News

ഗുഡ് ബൈ പനാമ: ഇനി പോര്‍ച്ചുഗലില്‍ കാണാം

സ്വന്തം ലേഖകന്‍ 28-01-2019 - Monday

പനാമ സിറ്റി: ലക്ഷകണക്കിന് യുവജനങ്ങള്‍ക്ക് വിശ്വാസത്തിന്റെ പുത്തന്‍ അനുഭവം പകര്‍ന്നു പതിനാലാമത് ലോക ലോക യുവജന സംഗമത്തിന് പനാമയില്‍ ആവേശകരമായ സമാപനം. പതിനഞ്ചാമത് ലോക യുവജന സംഗമത്തിന് പോർച്ചുഗലിലെ ലിസ്ബൺ വേദിയാകും. ഇന്നലെ ഫ്രാൻസിസ് പാപ്പ അർപ്പിച്ച ദിവ്യബലിക്കുശേഷം, അൽമായർക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള ഡിക്കാസ്റ്ററി തലവൻ കർദ്ദിനാൾ കെവിൻ ഫാരലാണ് അടുത്ത വേദി പ്രഖ്യാപിച്ചത്. വലിയ ആരവത്തോടെയാണ് പോർച്ചുഗലില്‍ നിന്നുള്ള യുവജനങ്ങള്‍ പ്രഖ്യാപനത്തെ വരവേറ്റത്.

വർണ്ണ പതാകകൾ വീശിയും പോസ്റ്ററുകള്‍ ഉയര്‍ത്തിയും പോര്‍ച്ചുഗല്‍ പതാക വീശിയും യുവജനങ്ങള്‍ സന്തോഷം പ്രകടിപ്പിച്ചു. ആവേശത്തില്‍ മതി മറന്ന്‍ മെത്രാന്‍മാരും വൈദികരും പതാക വീശിയത് ശ്രദ്ധേയമായി. നേരത്തെ ലോക യുവജനസംഗമത്തിന് ആതിഥേയത്വം വഹിക്കാൻ പോർച്ചുഗീസ് സഭ അപേക്ഷിച്ചിട്ടുണ്ടെന്ന് ദേശീയ മെത്രാന്‍ സമിതി അധ്യക്ഷനും ലിസ്ബൺ കർദിനാളുമായ മാനുവൽ ക്ലെമന്റ് സ്ഥിരീകരിച്ചതോടെയാണ് 2022ലെ വേദി പോർച്ചുഗലാകുമെന്ന ഊഹാപോഹങ്ങൾ ശക്തമായത്.

ലിസ്ബണിലെ വേൾഡ് യൂത്ത് ഡേ, പോർച്ചുഗലിലെ കത്തോലിക്കാ യാഥാർത്ഥ്യം ലോകത്തിന് പരിചയപ്പെടാനുള്ള ആമൂല്യ അവസരമായിരിക്കുമെന്ന് ഫാത്തിമാ സോഷ്യൽ കമ്മ്യൂണിക്കേഷൻ സെന്റർ മുൻ കോർഡിനേറ്റർ ലിയോപോൾഡിന സിമോസ് പ്രതികരിച്ചു. ലോക യുവജന ദിന ആഘോഷങ്ങളുടെ നാല് പതിറ്റോണ്ടോട് അടുക്കുന്ന ചരിത്രത്തിൽ ആദ്യമായാണ് പോർച്ചുഗൽ വേദിയാകുന്നത്. 2022 ജൂലൈ മാസത്തിലാകും അടുത്ത യുവജന സംഗമം നടക്കുക.


Related Articles »