News

പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് നേരിട്ട് സഹായം സ്വീകരിക്കുവാന്‍ അവസരം

സ്വന്തം ലേഖകന്‍ 23-10-2018 - Tuesday

കേരള മണ്ണിനെ കവര്‍ന്നെടുത്ത പ്രളയ ദുരന്തത്തിന്റെ ഏങ്ങലടികള്‍ ഇനിയും നിലച്ചിട്ടില്ല. ഒറ്റ നിമിഷം കൊണ്ട് കിടപ്പാടവും ഇതുവരെയുള്ള സര്‍വ്വ സമ്പാദ്യങ്ങളും നഷ്ടപ്പെട്ടതു പതിനായിരങ്ങള്‍ക്കാണ്. കുത്തിയൊഴുകിയെത്തിയ മലവെള്ളത്തിലും കരകവിഞ്ഞും ഗതിമാറിയും ഒഴുകിയ പുഴകളും കര്‍ഷക ഹൃദയങ്ങള്‍ക്ക് ഏല്‍പ്പിച്ചത് കൊടിയ വേദന തന്നെയാണെന്ന് പറയാതെ വയ്യ. സര്‍വ്വതും നഷ്ട്ടപ്പെട്ട പതിനായിരങ്ങളുടെ നൊമ്പരത്തിനു ഇനിയും അറുതിയായിട്ടില്ല. ദുരിതത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നതിന് മുന്‍പ് പുതിയ എക്സ്ക്ളൂസീവ് വാര്‍ത്തകള്‍ തേടിപ്പോയ മാധ്യമങ്ങള്‍ക്കു മുന്നില്‍ നിസ്സഹായരാണ് പലരും. അന്തിയുറങ്ങാന്‍ ഭവനമില്ലാതെ, ജീവിതമാര്‍ഗ്ഗത്തിന് മുന്നോട്ട് ഉപാധികളില്ലാതെ വയനാട്ടില്‍ മാത്രം നാലോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കേരളത്തില്‍ അങ്ങോളമിങ്ങോളം നാം അറിഞ്ഞതും അറിയാത്തതുമായ ഇങ്ങനെ എത്രയോ സംഭവങ്ങള്‍.

ഈ സാഹചര്യത്തില്‍, നിസ്സഹായവസ്ഥയിലൂടെ കടന്നുപോകുന്ന പ്രളയ ബാധിതരായ സാധാരണക്കാരെ ലക്ഷ്യംവച്ച് പ്രവാചക ശബ്ദം ന്യൂസ് പോര്‍ട്ടല്‍ Let Us Help എന്ന പുതിയ പദ്ധതി ആരംഭിക്കുകയാണ്. പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് സഹൃദയരായ വ്യക്തികളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും നേരിട്ട് സഹായം സ്വീകരിക്കുവാൻ അവസരം ഒരുക്കുന്നതാണ് ഈ പദ്ധതി. ജാതിമത ഭേദമില്ലാതെ എല്ലാവർക്കും സഹായത്തിനായി അപേക്ഷിക്കാം.

സഹായം ആവശ്യമുള്ളവർ ചെയ്യേണ്ട കാര്യങ്ങൾ: ‍

1. മുകളിൽ കൊടുത്തിരിക്കുന്ന New Appeal ‍ ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന Online Appeal Form-ൽ കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തുക.

2. നിങ്ങളുടെ അവസ്ഥയും സാഹചര്യങ്ങളും പ്രളയത്തിൽ സംഭവിച്ച നാശനഷ്ടങ്ങളും വ്യക്തമായി മലയാളം Unicode-ൽ ടൈപ്പ് ചെയ്ത് ഉൾപ്പെടുത്തുക.

3. നാശനഷ്ടങ്ങൾ വ്യക്തമാകുന്ന ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക.

4. അപേക്ഷ സമർപ്പിക്കുന്നവരുടെ ആവശ്യം സത്യസന്ധമാണെന്ന് ഉറപ്പുവരുത്തുന്നതിനായി കത്തോലിക്കാ വിശ്വാസികൾ അവരുടെ ഇടവക ദേവാലയത്തിന്റെയും, കത്തോലിക്കാ വിശ്വാസികളല്ലാത്തവരും മറ്റു മതവിശ്വാസികളും അവരുടെ അടുത്തുള്ള കത്തോലിക്കാ ദേവാലയത്തിന്റെയും അവിടുത്തെ ഇടവക വികാരിയുടെയും വിവരങ്ങൾ രേഖപ്പെടുത്തുകയും, അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി ഈ വൈദികനെ വിവരം അറിയിക്കുകയും വേണം. അപേക്ഷയുടെ സത്യസന്ധതയിൽ ഏതെങ്കിലും രീതിയിലുള്ള സംശയം തോന്നിയാൽ ഈ വൈദികനുമായി ബന്ധപ്പെട്ട് പ്രവാചക ശബ്ദം ടീം അതിന്റെ സത്യസന്ധത ഉറപ്പുവരുത്തുന്നതായിരിക്കും.

5. ഈ അപേക്ഷകൾ Submit ചെയ്തു കഴിയുമ്പോൾ ഇതു സത്യസന്ധമാണെന്നു ഉറപ്പു വരുത്തിയതിനു ശേഷം പ്രവാചക ശബ്ദത്തിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഈ വിവരങ്ങൾ ലോകം മുഴുവനുമുള്ള അനേകരിലേക്ക് എത്തിക്കും.

ഓരോ ദിവസവും ആയിരങ്ങള്‍ വായിക്കുന്ന പ്രവാചക ശബ്ദം പോര്‍ട്ടലില്‍ സഹായ അഭ്യര്‍ത്ഥന കാണുന്ന സുമനസ്സുകള്‍ കരുണയുടെ കരം നീട്ടി സാന്ത്വനമേകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. പ്രളയക്കെടുതിയില്‍ മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയവര്‍ക്ക്, പുതുജീവിതം ആരംഭിക്കുവാന്‍ സഹായിക്കുന്ന ഈ പദ്ധതി ഏവരും ഉപയോഗപ്പെടുത്തണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

More Archives >>

Page 1 of 377