News - 2024
അമൃത്‌സര്‍ ട്രെയിന്‍ അപകടം: പ്രാര്‍ത്ഥന അറിയിച്ച് ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 24-10-2018 - Wednesday
വത്തിക്കാന്‍ സിറ്റി: രാജ്യത്തെ നടുക്കിയ അമൃത്‌സര്‍ ട്രെയിൻ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചാണ് വത്തിക്കാനില്‍ നിന്നും ജലന്ധറിലെ പ്രാദേശിക സഭ ആസ്ഥാനത്തേയ്ക്കു ടെലിഗ്രാം സന്ദേശം അയച്ചത്. അപകടത്തില്‍ മുറിപ്പെട്ടവര്‍ക്കും വേദനിക്കുന്നവര്‍ക്കും സമാശ്വാസവും പ്രാര്‍ത്ഥനയും നേരുന്നതായും അടിയന്തിര സഹായത്തിന് ഓടിയെത്തിയ ജനങ്ങളെയും സര്‍ക്കാര്‍ സംഘത്തിന് നന്ദി അറിയിക്കുന്നതായും സന്ദേശത്തില്‍ പറയുന്നു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ വഴിയാണ് ജലന്ധറിലെ സഭാധികാരികള്‍ക്ക് പാപ്പ സന്ദേശം അയച്ചത്.
ഒക്ടോബര്‍ 19 വെള്ളിയാഴ്ച വൈകുന്നേരം അമൃത്‌സറിനടുത്ത് ജോദ ഫഠക്ക് മേഖലയിൽ ‘ധോബി ഘാട്ട്’ മൈതാനത്തിനു സമീപത്തെ ട്രാക്കിലായായിരുന്നു ട്രെയിൻ ദുരന്തം. ദസറ ആഘോഷത്തിനിടെ ‘രാവണ ദഹനം’ നടക്കുമ്പോൾ സമീപത്തെ റെയിൽപാളത്തിൽ നിന്നവരാണ് ജലന്ധറിൽ നിന്ന് അമൃത്‌സറിലേക്കു പോവുകയായിരുന്ന ട്രെയിനിടിച്ചു മരിച്ചത്. ദുരന്തത്തില്‍ 63 പേര്‍ക്ക് മരിക്കുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുരന്തത്തില്‍ ദേശീയ മെത്രാന്‍ സമിതിയും അനുശോചനം രേഖപ്പെടുത്തിയിരിന്നു.