News - 2024

സുവിശേഷ പ്രഘോഷണത്തിന് ഇന്റര്‍നെറ്റ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സിനഡ് അംഗങ്ങള്‍

സ്വന്തം ലേഖകന്‍ 24-10-2018 - Wednesday

വത്തിക്കാന്‍ സിറ്റി: സുവിശേഷ പ്രഘോഷണത്തിന് ഇന്‍റര്‍നെറ്റ് അടക്കമുള്ള മാധ്യമങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വത്തിക്കാനില്‍ നടക്കുന്ന മെത്രാന്‍ സിനഡില്‍ അഭിപ്രായമുയര്‍ന്നു. സോഷ്യല്‍ മീഡിയയുടെ ഭാഷയും, വ്യാകരണവും ശരിക്കും അറിയാവുന്നത് യുവജനങ്ങള്‍ക്കാണെന്നും, സുവിശേഷ പ്രഘോഷണത്തില്‍ യുവജനതയെ പങ്കെടുപ്പിക്കാന്‍ സഭക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും നല്ല വേദിയാണ് ഇന്റര്‍നെറ്റെന്നും ബ്രസീലില്‍ നിന്നുമുള്ള ഫാ. വാള്‍ഡിര്‍ ജോസ് കാസ്ട്രോ പറഞ്ഞു.

മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ യുവത്വത്തെ ഒന്നിപ്പിക്കുന്നതില്‍ അറബി ഭാഷയിലുള്ള ഓണ്‍ലൈന്‍ മതബോധന പദ്ധതി പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ലെബനനില്‍ നിന്നുള്ള ജോസഫ് നാഫാ എന്ന മെത്രാന്‍ സാക്ഷ്യപ്പെടുത്തി. മതബോധനവും, വേദോപദേശവും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുവാനുള്ള സംവിധാനവും സഭ പരിഗണിക്കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു.

മധ്യപൂര്‍വ്വേഷ്യയിലെ നിരവധി യുവതീ-യുവാക്കളുമായി ഇന്റര്‍നെറ്റ് മുഖാന്തിരം ബന്ധപ്പെടുവാനും, അവരുമായി സംവദിക്കുവാനും തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ വഴി യേശുവിനെ അറിയുകയും അംഗീകരിക്കുകയും ചെയ്ത നിരവധി പേരുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലെബനനിലെ ജൌബ്ബെ, സര്‍ബ്ബാ, ജൗണി മാരോനൈറ്റ് കത്തോലിക്ക രൂപതയുടെ സഹായ മെത്രാനാണ് ജോസഫ് നാഫാ. കഴിഞ്ഞ 5 വര്‍ഷമായി ബിഷപ്പ് നാഫാ ഓണ്‍ലൈന്‍ മതബോധന പരിപാടി നടത്തിവരുന്നുണ്ട്.

അറബി സംസാരിക്കുന്ന ഏതാണ്ട് അഞ്ഞൂറോളം കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍ ഈ പരിപാടിയിലൂടെ തങ്ങളുടെ വിശ്വാസ കാര്യങ്ങള്‍ പങ്ക് വെച്ചിട്ടുണ്ട്. തടവറകളില്‍ കഴിയുന്ന യുവാക്കളും, അംഗപരിമിതരും വരെ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ബിഷപ്പ് നാഫാക്ക് പുറമേ ആഫ്രിക്ക, സൗത്ത് അമേരിക്ക, മധ്യപൂര്‍വ്വേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള സിനഡ് പിതാക്കളും ഡിജിറ്റല്‍ യുഗത്തിലെ മതബോധനത്തെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്ക് വെക്കുകയുണ്ടായി. ആഫ്രിക്കയിലെ യുവജനങ്ങള്‍ക്കിടയില്‍ താന്‍ നടത്തിക്കൊണ്ടിരിക്കുന്ന ദിവസം തോറുമുള്ള ഓണ്‍ലൈന്‍ ബൈബിള്‍ വിചിന്തന പരിപാടിയും യുവാക്കളെ വലിയതോതില്‍ സ്വാധീനിക്കുന്നുണ്ടെന്ന് ഘാനയിലെ ഹോ രൂപതയില്‍ നിന്നുമുള്ള മെത്രാനായ കോഫി ഫിയാന്നു പ്രസ്താവിച്ചു.

More Archives >>

Page 1 of 378