News - 2024
അറേബ്യന്‍ മേഖലയിലെ ഏറ്റവും വലിയ കത്തോലിക്ക യുവജന കൂട്ടായ്മ റാസല്‍ഖൈമയില്‍
സ്വന്തം ലേഖകന്‍ 25-10-2018 - Thursday
റാസല്‍ ഖൈമ: അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ യുവജന കൂട്ടായ്മയ്ക്കു വേദിയാകുവാന്‍ റാസല്‍ഖൈമ ഒരുങ്ങുന്നു. 'കത്തോലിക്ക യൂത്ത് കോണ്‍ഫറന്‍സ് ഇന്‍ അറേബ്യ' (ACYC 2018) യുടെ മൂന്നാമത് ദ്വിദിന യുവജന കോണ്‍ഫറന്‍സിനാണ് റാസല്‍ഖൈമ വേദിയാകുന്നത്. നാളെയും നാളെ കഴിഞ്ഞുമായി നടക്കുന്ന കോണ്‍ഫറന്‍സില്‍ ഏഴോളം അറബ് രാഷ്ട്രങ്ങളില്‍ നിന്നുമായി 18-നും 35-നും ഇടക്ക് പ്രായമുള്ള ആയിരത്തിലധികം കത്തോലിക്കാ യുവജനങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റാസല്‍ഖൈമയിലെ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വെച്ച് നടക്കുന്ന കോണ്‍ഫറന്‍സില്‍ യു.എ.ഇ, ഒമാന്‍, കുവൈറ്റ്, ബഹ്‌റൈന്‍, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളിലെ ഇടവകകള്‍ക്ക് പുറമേ, ഹാഷ്മൈറ്റ് കിംഗ്ഡം ഓഫ് ജോര്‍ദ്ദാനിലെ ഒരു സംഘവും പങ്കെടുക്കും. യുവജനങ്ങളെ ആസ്പദമാക്കി റോമില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മെത്രാന്‍ സിനഡിന്റെ അവസാന ഘട്ടത്തിലായിരിക്കും, അറേബ്യന്‍ യുവജന കോണ്‍ഫറന്‍സും നടക്കുന്നുയെന്നത് ശ്രദ്ധേയമാണ്.
വിശുദ്ധ കുര്‍ബാന, ആരാധന, പ്രാര്‍ത്ഥനകള്‍, പ്രചോദനാത്മകമായ പ്രഭാഷണങ്ങള്‍, സാക്ഷ്യങ്ങള്‍, പ്രാദേശിക മ്യൂസിക് ബാന്‍ഡുകളായ എബ്ലേസ്, മാസ്റ്റര്‍പ്ലാന്‍, ഇന്‍സൈഡ്ഔട്ട്, കൊഹെയേഴ്സ്, റെഡീമേഴ്സ് തുടങ്ങിയവരുടെ ഹൃദയം തൊട്ടുണര്‍ത്തുന്ന സംഗീത പരിപാടികളുമാണ് കോണ്‍ഫറന്‍സിന്റെ മുഖ്യ ആകര്‍ഷണങ്ങള്‍. കാന്‍ബറയിലെ മെത്രാപ്പോലീത്തയായ ക്രിസ്റ്റഫര്‍ പ്രോസെ, പോളിന്‍ ബുക്സ് & മീഡിയയുടെ എഴുത്തുകാരിയും, പ്രഭാഷകയും, ഗായികയുമായ സിസ്റ്റര്‍ ആന്നെ ഫ്ലാനഗന്‍, ജോര്‍ദ്ദാനിലെ യുവജന ചാപ്ലൈനായ ഫാ. വില്ല്യം മാന്‍സോര്‍, കരിസ്മാറ്റിക് പ്രസ്ഥാനങ്ങളില്‍ സജീവമായ മാര്‍ക്ക് നിമോ ഉള്‍പ്പെടുന്ന പ്രമുഖരാണ് മുഖ്യ പ്രഭാഷകര്‍.
വടക്കന്‍ അറേബ്യയിലെ അപ്പസ്തോലിക വികാറായ കാമില്ലോ ബാല്ലിന്‍, കുവൈറ്റ്, ബഹ്‌റൈന്‍, യു.എ.ഇ. എന്നിവിടങ്ങളിലെ അപ്പസ്തോലിക പ്രതിനിധി ഫ്രാന്‍സിസ്കോ മോണ്ടെസില്ലോ പാഡില്ല മെത്രാപ്പോലീത്ത തുടങ്ങിയവര്‍ക്ക് പുറമേ അറേബ്യന്‍ മേഖലയിലെ അപ്പസ്തോലിക പ്രതിനിധി സംഘവും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതായിരിക്കും. നൂറിലേറെ യുവതീയുവാക്കളാണ് കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിന് വേണ്ട തയ്യാറെടുപ്പുകളില്‍ മുഴുകിയിരിക്കുന്നത്.