Life In Christ - 2025

ഈശോയെ അടുത്തറിയാന്‍ അമേരിക്കന്‍ സ്കൂളില്‍ 'ദിവ്യകാരുണ്യ ആരാധന ക്ലബ്'

സ്വന്തം ലേഖകന്‍ 18-01-2019 - Friday

സൗത്ത് ബെന്‍ഡ്: സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ ക്ലബ്ബുകള്‍ സ്ഥാപിക്കുന്നതില്‍ പുതുമയൊന്നുമില്ലെങ്കിലും, ഇന്ത്യാനയിലെ സെന്റ്‌ ജോസഫ് ഗ്രേഡ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി രൂപീകരിച്ച ക്ലബാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കായി ദിവ്യകാരുണ്യ ആരാധനാ ക്ലബാണ് സ്കൂളില്‍ രൂപീകരിച്ചിരിക്കുന്നത്. ദിവ്യകാരുണ്യ ആരാധനക്കായി സമയം കണ്ടെത്തുന്നതിനും, ദിവ്യകാരുണ്യ ഈശോയ്ക്കു മുന്നില്‍ തങ്ങളുടെ സമയം എപ്രകാരം വിനിയോഗിക്കണമെന്നും കുട്ടികളെ പഠിപ്പിക്കുവാനും, ക്രിസ്തുവുമായുള്ള കുട്ടികളുടെ ബന്ധം ദൃഡപ്പെടുത്തുന്നതിനുമായാണ് ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്.

വരുന്ന ജനുവരി 31-നാണ് ക്ലബ്ബ് പ്രവര്‍ത്തനമാരംഭിക്കുക. ആഴ്ചയിലൊരിക്കലായിരിക്കും ക്ലബ്ബിന്റെ കൂട്ടായ്മ. ദിവ്യകാരുണ്യത്തോടുള്ള വണക്കം, എപ്രകാരം ആരാധനയില്‍ പങ്കുചേരണം, ദിവ്യകാരുണ്യ ആരാധനയുടെ ചരിത്രം, ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ലഘു ക്ലാസ്സുകള്‍ക്ക് ശേഷം, ചാപ്പലില്‍ സ്തുതിഗീതങ്ങളുടെ അകമ്പടിയോടെ ഒരു മണിക്കൂറോളം ആരാധനയും നടത്തും. ഭക്തിസാന്ദ്രമായ ജപമാലയും, വിശുദ്ധ ലിഖിതങ്ങളെക്കുറിച്ചും, സുവിശേഷങ്ങളെക്കുറിച്ചുമുള്ള വിചിന്തനങ്ങളും ആരാധനയുടെ ഭാഗമായുണ്ടാകും. സെന്റ്‌ ജോസഫ് ഗ്രേഡ് സ്കൂളിലെ സെക്കന്‍ഡ് ഗ്രേഡ് ടീച്ചറായ കാതറിന്‍ സോപെര്‍ ആണ് ക്ലബ്ബ് രൂപീകരണത്തിന് മുന്‍കൈ എടുത്തത്.

യേശുവുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിനുള്ള അടങ്ങാത്ത ആഗ്രഹം കുട്ടികളുടെ ഉള്ളിലുണ്ടെന്നും, അതിനായി അവരെ ഒരുക്കുകയും, നിശബ്ദതയില്‍ ധ്യാനിക്കുവാനും, പ്രാര്‍ത്ഥിക്കുവാനും അവര്‍ക്ക് അവസരം നല്‍കുകയുമാണ്‌ ക്ലബ്ബിന്റെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദിവ്യകാരുണ്യത്തിന് മുന്നില്‍ ചിലവഴിക്കുവാന്‍ അല്‍പ്പനേരം ലഭിക്കുന്നതോര്‍ത്ത് കുട്ടികള്‍ ആവേശഭരിതരാണെന്ന് സോപെര്‍ പറഞ്ഞു. ഇരുപതിലധികം കുട്ടികള്‍ ഇതുവരെ ക്ലബ്ബില്‍ ചേര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യാനയിലെ സെന്റ്‌ ജോസഫ് ഗ്രേഡ് സ്കൂള്‍ കാണിച്ചു തന്ന മഹത്തായ മാതൃക ലോകമെങ്ങുമുള്ള കത്തോലിക്ക സ്കൂളുകള്‍ മാതൃകയാക്കണമെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.

More Archives >>

Page 1 of 6