News - 2025

പാപ്പ സമര്‍പ്പിച്ച അമേരിക്കൻ ഭൂഖണ്ഡത്തിലെ പ്രഥമ ബലിപീഠം ഇനി പനാമയ്ക്കു സ്വന്തം

സ്വന്തം ലേഖകന്‍ 31-01-2019 - Thursday

പനാമ സിറ്റി: ലോക യുവജന സംഗമത്തിൽ പങ്കെടുത്ത ഫ്രാൻസിസ് മാർപാപ്പ മടങ്ങുന്നതിന് മുന്‍പ് പനാമയ്ക്ക് സമ്മാനിച്ചത് മഹത്തരമായ സമ്മാനം. തലസ്ഥാന നഗരിയിലെ കത്തീഡ്രൽ ദേവാലയത്തിലെ ബലിപീഠം സമർപ്പണം നടത്തിയതോടെ മാർപാപ്പയാൽ സമർപ്പണം നടത്തപ്പെട്ട അമേരിക്കൻ ഭൂഖണ്ഡത്തിലെ ആദ്യത്തെ ബലിപീഠം എന്ന ഖ്യാതി പനാമയ്ക്ക് സ്വന്തമായി. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ബലിപീഠത്തെ രണ്ടു രീതിയിലാണ് നോക്കി കാണുന്നത്. യാഗത്തിന്റെ ബലിപീഠമായും വിശ്വാസികളുടെ മധ്യേ സന്നിഹിതനായ ക്രിസ്തുവിനെയുമാണ് ബലിപീഠം സൂചിപ്പിക്കുന്നത്.

ഇതിനാലാണ് ബലിപീഠത്തിന്റെ മുൻപിലൂടെ കടന്നു പോകുമ്പോൾ ബലിപീഠത്തെ നോക്കി ബഹുമാനം കൊണ്ട് വണങ്ങുന്നത്. ഈ മേശയിൽ അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവുമായി മാറേണ്ടതുളളതു കൊണ്ട് ബലിപീഠം അഭിഷേകം ചെയ്യപ്പെട്ടിരിക്കണം. അപ്രകാരമുള്ള അഭിഷേകമാണ് ജനുവരി ഇരുപത്തിയാറാം തീയതി പനാമയിലെ സെന്റ് മേരിസ് കത്തീഡ്രലിൽ വച്ച് ഫ്രാൻസിസ് മാർപാപ്പ നടത്തിയത്. കത്തീഡ്രലിന്റെ ബലിപീഠത്തിൽ വിശുദ്ധ മാർട്ടിൻ ഡി പോറസ്, ലിമായിലെ വിശുദ്ധ റോസ്, വിശുദ്ധ ഓസ്കർ റൊമേറോ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തുടങ്ങിയവയുടെ തിരുശേഷിപ്പുകള്‍ ഫ്രാൻസിസ് മാർപാപ്പ സ്ഥാപിച്ചു.

ക്രിസ്തുവും, വിശുദ്ധരും തമ്മിലുള്ള ഐക്യത്തെയാണ് ഇപ്രകാരം ചെയ്യുന്നത് വഴി സൂചിപ്പിക്കുന്നത്. അൾത്താരയുടെ നാലു വശങ്ങളിലായി കുരിശാകൃതിയിൽ വിശുദ്ധ തൈലം മുദ്രണം ചെയ്തു പാപ്പ ബലിപീഠത്തെ വിശുദ്ധീകരിച്ചു. ശേഷമാണ് ദൈവസന്നിധിയിലേക്ക് ഉയരുന്ന ജനങ്ങളുടെ പ്രാർത്ഥനയെ സൂചിപ്പിച്ചു പാപ്പ ധൂപാര്‍പ്പണം നടത്തിയത്. അസാധാരണമായി മാത്രമേ പാപ്പയുടെ കാര്‍മ്മികത്വത്തില്‍ ബലിപീഠ സമർപ്പണം നടക്കാറുള്ളൂ. വിശുദ്ധ പത്രോസിന്റെ പിൻഗാമിയാൽ സമർപ്പണം നടത്തപ്പെട്ട അമേരിക്കൻ ഭൂഖണ്ഡത്തിലെ ആദ്യത്തെ ബലിപീഠം തങ്ങളുടേതാണെന്ന് ഇനി പനാമയ്ക്ക് അഭിമാനിക്കാം.


Related Articles »