News - 2024

തീവ്ര ഗര്‍ഭഛിദ്ര നിയമത്തിനായുളള പ്രമേയവുമായി ബ്രിട്ടീഷ് പാര്‍ലമെന്‍റ്

സ്വന്തം ലേഖകന്‍ 24-10-2018 - Wednesday

ലണ്ടന്‍: ഗര്‍ഭഛിദ്രത്തിനെതിരെയുളള നിയന്ത്രണങ്ങൾ പൂർണമായും എടുത്തു കളയാൻ ഉതകുന്ന തീവ്ര ഗര്‍ഭഛിദ്ര നിയമത്തിനായുളള പ്രമേയം ബ്രിട്ടീഷ് പാര്‍ലമെന്‍റിലെ ജനസഭയായ ഹൗസ് ഒാഫ് കോമൺസ് പാസാക്കി. പത്തു മിനിറ്റിൽ ഒരു പ്രമേയം സഭയിൽ അവതരിപ്പിച്ച് വോട്ടിനിടാൻ ബ്രിട്ടീഷ് പാര്‍ലമെന്‍ററി നിയമം അനുശാസിക്കുന്ന "ടെൻ മിനിറ്റ് റൂൾ മോഷൻ" എന്ന നടപടി ക്രമത്തിലൂടെയാണ് ബ്രിട്ടണിലെ ലേബർ പാർട്ടിയുടെ പാര്‍ലമെന്‍റ് അംഗമായ ഡയാനാ ജോൺസൺ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിന് അനുകൂലമായി ഇരുനൂറ്റിയെട്ടു വോട്ടും, പ്രമേയത്തിനെ എതിർത്ത് നൂറ്റിഇരുപത്തിമൂന്ന് വോട്ടുമാണ് ലഭിച്ചത്.

പ്രസ്തുത പ്രമേയം നിയമനിർമ്മാണത്തിൽ കലാശിച്ചാൽ ബ്രിട്ടനിലും, ഗര്‍ഭഛിദ്ര വിരുദ്ധ നിയമം കർശനമായ ഉത്തര അയർലണ്ടിലും അബോര്‍ഷനെതിരെയുളള നിയന്ത്രണങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ഇപ്പോൾ ഇരുപത്തിനാലു ആഴ്ച വരെയാണ് അബോർഷൻ നടത്താൻ ബ്രിട്ടനിൽ അനുവാദം ഉള്ളത്. എന്നാൽ 'ടെൻ മിനിറ്റ് റൂൾ മോഷൻ' സാധാരണ ഒരു നിയമനിർമ്മാണത്തിൽ കലാശിക്കാൻ സാധ്യത ഇല്ലാത്തതിനാൽ, ഡയാന ജോൺസൺ അവതരിപ്പിച്ച പ്രമേയത്തിനും വലിയ പ്രസക്തി ഇല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

അതേസമയം ഗര്‍ഭഛിദ്രത്തിനെതിരെയുളള നിയന്ത്രണങ്ങൾ പൂർണമായും എടുത്തു കളയാൻ ഇങ്ങനെയുളള പ്രമേയങ്ങൾ മൂലം കളമൊരുങ്ങുന്നുവെന്നു പ്രോ ലെെഫ് സംഘടനകൾ ആശങ്ക പങ്കുവെയ്ക്കുന്നുമുണ്ട്.

More Archives >>

Page 1 of 378