ജോഹാനസ് മരിയ ത്രിലാക്സ്യാന്ത പൂജാ സുമാത്ര, കര്‍ദ്ദിനാള്‍ ജൂലിയസ് ധര്‍മ്മാദ്ജാ, മുന്‍ അപ്പസ്തോലിക പ്രതിനിധിയായ മോണ്‍. അന്റോണിയോ ഗൈഡോ ഫിലിപ്പാസി തുടങ്ങിയവരുടെ പൂര്‍ണ്ണ പിന്തുണയോടെയായിരുന്നു മത്സരം സംഘടിപ്പിച്ചത്. 2017-ലാണ് മത്സര വിജയിയെ പ്രഖ്യാപിച്ചത്. ജക്കാര്‍ത്തയിലെ റോബര്‍ട്ടൂസ് ഗുണാവന്‍ എന്ന കത്തോലിക്ക വിശ്വാസിയായിരിന്നു മത്സര വിജയി.
കഴിഞ്ഞ ജനുവരിയില്‍ ഗുണാവന്‍ വരച്ച മാതാവിന്റെ ചിത്രത്തെ ദേശീയ ഐക്യത്തിന്റെ അടയാളമെന്ന നിലയില്‍ എല്ലാ ഗോത്രവര്‍ഗ്ഗക്കാരുടേയും അമ്മയായി മോണ്‍. സുഹാര്യോ പ്രഖ്യാപക്കുകയായിരുന്നു. മത്സരാര്‍ത്ഥികള്‍ വരച്ച നിരവധി ചിത്രങ്ങള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നിരവധിപേരാണ് ഈ മ്യൂസിയം സന്ദര്‍ശിക്കുവാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.